വളർത്തുമകനുമായി പ്രണയം; പെരുമ്പാവൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു
എറണാകുളം പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. പെരുമ്പാവൂർ ഭായി കോളനിയിലെ ഹോട്ടൽ ജീവനക്കാരനായ ബംഗാൾ സ്വദേശി ഷീബാ ബഹദൂർ ഛേത്രിയാണ്( 51) ഭാര്യ മാമുനി(39)യെ കഴുത്തറുത്തു കൊന്നത്. പ്രതി പൊലീസിൻറെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. തന്റെ വളർത്തു മകനുമായി ഉണ്ടായ പ്രണയബന്ധമാണ് ഭാര്യയെ കഴുത്തറുത്തു കൊല്ലാൻ കാരണമെന്ന് ഇയാൾ പറഞ്ഞു.
ഷീബയും മാമുനിയും വിവാഹിതരായിട്ട് 17 വർഷമായി. പത്തുവർഷമായി കേരളത്തിലാണ് താമസം.16 വയസ്സുള്ളപ്പോൾ ഷീബ ഒരു ആൺകുട്ടിയെ എടുത്തുവളർത്തിയിരുന്നു. ഇപ്പോൾ 35 വയസ്സുള്ള ഈ വളർത്തു മകനും ഭാര്യയും തമ്മിൽ പ്രണയബന്ധമായി. ഇരുവരുടെയും അടുപ്പം അറിഞ്ഞ ഷീബ വിവാഹത്തിന് സമ്മതിച്ചു. എന്നാൽ വിവാഹശേഷം കേരളത്തിൽ നിന്നു പോകണം എന്നായിരുന്നു നിബന്ധന. ഇത് വളർത്തു മകനും മാമുനിയും തെറ്റിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വിവാഹം കഴിഞ്ഞതിന്റെ സൂചനയായി ഭാര്യയെ വളർത്തുമകൻ സിന്ദൂരം അണിയിച്ചിരുന്നു. ഇതുകണ്ട ഷിബ ഇവരോട് നാടുവിട്ടു പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതു വകവയ്ക്കാതെ ഇവർ ഇവിടെ തുടരുകയും മാമുനി ഹോട്ടൽ ജോലിക്ക് പോവുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ഷീബ ഹോട്ടലിലെ അടുക്കളയിൽ വച്ച് മാമുനിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലപാതകത്തിനുശേഷം ആയുധവുമായി ഇയാൾ പൊലീസിൽ സ്വയം കീഴടങ്ങി. മാമുനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയ്ക്ക് ആദ്യ ഭാര്യയിൽ 22 കാരനായ ഒരു മകനുണ്ട്. ഇയാളുമൊത്തായിരുന്നു ഷീബയും ഭാര്യയും വളർത്തു മകനും താമസം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍