ഐ.സി.യു. പീഡനക്കേസ്; മൊഴിയെടുത്ത ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്..


കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ മൊഴിരേഖപ്പെടുത്തുന്നതില്‍ പരിശോധന നടത്തിയ ഡോ. കെ.വി. പ്രീതിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി. ജേക്കബ് കഴിഞ്ഞദിവസം ഉത്തരമേഖലാ ഐ.ജി കെ. സേതുരാമന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യംപറയുന്നത്. ഡോ. കെ.വി. പ്രീതിയുടെ പേരില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഐ.ജിക്ക് പരാതി നല്‍കിയിരുന്നു.

ഡോ. പ്രീതിയുടെ പരിശോധന നടക്കുന്നതിനുമുമ്പ് അതിജീവിത പോലീസിന് നല്‍കിയ മൊഴിയിലും പരിശോധനയ്ക്കുശേഷം വൈകീട്ട് മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കൊടുത്ത പരാതിയിലും ഒരേകാര്യങ്ങളാണ് പറയുന്നത്. പ്രതി, തന്നെ ഉപദ്രവിച്ചതെങ്ങനെയാണെന്ന് അതിജീവിത ഈ മൊഴികളിലും പരാതികളിലുമെല്ലാം ഒരുപോലെ വ്യക്തമാക്കുന്നുണ്ട്. ഇതേകാര്യങ്ങള്‍ ഡോ. പ്രീതിയോടും പറഞ്ഞതായാണ് അതിജീവിത എ.സി.പിക്കും മൊഴി നല്‍കിയിരിക്കുന്നത്.

എന്നാല്‍, കേസ് ഹിസ്റ്ററി എഴുതേണ്ട സ്ഥലത്ത് ഡോ. പ്രീതി ഇക്കാര്യമല്ല രേഖപ്പെടുത്തിയത്. ഡോക്ടറുടെ അഭിപ്രായം എഴുതേണ്ട സ്ഥലത്ത് ഒന്നുമെഴുതിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇത് കേസിനെ ഗുരുതരമായി ബാധിക്കാന്‍ ഇടയില്ലെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.


ഡോ. പ്രീതി പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഒരു ജൂനിയര്‍ ഡോക്ടര്‍ ഒപ്പമുണ്ടായിരുന്നതായി ഡോ. പ്രീതിയും ഈ ജൂനിയര്‍ ഡോക്ടറും മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇങ്ങനെയൊരു ഡോക്ടറെ കണ്ടിട്ടില്ലെന്ന് അതിജീവിതയും ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി. അനിതയും മറ്റുരണ്ട് നഴ്സിങ് ഓഫീസര്‍മാരും മൊഴിനല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. പ്രീതിക്കൊപ്പം ഒരു ജൂനിയര്‍ ഡോക്ടറുള്ളത് രേഖയിലില്ലെന്ന് പോലീസുദ്യോഗസ്ഥന്റെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്.

അതിജീവിതയുടെയും സമരസമിതിയുടെയും ആവശ്യം ന്യായമാണെന്ന് റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് സമരസമിതി പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ പറഞ്ഞു. തെളിവുനശിപ്പിക്കാന്‍ ശ്രമിക്കുകയും അതിന് കൂട്ടുനില്‍ക്കുകയും ചെയ്തവര്‍ക്കെതിരേ നടപടി ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതി തന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്താതെയാണ് പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത് എന്നാരോപിച്ച് അതിജീവിത പരാതി നല്‍കിയിരുന്നു. അന്നത്തെ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണറായ കെ. സുദര്‍ശന്‍ അന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍