തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടി
തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ മുഖേനയും അല്ലാതെയും അപേക്ഷകള്‍ നല്‍കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങിനുള്ള കംപ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ രേഖകളുമായി ഹിയറിങിന് നേരിട്ട് ഹാജരാകണം.
വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും(ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും(ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
വോട്ടര്‍പട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫോറം 5) ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യണം. തുടര്‍ന്ന് അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ടു നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍