ക്ഷീരകർഷകർക്ക് മിൽമ മലബാർ മേഖലാ യൂണിയന്റെ ധനസഹായ പദ്ധതികൾ

മിൽമ, മലബാർ മേഖലാ യൂണിയൻ ഈ സാമ്പത്തിക വർഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് ക്ഷീര കർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രാഥമിക ക്ഷീരസംഘങ്ങളിലെ കർഷകർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പ്രാഥമിക ക്ഷീരസംഘങ്ങളിൽനിന്ന് കർഷകർക്ക് ലഭിക്കുന്നതാണെന്ന് മേഖലാ യൂണിയൻ മാനേജിങ്‌ ഡയറക്ടർ അറിയിച്ചു.

ക്ഷീരസദനം പദ്ധതി

സ്വന്തമായി വീടില്ലാത്ത, ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് മാനദണ്ഡങ്ങൾ അനുസരിച്ച് ഭവനനിർമാണത്തിന് ആറു ലക്ഷം രൂപ ധനസഹായം നൽകും. ആറു ജില്ലകളിലായി 12 വീടുകൾക്കാണ് ധനസഹായം നൽകുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 20.

ധനരക്ഷാ പദ്ധതി

പശുക്കളെ വാങ്ങുന്നതിന് വായ്പ എടുത്ത കർഷകർക്ക് പലിശയിൽ സബ്‌സിഡി നൽകുന്നതാണ് ധനരക്ഷാ പദ്ധതി. കഴിഞ്ഞ സാമ്പത്തിക വർഷം വായ്പ എടുത്ത് കൃത്യമായി തിരിച്ചടച്ചവർക്കാണ് ഇത്. ഒരു പശുവിന് പരമാവധി 5,000 രൂപവരെ കണക്കാക്കി ഒരു കർഷകന് പരമാവധി 10,000 രൂപയാണ് പലിശയിൽ ധനസഹായം നൽകുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10.

സായന്തനം പദ്ധതി

കഴിഞ്ഞ അഞ്ചുവർഷം ക്ഷീരസംഘത്തിൽ സജീവ അംഗമായ 70 വയസ്സ് പൂർത്തികരിച്ച ബിപിഎൽ റേഷൻകാർഡ് ഉടമകളായ കർഷകർക്ക് മെഡിക്കൽ അലവൻസായി ആറു മാസത്തേക്ക് രണ്ടായിരം രൂപ ധനസഹായം നൽകും. ആറു മാസക്കാലത്തിൽ ചുരുങ്ങിയത് 1,000 ലിറ്റർ പാൽ ക്ഷീര സംഘത്തിന് നൽകിയ കർഷകർക്കാണ് സായന്തനം പദ്ധതി പ്രകാരം ധനസഹായം ലഭിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 20.

സംഘങ്ങൾക്കും സഹായം

200 ലിറ്ററിൽ കുറഞ്ഞ പാൽ സംഭരണമുള്ള ക്ഷീരസംഘങ്ങൾക്ക് മാനദണ്ഡങ്ങൾ അനുസരിച്ച് 2025 ഏപ്രിൽ മുതൽ സെപ്തംബർ വരെ ആറു മാസത്തേക്ക് പ്രതിമാസം 2,500 രൂപ വീതം മാസവരി മാനേജ്‌മെന്റ് ഗ്രാന്റായി നൽകുന്ന ജീവൻ പദ്ധതിയും, 2024 ഏപ്രിലിന് ശേഷം ആരംഭിച്ച പുതിയ ക്ഷീരസംഘങ്ങൾക്കായി ആറു മാസക്കാലത്തേക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം മാസവരി മാനേജ്‌മെന്റ് ഗ്രാന്റായി നൽകുന്ന നവജീവൻ പദ്ധതിയും ഈ വർഷം മിൽമ മേഖല യൂണിയൻ നടപ്പിലാക്കുന്നുണ്ട്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍