13,859 രൂപയുടെ ഫോൺ അമിതമായി ചൂടായി; കമ്പനി 33,859 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി
കാളികാവ്: പുതുതായി വാങ്ങിയ മൊബൈൽ ഫോൺ അമിതമായി ചൂടാകുന്നതിനാൽ മാറ്റിനൽകാൻ വിസമ്മതിച്ച കമ്പനിയും ഇ-കൊമേഴ്സ് സ്ഥാപനവും നഷ്ടപരിഹാരം നൽകണമെന്ന് വിധി. ചോക്കാട് കല്ലാമൂല ചേനപ്പാടി സ്വദേശിയും തിരുവാലി ഫയർ സ്റ്റേഷൻ ജീവനക്കാരനുമായ നിഷാദ് കിളിയമണ്ണിലാണ് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്.
ഫോണിന്റെ വിലയായ 13,859 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതിച്ചെലവിലേക്ക് 5000 രൂപയും നൽകാനാണ് കമ്മിഷൻ വിധിച്ചത്. 2024 ഏപ്രിൽ 24-നാണ് പരാതി സമർപ്പിച്ചത്. 13,859 രൂപക്കാണ് നിഷാദ് മൊബൈൽ വാങ്ങിയത്. രണ്ട് ദിവസത്തിനുശേഷം ഫോൺ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽപെട്ടു. മൊബൈൽ മാറ്റിനൽകണമെന്ന് ഓൺലൈൻ സ്ഥാപനത്തെ അറിയിച്ചു. ഉത്തരവാദിത്വമില്ലെന്ന് അറിയിച്ച ഓൺലൈൻ സ്ഥാപനം മൊബൈൽ കമ്പനിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടു.
കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ഫോൺ മാറ്റിനൽകാനാകില്ലെന്നും റിപ്പയർ ചെയ്തു നൽകാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ഏഴു ദിവസത്തിനുള്ളിൽ മൊബൈലിന് എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ മാറ്റിനൽകുമെന്ന വ്യവസ്ഥ നിലനിൽക്കെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
ഫലപ്രദമായ വില്പനാനന്തരസേവനം ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണെന്നും അതു നൽകുന്നതിൽ എതിർകക്ഷികൾ പരാജയപ്പെട്ടുവെന്നും വിലയിരുത്തിയാണ് കമ്മിഷൻ ഉത്തരവ്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്തപക്ഷം പരാതിക്കാരന് ഒൻപത് ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മാഈൽ എന്നിവർ അംഗങ്ങളുമായ കമ്മിഷനാണ് ഉത്തരവിട്ടത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍