സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 560 രൂപ കൂടി
തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 560 രൂപയാണ് വർധിച്ചത്. 57, 280 ആണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം വില 120 രൂപ കുറഞ്ഞ് 56,720ലെത്തിയിരുന്നു. ഗ്രാമിന് 70 രൂപ കൂടി 7,160 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,638 ഡോളറാണ് വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 5,858 രൂപയും 24 കാരറ്റിന് 7,811 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 100 രൂപയാണ്.
സ്വർണവിലയിൽ വലിയ കയറ്റിറങ്ങൾ ദൃശ്യമായ മാസമാണ് ഇത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. നവംബർ 13, 14, 15, 17, 18 തീയതികളിൽ 56,000 ൽ താഴെയായിരുന്നു ഒരു പവന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 3500 രൂപ ഇടിഞ്ഞു. എന്നാൽ കഴിഞ്ഞ ആഴ്ച ഉടനീളം വിലകൂടി. ഒരാഴ്ചയിൽ കൂടിയത് 2920 രൂപയാണ്. റഷ്യ-ഉക്രെയ്ൻ സംഘർഷം ശക്തമാകുമെന്ന സൂചനകളാണ് സ്വർണവില കൂടാൻ പ്രധാനകാരണമായത്. ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകളാണ് ഈ ആഴ്ച സ്വർണ വിപണിയിൽ പ്രതിഫലിച്ചത്. ഈ ആഴ്ച ഇതുവരെ വിലയിൽ 1680 രൂപയുടെ കുറവുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍