ജൂലൈ 5 പുലര്‍ച്ചെ 4.18ന് വന്‍ ദുരന്തമെന്ന് തത്സുകിയുടെ പ്രവചനം;ലോകം നടുങ്ങുമോ?
ടോക്കിയോ: ഒരു ജാപ്പനീസ് മാംഗ ആർട്ടിസ്റ്റിന്റെ പ്രവചനത്തിന്റെ കുരുക്കിലാണ് ജപ്പാനും ചൈനയും തായ്വാനുമൊക്കെ. ജാപ്പനീസ് ബാബാ വാംഗ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനമാണ് മേഖലയിലാകെ ഭീതിയും ആശയക്കുഴപ്പവുമുണ്ടാക്കിയത്.
ഈ വർഷം ജൂലൈ അഞ്ചിന് പുലർച്ചെ 4.18ന് വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്നാണ് റിയൊ തത്സുകിയുടെ പ്രവചനം. കോവിഡ് വ്യാപനവും 2011ലെ സുനാമിയുമൊക്കെ നേരത്തെ തത്സുകി പ്രവചിച്ചിട്ടുണ്ട് എന്നാണ് ഇവരുടെ ആരാധകരുടെ വാദം. ഇവരുടെ ഫ്യൂച്ചർ ഐ സോ എന്ന കൃതിയിലൂടെയാണ് ഇത്തരം പ്രവചനങ്ങൾ നടത്താറ്. 2011ലെ ഭൂകമ്പവും അതേതുടർന്നുണ്ടായ സുനാമിയും ഇവരുടെ കൃതിയുടെ കവർ പേജിൽ തന്നെ രേഖപ്പെടുത്തിയിരുന്നു.അതിൽ പറയുന്ന ദിവസം തന്നെയാണ് അതിൽ വിശദീകരിച്ചതുപോലെ ദുരന്തമുണ്ടായത്. ഇത് സത്യത്തിൽ പ്രിന്റ് ചെയ്തത് 1999ലായിരുന്നു. 2011ലെ ദുരന്തത്തിന് പിന്നാലെ ഈ കൃതി വളരെ വേഗം ജപ്പാനിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞുതുടങ്ങി.
തുത്സുകി കാണുന്ന സ്വപ്നങ്ങളെ ആസ്പദമാക്കിയാണ് 1999ൽ ഇവർ തന്റെ കൃതി പുറത്തിറക്കിയത്. ഇതിൽ അവർ പലപ്പോഴായി കണ്ട സ്വപ്നങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. അതിന്റെ കവർ പേജിലായിരുന്നു 2011ലെ ദുരന്തത്തേപ്പറ്റി പറഞ്ഞിരുന്നത്. ഈ കൃതിയിൽ ആകെ 15 സ്വപ്നങ്ങളേപ്പറ്റിയാണ് പറയുന്നത്. അതിൽ 13 എണ്ണം ഇതുവരെ സത്യമായതായി ഇതിന്റെ ആരാധകർ വാദിക്കുന്നു.
"ഡയാനാ രാജകുമാരിയുടെ ദാരുണമായ മരണവും കോവിഡ് വ്യാപനവുമൊക്കെ അതിൽ പരാമർശിച്ചിരുന്നുവെന്നാണ് വാദം. ഇതിന് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെങ്കിലും ഇന്റർനെറ്റിൽ ജൂലൈ അഞ്ചിന് നടക്കാൻ പോകുന്ന ദുരന്തത്തേപ്പറ്റിയുള്ള ചർച്ചകൾ കൊടുങ്കാറ്റുപോലെ ശക്തിപ്രാപിച്ചു. ആളുകൾ ഭയചകിതരായി. ഇതോടെ ജപ്പാൻ, ഹോങ്കോങ്, തായ്വാൻ തുടങ്ങി ജപ്പാനും ചൈനയ്ക്കുമിടയിലുള്ള യാത്രകൾ ആളുകൾ ഒഴിവാക്കി. അന്നേദിവസം ബുക്ക് ചെയ്തിരുന്ന പല യാത്രകളും റദ്ദാക്കി. ഇതോടെ ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാര മേഖലയെ പുതിയ പ്രവചനം ബാധിച്ചിട്ടുണ്ട്.
റിയോ തത്സുകിയുടെ ബുക്കിലുള്ള ഒരു പ്രവചനം ഇങ്ങനെയാണ്, ജപ്പാനും ഫിലിപ്പീൻസിനും ഇടയിൽ കടൽ തിളച്ചുമറിയും. ഇത് 2025 ജൂലൈ അഞ്ചിന് പുലർച്ചെ 4.18 സംഭവിക്കുമെന്നാണ് ബുക്കിലുള്ളത്. ഇതിനെ പലതരത്തിലാണ് ആളുകൾ വ്യാഖ്യാനിക്കുന്നത്. സമുദ്രത്തിനടിയിൽ ഭൗമാന്തർഭാഗത്തുനിന്നുള്ള ലാവ പുറത്തേക്ക് വരുന്നതിനെപ്പറ്റിയാകാമെന്ന് ചിലർ പറയുമ്പോൾ അതല്ല അതൊരു വലിയ ഭൂകമ്പത്തിന്റെ സൂചനയാകാമെന്നാണ് ചിലർ വാദിക്കുന്നത്. കടൽ
തിളച്ചുമറിയണമെങ്കിൽ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടർന്നുണ്ടാകുന്ന സുനാമിയുടേയും സൂചനയാണെന്ന് ചിലർ വ്യാഖ്യാനിച്ചു. ഇതോടെ കാര്യങ്ങൾ കൈവിട്ടു. ഇന്റർനെറ്റിലാകെ ജുലൈ5 ഡിസാസ്റ്റർ, റിയോ തത്സുകി പ്രവചനം തുടങ്ങിയ ഹാഷ്ടാഗുകൾ നിറഞ്ഞു. ആളുകൾ വല്ലാതെ പേടിച്ചു. ചൈന, ജപ്പാൻ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ആ ദിവസങ്ങളിലെ വിനോദ സഞ്ചാര യാത്രകൾ 80 ശതമാനത്തോളം റദ്ദായി.
ഇത്തരം അനാവശ്യഭീതി പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ജപ്പാനിലെ അധികൃതർ മുന്നറിയിപ്പ് നൽകിയെങ്കിലും ആളുകൾ കേട്ടഭാവമില്ല. ഇത്തരത്തിലൊരു ദുരന്തമുണ്ടാകുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് സർക്കാർ വൃത്തങ്ങളും വിദഗ്ധരും വാദിക്കുന്നുണ്ടെങ്കിലും ഇനി ദുരന്തം സംഭവിച്ചാലോ എന്ന ഭീതി ആളുകളിലുണ്ട്."
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍