ഭീതിപരത്തി വിദ്യാർഥികളുടെ തമ്മിൽത്തല്ല്‌; മഴുവുമായി ബസിൽ കയറി വിദ്യാർഥിയുടെ പരാക്രമം

കൊല്ലത്ത് ബസിലെ തമ്മിൽത്തല്ലിനെത്തുടർന്ന് വിദ്യാർഥികളുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തപ്പോൾ......

കൊല്ലം: നാടിനെ ഭീതിയിലാക്കി സ്കൂൾ വിദ്യാർഥികളുടെ തമ്മിൽത്തല്ല്. കൊല്ലം നഗരത്തിലും കടയ്ക്കലിനടുത്ത് വയലായിലും വിദ്യാർഥികൾ തമ്മിൽത്തല്ലി. കൊല്ലത്ത് മർദനമേറ്റ വിദ്യാർഥി മഴുവുമായി സ്വകാര്യ ബസിൽ കയറി അക്രമം നടത്തിയത്‌ ആശങ്കയ്ക്കിടയാക്കി. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് കൊല്ലം നഗരത്തിൽ സംഘർഷമുണ്ടായത്. കടപ്പാക്കട ടി.കെ.ഡി.എം.ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികളും അമ്മച്ചിവീട് സ്വദേശിയായ മറ്റൊരു വിദ്യാർഥിയും തമ്മിൽ ബുധനാഴ്ച സംഘർഷമുണ്ടായിരുന്നു. ഇത് ചോദ്യംചെയ്യാൻ ഹയർ സെക്കൻഡറി വിഭാഗത്തിലെ ഇരുപതോളം വിദ്യാർഥികൾ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ അമ്മച്ചിവീട് സ്വദേശിയുടെ വീട്ടിലെത്തി. ഇവിടെവെച്ച് ഇവർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. വിദ്യാർഥികൾ വീട് തല്ലിത്തകർക്കുകയും ചെയ്തു.

ഇതിനുശേഷം വിദ്യാർഥികൾ തങ്കശ്ശേരി-ഇളമ്പള്ളൂർ റൂട്ടിൽ ഓടുന്ന ബസിൽ മടങ്ങിപ്പോയി. ബസ് ഹൈസ്കൂൾ ജങ്ഷനിലെത്തിയപ്പോൾ അമ്മച്ചിവീട് സ്വദേശി കൈയിൽ ചെറിയ മഴുവുമായി ബസിൽ ചാടിക്കയറി. മഴു ഉപയോഗിച്ച് വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ അഭിഭാഷകനായ സജ്ജുവിന്റെ ബാഗിൽ വെട്ടേറ്റു. ഇതോടെ ബസ് യാത്രക്കാരും ഭീതിയിലായി. ഇവർ അക്രമിയെ തടഞ്ഞുവെച്ച് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെനിന്ന് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും മൊഴിയെടുത്തശേഷം വിദ്യാർഥികളെയും അക്രമിയെയും വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷമാണ് വിട്ടയച്ചത്. അഭിഭാഷകന്റെ പരാതിപ്രകാരം അക്രമിക്കെതിരേ വെസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍