പൊട്ടിത്തെറിച്ചത് ഗുണ്ടുകളെന്ന് പോലീസ്; അനൂപ് മാലിക് മുൻപും പ്രതി, ഒരു മരണം സ്ഥിരീകരിച്ചു.


കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിര്‍മാണത്തിനിടെയെന്ന് സൂചന. സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ പോലീസ് തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. നിതിന്‍രാജ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇയാളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അനൂപ് മാലിക്ക് എന്നയാളാണ് സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്തതെന്നാണ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാള്‍ക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ഒരുവര്‍ഷമായി ഇവര്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നുണ്ട്. വീട്ടില്‍ പടക്കനിര്‍മാണം നടന്നതായാണ് നിലവിലെ സൂചന. സ്‌ഫോടനം നടന്ന സ്ഥലമായതിനാല്‍ പരിശോധന പൂര്‍ണമായിട്ടില്ല. ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടകവസ്തുക്കളാണ് വീട്ടിലുണ്ടായിരുന്നതെന്നും എന്നാല്‍ ഇവ എത്രമാത്രം ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്നും കമ്മീഷണര്‍ പറഞ്ഞു. അനൂപ് മാലിക്ക് നിലവില്‍ ഒളിവിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കീഴറയിലെ വാടകവീട്ടില്‍ വന്‍ സ്‌ഫോടനമുണ്ടായത്. പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. വീട്ടില്‍ രണ്ടുപേരാണ് താമസിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞതിനാല്‍ വിശദമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ രണ്ടാമത്തെയാളെ കണ്ടെത്താനായിട്ടില്ല. സംഭവസമയത്ത് ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിലവിലെ നിഗമനം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍