മധ്യസ്ഥത വഹിച്ചതായി വിവരമില്ല; നിമിഷപ്രിയ കേസില്‍ കാന്തപുരത്തെ തള്ളി കേന്ദ്രം...
യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ കാന്തപുരം മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബ്ലെഡ് മണിയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കൂടുതല്‍ സമയം ചോദിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ യെമനിലെ മതപണ്ഡിതരുമായി നടത്തിയ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങളെ കണ്ടത്.
കേന്ദ്ര സർക്കാർ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അഭിഭാഷകനെ നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നടപ്പാക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് കഴിഞ്ഞ ദിവസം മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ച് യെമന്‍ കോടതി ഉത്തരവിറക്കിയത്. യെമനിലെ മതപണ്ഡിതരുമായി ചര്‍ച്ച നടത്തിയ കാര്യം കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശപ്രകാരം പ്രമുഖ സുഫി പണ്ഡിതന് ഹബിബ് ഉമര്‍ ബിന്‍ ഹാഫിള് ആണ് യെമനില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബുവുമായും യെമന്‍ ഭരണകൂട പ്രതിനിധിയുമായും ജിനായത്ത് കോടതി സുപ്രീം ജഡ്ജുമായും ചര്‍ച്ച നടത്തിരുന്നു.
കാന്തപുരത്തിന്റെ ഇടപെടല്‍ അറിയില്ലെന്ന് മുന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പറഞ്ഞു. നിമിഷപ്രിയ കേസില്‍ നയതന്ത്രപരമായ ഇടപെടലിനൊപ്പം അനൗദ്യോഗിക ഇടപെടലും നടത്തിയിട്ടുണ്ടെന്ന് വി. മുരളീധരന് പറഞ്ഞു. കാന്തപുരത്തിന്റെ ഇടപെടൽ അന്നൊന്നും ഉണ്ടായിട്ടില്ല. അനൗദ്യോഗിക ചർച്ചകൾ പല രീതിയിലും നടക്കുന്നുണ്ട്. ഗോത്ര വിഭാഗവുമായി ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചു. മൂന്നുമാസം മുമ്പും ഇത് നടന്നു. കാന്തപുരം അവസാനമായി ഇടപെട്ടകാര്യം അറിയില്ലെന്നും മുരളീധരൻ പറഞ്ഞു.
വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചതോടെതോടെ നിമിഷ പ്രിയയുടെ മോചന ചർച്ചകൾക്കാണ് കഴിഞ്ഞ ദിവസവും യമനിലെ പ്രതിനിധി സംഘവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ചർച്ച നടത്തിയിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയ സൂഫി പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഹാഫിസുമായി വീഡിയോ കോളിൽ സംസാരിച്ച് സാഹചര്യം വിലയിരുത്തി. മാപ്പ് നൽകാൻ തയ്യാറല്ലെന്ന തലാലിന്റെ സഹോദരൻ അബ്ദു മഹ്ദി ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ചർച്ചകൾ ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ഇരുവരും സംസാരിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍