സ്കൂളിൽനിന്ന് നൽകിയ അയൺ ​ഗുളികകൾ ഒന്നിച്ചു കഴിച്ചു; മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ

വള്ളിക്കുന്ന്: സ്കൂളിൽനിന്ന് ഒരു മാസത്തേക്ക് നൽകിയ അയൺ ഗുളികകൾ ഒന്നിച്ചു കഴിച്ച മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ. വള്ളിക്കുന്ന് സിബി ഹൈസ്കൂൾ എട്ടാം ക്ലാസിലെ മൂന്ന് ആൺകുട്ടികളെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അനീമിയ മുക്ത് ഭാരത് പദ്ധതിയിൽ കഴിഞ്ഞ ദിവസമാണ് ഇരുമ്പ് സത്ത് അടങ്ങിയ ഗുളിക നൽകിയത്. ആഴ്ചയിൽ ഒന്ന് വീതമാണ് കഴിക്കേണ്ടത്. ഒരു മാസത്തേക്കുള്ള ആറ് ഗുളികയാണ് ആദ്യഘട്ടമായി നൽകിയത്. വീട്ടിലെത്തി രക്ഷിതാക്കളോട് പറഞ്ഞതിന് ശേഷം കഴിക്കാനായിരുന്നു ഓരോ ക്ലാസിലും വിദ്യാർഥികൾക്ക് അധ്യാപകർ നൽകിയ നിർദ്ദേശം. എന്നാൽ ക്ലാസ്സിൽ വെച്ചു തന്നെ മൂന്ന് വിദ്യാർഥികൾ എല്ലാ ഗുളികകളും ഒന്നിച്ചു കഴിച്ചു.

വിവരം മറ്റ് ചില കുട്ടികൾ അധ്യാപകരോട് പറയുകയായിരുന്നു. ഇതോടെ ഗുളിക ഒന്നിച്ചു കഴിച്ചവരെ ഉടൻ സ്വകാര്യ ആശുപത്രിയിലും ഫറോക്ക് ഗവ.താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് നിരീക്ഷണത്തിനായി കോഴിക്കോട്ടേക്ക് മാറ്റി. കുട്ടികൾക്ക് മറ്റ് അസുഖ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് പ്രധാന അധ്യാപകൻ പറഞ്ഞു. 12 മണിക്കൂർ നിരീക്ഷണമാണ് നിർദ്ദേശിച്ചത്. ശനിയാഴ്ച ആശുപത്രി വിടാനാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍