'എനിക്ക് അമ്മയില്ല കേട്ടോ, പ്ലേറ്റ് ചോദിച്ചതിന് ഉമ്മിയെന്റെ കരണത്തടിച്ചു' നാലാംക്ലാസുകാരി കുറിച്ച ഉള്ളുലയ്ക്കുന്ന വരികൾ

കുട്ടി നോട്ടുബുക്കിലെഴുതിയ വരികൾ

ആലപ്പുഴ: 'എനിക്ക് അമ്മയില്ല കേട്ടോ. എനിക്ക് രണ്ടാനമ്മയാണ്. എന്റെ വാപ്പിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. ഉമ്മിയും കൂടി...എനിക്ക് സുഖമില്ല സാറേ, വിഷം തന്ന് കൊല്ലുമെന്നാണ് വാപ്പി പറയുന്നത്' - ഒരു നാലാം ക്ലാസുകാരി നോട്ടുബുക്കിൽ കുത്തിക്കുറിച്ച വരികളാണിത്. അനുഭവിക്കേണ്ടിവന്ന ക്രൂരതയുടെ ഉള്ളുലയ്ക്കുന്ന നോവുകളാണ് അവളുടെ അക്ഷരങ്ങളിലുള്ളത്.

നാലാംക്ലാസ് വിദ്യാർത്ഥിനിക്കേറ്റ പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടിയ മർദനത്തിന്റെ വിവരം ഈ വരികളിലൂടെയാണ് പുറംലോകമറിഞ്ഞത്. ഒടുവിൽ സ്കൂൾ അധികൃതരുടെ മൊഴിയിൽ നൂറനാട് പൊലീസ് കേസെടുത്തു. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസാർ, രണ്ടാം ഭാര്യ ഷെഫിന എന്നിവർക്കെതിരേയാണ് കേസെടുത്തത്.

ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. ബുധനാഴ്ച രാവിലെ സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്തുൾപ്പെടെ മർദനത്തിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകർ വിവരം തിരക്കിയപ്പോഴാണ് ക്രൂരമർദനത്തിന്റെ വിവരങ്ങൾ കുട്ടി പറഞ്ഞത്. പിന്നാലെയാണ് നേരിട്ട പ്രയാസങ്ങളെയും മർദനത്തെപ്പറ്റിയും 'എന്റെ അനുഭവം' എന്ന തലക്കെട്ടിൽ എഴുതിയ കത്ത് ബുക്കിൽനിന്ന് ലഭിച്ചത്.

കുട്ടിയെ പ്രസവിച്ച് ഏഴുദിവസം കഴിഞ്ഞപ്പോൾ മാതാവ് മരിച്ചിരുന്നു. തുടർന്നാണ് പിതാവ് രണ്ടാംവിവാഹം കഴിച്ചത്. ഒരുമാസം മുൻപും രണ്ടാനമ്മ ക്രൂരമായി മർദിച്ചിരുന്നതായി കുട്ടി പറയുന്നു. കുട്ടിയെഴുതിയ കത്തിൽ ഇതെല്ലാം വിവരിക്കുന്നുണ്ട്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍