സൂംബ വിവാദം: 'വിദ്യാലയങ്ങളിൽ വിഭാഗീയത ഉണ്ടാക്കരുത്'; കെഎൻഎം സംസ്ഥാന സംഗമം
കോഴിക്കോട്: പൊതു സമൂഹത്തിൽ വർഗീയതക്കും വിഭാഗീയതക്കും തിരി കൊളുത്തുന്ന പ്രസ്താവനകളിൽ നിന്നും നിലപാടുകളിൽ നിന്നും എല്ലാവരും വിട്ടു നിൽക്കണമെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി. സൂംബ വിവാദത്തിന്റെ മറവിൽ പൊതു വിദ്യാലയങ്ങളിൽ കുട്ടികൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ കരുതിയിരിക്കണമെന്ന് അബ്ദുല്ല കോയ മദനി പറഞ്ഞു.
കെഎൻഎം സംസ്ഥാന പ്രവർത്തക കൺവൻഷൻ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയത കത്തിക്കുന്നവർക്ക് അത് അണയ്ക്കാൻ കഴിയില്ലെന്നത് തിരിച്ചറിയണം. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം അടിസ്ഥാന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്ന വിവാദങ്ങൾക്ക് തിരി കൊളുത്തുന്നത് കരുതിയിരിക്കണമെന്നും അബ്ദുല്ല കോയ മദനി പറഞ്ഞു. മത പണ്ഡിതർ വളരെ പക്വതയോടെ സംസാരിക്കാൻ പഠിക്കണമെന്നും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന സമീപനം മത പണ്ഡിതരിൽ നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബീഹാറിൽ നിയമസഭ തെരെഞ്ഞെടുപ്പ് ആസന്നമായ സമയത്ത് വോട്ടർ പട്ടിക സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികൾ ഉയർത്തിയ സംശയം എത്രയും വേഗം ദൂരീകരിക്കണമെന്നും പ്രവർത്തക കൺവൻഷൻ അഭിപ്രായപ്പെട്ടു. വോട്ടർ പട്ടിക പരിശോധനക്ക് നിലവിൽ സ്വീകരിക്കുന്ന രേഖകൾക്ക് പുറമെ പൗരത്വം ചോദ്യം ചെയ്യുന്ന രൂപത്തിലുള്ള ഇടപെടൽ സംശയം ഉണ്ടാക്കുന്നതാണ്. എൻആർസിക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയർന്ന ഘട്ടത്തിൽ പിൻവാങ്ങിയ കേന്ദ്ര സർക്കാർ തന്ത്രപരമായി രാജ്യത്തെ പൗരന്മാരെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കൺവൻഷൻ പ്രതികരിച്ചു.
ജനാധിപത്യവും മതേതരത്വവും ഭരണ ഘടനയുടെ ആമുഖത്തിൽ നിന്നും എടുത്ത് മാറ്റണമെന്ന ആർഎസ്എസ് നേതാവിന്റെ പ്രസ്താവനയും അതിനു പിന്തുന്ന നൽകുന്ന ഭരണ ഘടന സ്ഥാപന മേധാവികളുടെ വാക്കുകളും അങ്ങേയറ്റം ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. രാജ്യത്ത് നിലനിൽക്കുന്ന ചട്ടങ്ങളും വ്യവസ്ഥകളും റദ്ദ് ചെയ്തു ഏകാധിപത്യത്തിലേക്ക് വഴി വെട്ടുന്നത് ഒറ്റകെട്ടായി തടയണമെന്നും കെഎൻഎം സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു.
പവിത്ര കുടുംബം പരിശുദ്ധ ബന്ധങ്ങൾ എന്ന പ്രമേയത്തിൽ നടക്കുന്ന കെഎൻഎം ശാഖാ ഫാമിലി മീറ്റ് അവലോകനം ചെയ്തു. ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിലാണ് ശാഖാ ഫാമിലി മീറ്റ് സംഘടിപ്പിക്കുന്നത്. കെഎൻഎമ്മിന്റെയും പോഷക ഘടകങ്ങളുടെയും പങ്കാളിത്തത്തോട് കൂടിയാണ് ഫാമിലി മീറ്റ് സംഘടിപ്പിക്കുന്നത്.
കെഎൻഎം പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.പി ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. പ്രൊഫ എൻ.വി അബ്ദു റഹ്‌മാൻ, ഡോ ഹുസൈൻ മടവൂർ, എം.ടി അബ്ദു സമദ് സുല്ലമി, എ. അസ്ഗർ അലി, ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, ഡോ.സുൾഫിക്കർ അലി, അബ്ദു റഹ്‌മാൻ പാലത്ത്, സി. മുഹമ്മദ് സലീം സുല്ലമി, ഡോ പി.പി അബ്ദുൽ ഹഖ്, സുഹ്‌റ മമ്പാട്, കെ.എം.എ അസീസ്, റഹ്മത്തുല്ല സ്വലാഹി, സുഹ്ഫി ഇമ്രാൻ, അമീൻ അസ്‌ലഹ്, അസീം തെന്നല എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍