ഇസ് ലാം: ഗവേഷണങ്ങൾക്കും, ആധുനികതക്കും വഴി കാണിച്ച മതം: വിസ്‌ഡം
ബാലുശ്ശേരി : ഇസ്ലാമിലെ വ്യക്തിനിയമങ്ങളും, സാമൂഹിക ജീവിത ക്രമങ്ങളും കാലങ്ങൾക്കതീതമായി പ്രസക്തവും, പ്രായോഗികമാണെന്നും വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുല്ലത്തീഫ് മദനി പ്രസ്താവിച്ചു. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന നേർപഥം ആദർശ സംഗമത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ബാലുശ്ശേരിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാനുസൃതമായും, അന്യൂനമായും നിലകൊള്ളുന്നതാണ് വിശുദ്ധ ക്വുർആനിലൂടെയും, ഹദീഥുകളിലൂടെയും പഠിപ്പിക്കപ്പെട്ട ജീവിത പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികളുടെയും, സമൂഹത്തിൻ്റെയും അഭിമാനത്തിനും സമ്പത്തിനും ഏറെ വില കല്പിക്കുകയും, പരസ്പരം ആദരിക്കുവാൻ സമൂഹത്തെ ഉദ്ഘോഷിക്കുകയും ചെയ്യുന്ന മതമാണ് ഇസ് ലാമെന്ന് സംഗമം അഭിപ്രായപ്പെട്ടു.
ഇസ്ലാമിക ശരീഅത്തിലെ ശിക്ഷാ നടപടികൾ വ്യക്തികളുടെ അവകാശങ്ങളും, അഭിമാനവും സംരക്ഷിച്ച് കൊണ്ട് മാത്രം നിർവ്വഹിക്കുവാൻ പ്രേരിപ്പിക്കുന്നതാണെന്നും ആധുനികതയോട് സംവദിക്കുവാനും, വിശ്വാസത്തിൻ്റെ മൗലികതയിൽ നിന്നു കൊണ്ട് പുരോഗമനത്തെ ഉൾക്കൊള്ളാനും ആഹ്വാനം ചെയ്യുന്ന മതമാണ് ഇസ് ലാം.
മറീന ഓഡിറ്റോറിയത്തിൽ നടന്ന സംഗമം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ സി.പി. സാജിദ് അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് കൊടക്കാട്, അബ്ദുല്ല ഫാസിൽ തലശ്ശേരി, സഫീർ അൽഹികമി വിഷയങ്ങൾ അവതരിപ്പിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി, പി. അമറുൽ ഫാറൂഖ്, പി അബ്ദുല്ല ഹാജി, സംസം അബ്ദുറഹിമാൻ ചർച്ചകൾക്ക് നേതൃത്വം നൽകി. വിസ്ഡം ജില്ലാ സെക്രട്ടറി ഒ റഫീഖ് മാസ്റ്റർ സ്വാഗതവും കെ അബ്ദുൽ നാസർ മദനി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍