പ്രഭാത വാർത്തകൾ
2025 ഓഗസ്റ്റ് 15 വെള്ളി
1200 കർക്കിടകം30 അശ്വതി,ഭരണി
1447 സ്വഫർ 20
◾ രാജ്യം ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഏവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ന് സായാഹ്ന വാര്‍ത്തകള്‍ ഉണ്ടായിരിക്കുന്നതല്ല.
◾ ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്നും എല്ലാവര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യം 79ാം സ്വാതന്ത്ര്യദിന ആഘോഷിക്കുന്ന അവസരത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നുവെന്നും വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചുവെന്നും പിന്നാക്ക സംസ്ഥാനങ്ങളായി നിന്ന പ്രദേശങ്ങള്‍ പുരോഗതിയുടെ പാതയിലാണെന്നും രാഷ്ട്രപതി പറഞ്ഞു. വിഭജന ഭീതി ദിനം ആചരിച്ചതും രാഷ്ട്രപതി സന്ദേശത്തില്‍ പരാമര്‍ശിച്ചു. വിഭജനത്തിന്റെ നാളുകളെ മറക്കരുതെന്നും ദ്രൗപതി മുര്‍മു ചൂണ്ടിക്കാട്ടി.
◾79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണായക പങ്കുവഹിച്ച സൈനികര്‍ക്ക് മൂന്ന് സൈനിക വിഭാഗങ്ങളും മെഡലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേര്‍ക്ക് കീര്‍ത്തി ചക്ര പുരസ്‌കാരവും 15 പേര്‍ക്ക് വീര്‍ചക്ര പുരസ്‌കാരവും 16 പേര്‍ക്ക് ശൗര്യചക്ര പുരസ്‌കാരവും നല്‍കും. 58 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലും 26 പേര്‍ക്ക് വായുസേന മെഡലും ഒമ്പതുപേര്‍ക്ക് ഉദ്ദം യുദ്ധ് സേവ മെഡലും നല്‍കും.
◾ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി മലയാളികള്‍ക്ക് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹികവും സാമുദായികവുമായ എല്ലാ വേര്‍തിരിവുകളെയും അതിജീവിച്ച് ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ദേശീയ പ്രസ്ഥാനത്തില്‍ അണിനിരന്നതിന്റെ ഫലമാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിലൂടെ അറിയിച്ചു.
◾ 2025ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് 285 പോലീസുദ്യോഗസ്ഥര്‍ അര്‍ഹരായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മെഡലുകള്‍ മുഖ്യമന്ത്രി മെഡലുകള്‍ സമ്മാനിക്കും.. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മെഡല്‍ പരസ്‌കാരം നല്‍കുന്നത്. ഇതിന് പുറമെ 24 അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ അഗ്നിശമന സേവാ മെഡലിനും അര്‍ഹരായി.
◾ ദേശീയ പാതാ അതോറിറ്റിയുടെ വാര്‍ഷിക ഫാസ്ടാഗ് പാസ് സ്വാതന്ത്ര്യദിനമായ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പദ്ധതി, യാത്രാസൗകര്യം വര്‍ധിപ്പിക്കുകയും പണം ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യും. 3,000 രൂപ ഒറ്റത്തവണ അടച്ചാല്‍ 200 തവണ ടോള്‍ പ്ലാസകള്‍ മറികടക്കാം, അല്ലെങ്കില്‍ ഒരു വര്‍ഷം മുഴുവന്‍ യാത്ര ചെയ്യാം. ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അതനുസരിച്ച് പാസ് കാലാവധി അവസാനിക്കും.
◾ വോട്ട് കൊള്ളയിലൂടെ അധികാരത്തിലെത്തിയ മോദിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മികതയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബിജെപി നടത്തുന്ന വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ ആഹ്വാന പ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ബിഹാര്‍ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ നിര്‍ണായകമായി സുപ്രീം കോടതി ഇടക്കാല ഉത്തരവ്. ബീഹാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. ബിഹാറില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്, കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.
◾ ബിഹാര്‍ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ജനാധിപത്യത്തെ സംരക്ഷിക്കുന്നതാണെന്ന് കെ.സി.വേണുഗോപാല്‍ എം.പി. വോട്ടര്‍പട്ടിക ക്രമക്കേടില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിവെയ്ക്കുന്നതാണ് കോടതി വിധിയെന്നും ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 65 ലക്ഷത്തോളം ആളുകളുടെ പേര്, അവരെ നീക്കം ചെയ്യാനുണ്ടായ കാരണം എന്നിവ വെളിപ്പെടുത്തണമെന്ന കോടതിവിധി സ്വാഗതാര്‍ഹമാണെന്നും വേണുഗോപാല്‍ പറഞ്ഞു. ആധാര്‍ സ്വീകരിക്കില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് കോടതി തള്ളി കളഞ്ഞത് വലിയൊരു നേട്ടമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്ന പോരാട്ടത്തിലെ ആദ്യവിജയമാണിതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
◾ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളികൊണ്ടുള്ള കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കോടതി റിപ്പോര്‍ട്ട് തള്ളിയത്. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയതെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.
◾ എം ആര്‍ അജിത് കുമാറിനെതിരായ ഉത്തരവ് കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതെന്ന് പി വി അന്‍വര്‍. അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തെ കോടതി ചോദ്യം ചെയ്തിരിക്കുകയാണെന്നും അജിത് കുമാറിനെതിരെ കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടും ക്ലീന്‍ ചിറ്റ് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കോടതിയുടെ നേതൃത്വത്തില്‍ സത്യസന്ധമായ അന്വേഷണം നടന്നാല്‍ അജിത് കുമാര്‍ നടത്തിയ എല്ലാ തട്ടിപ്പുകളും പുറത്തു വരുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
◾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്ലിന്റെ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി വിശദവാദം കേള്‍ക്കും. അടുത്തമാസം 16 മുതല്‍ കേസില്‍ വാദം കേള്‍ക്കാന്‍ കോടതി തീയതി നിശ്ചയിച്ചു. തുടര്‍ ദിവസങ്ങളിലും വാദം തുടരാനാണ് തീരുമാനം. കേസ് പരിഗണനയ്ക്ക് എത്തിയിട്ടും പലക്കുറിയും മാറിപ്പോകുന്ന സാഹചര്യമാണെന്നും ഇതിനാല്‍ വാദം വേഗം കേട്ട് തീരുമാനം എടുക്കണമെന്നും എസ്എഫ്ഐഒ ആവശ്യപ്പെട്ടു. ഇക്കാര്യം സിഎംആര്‍എല്ലിന്റെ അഭിഭാഷകരും അംഗീകരിച്ചു. തുടര്‍ന്നാണ് പുതിയ തീയതി തീരുമാനിച്ചത്.
!
◾ കൊയിലാണ്ടി ചേമഞ്ചേരി നിര്‍മ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു.
◾ കോഴിക്കോട് കൊയിലാണ്ടിയില്‍ നിര്‍മ്മാണത്തിരുന്ന പാലത്തിന്റെ ഒരു ഭാഗം വ്യാഴാഴ്ച തകര്‍ന്നുവീണ സംഭവത്തെ തുടര്‍ന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനവുമായി എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍ മാങ്കുട്ടത്തില്‍. മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം കരാര്‍ കൊടുത്ത് നിര്‍മ്മിച്ചുതുടങ്ങിയതില്‍ നാല് പാലങ്ങള്‍ തകര്‍ന്നുവീണതായും രണ്ട് ജീവനുകള്‍ നഷ്ടപ്പെട്ടതായും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. ഓരോ അപകടം നടക്കുമ്പോഴും മന്ത്രി റിപ്പോര്‍ട്ട് തേടി എന്ന് വാര്‍ത്ത കാണാറുണ്ടൈന്നും പിന്നീട് റിപ്പോര്‍ട്ട് കിട്ടിയോ എന്നും അതിലെന്തെങ്കിലും നടപടിയുണ്ടായോ എന്നുമുള്ള വാര്‍ത്തകള്‍ കാണാറില്ലെന്നും പറഞ്ഞ രാഹുല്‍ സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ എത്ര കാലം ഇങ്ങനെ റിപ്പോര്‍ട്ട് പ്രഹസനം കാണിക്കും എന്ന് മാത്രമാണ് അറിയാനുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.
◾ സ്‌കൂളില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ച് അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയില്‍ അടച്ചുപൂട്ടിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികള്‍ക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്നും എറണാകുളത്തെ ഒരു സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയില്‍ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി എടുക്കുമെന്നും കുട്ടി ടിസി വാങ്ങേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.
◾ കേരള സാഹിത്യ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിന് എംടിയുടെ പേര് നല്‍കാന്‍ തീരുമാനം. കേരള സാഹിത്യ അക്കാദമി എംടി ഓഡിറ്റോറിയം എന്ന് പേരിടും. 17 ന് സാര്‍വ്വദേശീയ സാഹിത്യോത്സവ ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രിയാണ് നാമകരണം നടത്തുക. അതേ സമയം സാഹിത്യ അക്കാദമി ലൈബ്രറിക്ക് ലളിതാംബികാ അന്തര്‍ജനത്തിന്റെ പേരിടും. ലളിതാംബിക അന്തര്‍ജനം സ്മാരക ലൈബ്രറി എന്ന് നാമകരണം നടത്തുന്നത് ധനമന്ത്രി കെ .എന്‍. ബാലഗോപാല്‍ ആയിരിക്കും.
◾ ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. 1.14 ലക്ഷം കള്ളവോട്ടുകള്‍ ആറ്റിങ്ങലില്‍ താന്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ കണ്ടെത്തിയെന്നും ചില നേതാക്കളൂടെ മക്കള്‍ക്ക് ഉള്‍പ്പടെ കള്ള വോട്ട് ഉണ്ടെന്ന് കണ്ടെത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
◾ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമായി കേരളം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി നടപ്പാക്കിയ 'ഡിജി കേരളം- സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി' വിജയകരമായി പൂര്‍ത്തീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഈ മാസം 21ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തും.
◾ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനും വിജയിച്ചു. എന്‍പി സുബൈറിനെ ട്രഷററായും തെരഞ്ഞെടുത്തു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വിനയനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സജി നന്ത്യാട്ടും പരാജയപ്പെട്ടു. സോഫിയ പോള്‍, സന്ദീപ് സേനന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ആല്‍വിന്‍ ആന്റണി, എംഎം ഹംസ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
◾ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
◾ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം വടക്കന്‍ ആന്ധ്രാ പ്രദേശ് തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും അറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.
◾ തെങ്ങിന്‍ കള്ളിലെ ആല്‍ക്കഹോളിന്റെ പരിധി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാര്‍ 2007ല്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് റദ്ദാക്കിയത്. അബ്കാരികള്‍ നല്‍കിയ ഹര്‍ജികളിലാണ് നടപടി. ആല്‍ക്കഹോള്‍ അളവ് കൂടുതലുള്ള കള്ള് വിറ്റെന്ന കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അബ്കാരികളുടെ ഹര്‍ജി.
◾ ജൈവ ഉറവിട മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നവര്‍ക്ക് ഇനി മുതല്‍ 5 ശതമാനം പ്രോപ്പര്‍ട്ടി നികുതി ഇളവ് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. വര്‍ക്കല ശിവഗിരി എസ്.എന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംസ്ഥാനത്തെ ആദ്യ സാനിറ്ററി വേസ്റ്റ് ടു എനര്‍ജി പ്ലാന്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ തൃശൂരില്‍ ഐ.എന്‍.ടി.യുസിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. തന്നെ ക്ഷണിച്ചില്ലെന്ന തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റെ പരാതിക്ക് പിന്നാലെയാണ് ജില്ലയിലുണ്ടായിട്ടും പ്രതിപക്ഷ നേതാവ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. സമ്മേളന നഗരിയിലേയ്ക്കുള്ള യാത്രാമധ്യേ സതീശന്‍ തിരികെ മടങ്ങുകയായിരുന്നു. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിലാണ് സതീശന്‍ പങ്കെടുക്കാതെ തിരികെ പോയത്.
◾ ഓട്ടോമാറ്റിക് ഡോറില്ലാത്ത കെഎസ്ആര്‍ടിസി ബസുകളുടെ ഡോറുകളില്‍ കെട്ടിയിട്ടിരിക്കുന്ന കയറുകള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ എഞ്ചിനീയര്‍ നിര്‍ദേശം നല്‍കി. വാതിലുകള്‍ അടയ്ക്കാനായി കെട്ടിയ പ്ലാസ്റ്റിക് കയറുകളും വളളികളും നീക്കം ചെയ്യാനാണ് നിര്‍ദേശം.യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് നിര്‍ണായക നടപടി. യാത്രക്കാരുടെ കഴുത്തില്‍ തട്ടി ജീവന് തന്നെ അപകടമുണ്ടാക്കാന്‍ ഇടയാക്കുമെന്ന് മനുഷ്യാവകാശ കമ്മീഷനും പരാതിയെത്തിയിരുന്നു. തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം കെഎസ്ആര്‍ടിസിയെടുത്തത്.
◾ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീര്‍ പോലീസ് കസ്റ്റഡിയില്‍. 2014-ല്‍ ബന്ധുവായ യുവതിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി തമിഴ്‌നാട്ടില്‍ എത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടിയെ ചെന്നൈ പോലിസ് കസ്റ്റഡിയിലെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെയുത്തിയെന്ന ക്കേസില്‍ നടന്‍ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ നേരത്തെ മിനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
◾ ലഹരിക്കടിമയായ മകന്റെ കുത്തേറ്റ് അച്ഛനും അമ്മയും മരിച്ചു. മന്നത്ത് വാര്‍ഡില്‍ പനവേലി പുരയിടം വീട്ടില്‍ തങ്കരാജ് (70), ഭാര്യ ആഗ്നസ് (65) എന്നിവരാണ് മരിച്ചത്. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ മകന്‍ ബാബുവിനെ (46) ഒരു മണിക്കൂറിനകം സമീപത്തെ ബാറില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. പണം ചോദിച്ചപ്പോള്‍ കയ്യില്‍ ഒന്നുമില്ലെന്നു പറഞ്ഞതിനാല്‍ പ്രകോപിതനായി മാതാപിതാക്കളെ കുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.
◾ കുവൈത്തിലെ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന സച്ചിന്‍ നാലു വര്‍ഷം മുന്‍പാണ് കുവൈത്തിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോള്‍ കലര്‍ന്ന പാനീയങ്ങള്‍ കഴിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 63 പേര്‍ക്ക് വിഷബാധയേറ്റത്. 13 പേര്‍ ദുരന്തത്തില്‍ മരിച്ചതായി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ആറുപേര്‍ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. വിഷമദ്യദുരന്തത്തില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയുമാണ്. അതേസമയം, കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ ചിലര്‍ കസ്റ്റഡിയിലായതായും സൂചനയുണ്ട്.
◾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ വീണ്ടും ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനുമെതിരെ കള്ളവോട്ട് ആരോപണം ഉന്നയിക്കാന്‍ മുന്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് രേഖകളെത്തിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് എഐസിസി വക്താവ് പവന്‍ ഖേര തുറന്നടിച്ചു. മഹാദേവ പുരയിലെ വിവരങ്ങള്‍ മാത്രം ശേഖരിക്കാന്‍ ആറ് മാസമാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി വന്നതെന്നും എന്നാല്‍ രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം നടത്തി ആറാം ദിവസം ആറ് മണ്ഡലങ്ങളിലെ വിവരങ്ങളെടുത്താണ് അനുരാഗ് താക്കൂര്‍ വാര്‍ത്താ സമ്മേളനം നടത്തിയതെന്നും നിരന്തരം കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചിട്ടും നല്‍കാത്ത ഇലക്ട്രോണിക് വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയെന്നും പവന്‍ഖേര പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ടര്‍പട്ടിക പുറത്ത് വിടാന്‍ കമ്മീഷന് ധൈര്യമുണ്ടോയെന്നും പവന്‍ ഖേര ചോദിച്ചു.
◾ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റില്‍. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. ദര്‍ശനെ ബെല്ലാരി ജയിലിലേക്ക് മാറ്റും. നടി പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്തു. രേണുക സ്വാമി കൊലക്കേസുമായി ബന്ധപ്പെട്ടാണ് കന്നഡ നടന്‍ ദര്‍ശന്‍ തുഗുദീപയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയത്. കര്‍ണാടക സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി.
◾ തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഗവര്‍ണര്‍ ഒരുക്കുന്ന ചായസത്കാരത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. ആര്‍.എന്‍.രവി, തമിഴ്നാടിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതിനിലാണ് ബഹിഷ്‌കരണം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍വ്വകലാശാലകളില്‍ ഈ മാസം നടക്കാനിരിക്കുന്ന ബിരുദദാന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി പങ്കെടുക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
◾ ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 33 മരണം. അന്‍പതിലധികം പേരെ അപകടസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തി. എന്‍ഡിആര്‍എഫ്, എസ്ഡ് ആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
◾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച പാര്‍ട്ടി എംഎല്‍എയെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പുറത്താക്കി. പൂജ പാല്‍ എന്ന വനിതാ എംഎല്‍എയെയാണ് പുറത്താക്കിയത്. തന്റെ ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നീതി നടപ്പിലാക്കിയെന്നടക്കം നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും കടുത്ത അച്ചടക്ക ലംഘനങ്ങളിലും ഏര്‍പ്പെട്ടതിനാണ് പൂജ പാലിനെ പുറത്താക്കിയതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അറിയിച്ചു.
◾ പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യക്കെതിരായ അനാവശ്യ വാചകമടി പാക്കിസ്ഥാന്‍ നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ ലഭിച്ചത് പോലെ മുറിവേല്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. സ്വന്തം തോല്‍വി മറയ്ക്കാനാണ് പാകിസ്ഥാന്‍ കരസേന മേധാവി അസിം മുനീര്‍ വീരവാദം മുഴക്കുന്നതെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാല്‍ പറഞ്ഞു.
◾ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നീക്കത്തില്‍ ഇന്ത്യന്‍ സേനയോട് പരാജയപ്പെട്ട പാകിസ്താന്‍, പുതിയൊരു സൈനിക വിഭാഗത്തിന് രൂപം നല്‍കി. സാധാരണ യുദ്ധസാഹചര്യങ്ങളില്‍ മിസൈല്‍ പോരാട്ട ശേഷിക്ക് മേല്‍നോട്ടം വഹിക്കുക എന്നതാണ് ഈ പുതിയ സേനാവിഭാഗത്തിന്റെ ലക്ഷ്യം. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോക്കറ്റ് ഫോഴ്‌സിന്റെ (PLARF) മാതൃകയില്‍ മിസൈലുകള്‍ക്കും റോക്കറ്റുകള്‍ക്കുമായി ഒരു പ്രത്യേക കമാന്‍ഡ് രൂപീകരിക്കാനാണ് പാകിസ്ഥാന്റെ നീക്കം.
◾ രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ, പ്രത്യേകിച്ച് ബയോഡീസലിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പരമ്പരാഗത ഡീസലില്‍നിന്ന് മാറാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ 10 ശതമാനം ബയോഡീസല്‍ മിശ്രിതം ഉടന്‍ അവതരിപ്പിക്കുമെന്നും ഗഡ്കരി സ്ഥിരീകരിച്ചു.
◾ ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ലഗേജിലോ ഹാന്‍ഡ് ബാഗേജിലോ അങ്കര്‍ കമ്പനിയുടെ ചില പവര്‍ ബാങ്കുകള്‍ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം - അയണ്‍ ബാറ്ററികള്‍ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവര്‍ ബാങ്ക് മോഡലുകള്‍ കൊണ്ടുപോകുന്നതോ അവ ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യുന്നതോ ഇനി അനുവദിക്കില്ല. നേരെത്തെ രാജ്യത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നിരോധിച്ച പവര്‍ ബാങ്ക് മോഡലുകള്‍ക്കാണ് ഖത്തര്‍ എയര്‍വേസിലും നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം 2025 ഒക്ടോബര്‍ 1 മുതല്‍ വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനക്കമ്പനി നേരത്തെ അറിയിച്ചിരുന്നു.
◾ ഹമാസിനെതിരായ 22 മാസത്തെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയില്‍നിന്ന് പലസ്തീനികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഇസ്രയേല്‍ മുന്നോട്ടു പോകുന്നതായി വിവരം. ഇവരെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ പുനരധിവസിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഇസ്രയേല്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ ഇന്ത്യയ്ക്കുമേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികതീരുവ ചുമത്താന്‍ സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറിയുടെ മുന്നറിയിപ്പ്. ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റ് ബ്ലൂബര്‍ഗ് ടിവിയോട് പ്രതികരിക്കവെ പറഞ്ഞു.
◾ അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് നയം തിരിച്ചടിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഹോള്‍സെയില്‍ പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്സ് ജൂലൈയില്‍ കുതിച്ചത് 0.9 ശതമാനമെന്നാണ് ലേബര്‍ സ്റ്റാറ്റിസ്‌ക്സ് ഡേറ്റ പ്രസിദ്ധീകരിച്ച കണക്കുകള്‍ തെളിയിക്കുന്നത്. 2022 ജൂണിനുശേഷം ആദ്യമായാണ് ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്സ് ഇത്രയും പെട്ടെന്ന് കൂടുന്നത്. ഹോള്‍സെയില്‍ പ്രെയിസിലെ മാറ്റങ്ങളുടെ ഭാരം അധികം താമസിയാതെ ഉപഭോക്താക്കളിലെത്തുമെന്നാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്.
◾ ജൂണ്‍ പാദത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിപണിയില്‍ മുന്നേറ്റവുമായി മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍. ആറ് മാസത്തിനുള്ളില്‍ 23 ശതമാനത്തിലധികവും ഒരു വര്‍ഷത്തിനുള്ളില്‍ 53 ശതമാനത്തിലധികവും ഉയര്‍ച്ചയാണ് ഓഹരി രേഖപ്പെടുത്തിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 128.40 ശതമാനത്തിലധികം നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 65 ശതമാനം വര്‍ധനയുമായി 1,974 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,196 കോടി രൂപയായിരുന്നു. 2025 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികള്‍ 1,33,938 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 98,048 കോടി രൂപയെ അപേക്ഷിച്ച് 35,891 കോടി രൂപയുടെ വാര്‍ഷിക വര്‍ധനവാണ് ഇത്.
◾ ജാന്‍വി കപൂറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തുന്ന 'പരം സുന്ദരി' യുടെ ട്രെയ്‌ലര്‍ പുറത്ത്. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം മഡോക്ക് ഫിലിംസാണ്. ഓഗസ്റ്റ് 29 നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത് ചിത്രത്തില്‍. ജാന്‍വി അവതരിപ്പിക്കുന്ന നായിക സുന്ദരി കേരള സ്വദേശിയാണ്. സിദ്ധാര്‍ത്ഥിന്റെ പരം ഡല്‍ഹിക്കാരനും. കേരളത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. അതേസമയം ട്രെയ്‌ലറിലെ മോഹന്‍ലാല്‍ റഫറന്‍സും ശ്രദ്ധ നേടുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ഉത്തരേന്ത്യന്‍ പൊതുബോധത്തെ വിമര്‍ശിക്കാന്‍ ജാന്‍വി പറയുന്ന ഡയലോഗിലാണ് മോഹന്‍ലാല്‍ റഫറന്‍സ് കടന്നു വരുന്നത്. 'കേരളത്തില്‍ മോഹന്‍ലാല്‍, തമിഴിന് രജനികാന്ത്, തെലുങ്കിന് അല്ലു അര്‍ജുന്‍, കന്നഡയ്ക്ക് യാഷ്' എന്നാണ് ജാന്‍വി പറയുന്നത്. ആര്‍ഷ് വോറയും ഗ്വാര്‍വ മിശ്രയും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്.
◾ സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ ഇക്കുറി രണ്ട് പ്രധാന ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന തമിഴ് ചിത്രം 'കൂലി', ഹൃത്വിക് റോഷന്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത 'വാര്‍ 2' എന്നിവയാണ് ആ ചിത്രങ്ങള്‍. റിലീസ് ദിനത്തിലെ ആദ്യ ഷോകള്‍ക്കിപ്പുറം കൗതുകകരമായ ചില മാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയുടെ കണക്ക് അനുസരിച്ച് കൂലി അവസാന ഒരു മണിക്കൂറില്‍ വിറ്റത് 33,000 ല്‍ അധികം ടിക്കറ്റുകളാണ്. അതേസ്ഥാനത്ത് വാര്‍ 2 വിറ്റിരിക്കുന്നത് 39,000 ല്‍ അധികം ടിക്കറ്റുകളുമാണ്. അഡ്വാന്‍സ് ബുക്കിംഗില്‍ 'വാര്‍ 2' നേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു കൂലി. ഇന്ത്യയില്‍ നിന്ന് മാത്രം കൂലി 100 കോടിയില്‍ അധികം പ്രീ സെയില്‍സില്‍ നേടിയിരുന്നു. വാര്‍ 2 റിലീസ് ദിനത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേടിയ അഡ്വാന്‍സ് ബുക്കിംഗ് തുക 32.21 കോടി ആയിരുന്നു.
◾ ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്കായ ബജാജ് ഫ്രീഡത്തിന്റെ വില കുറച്ചു. ബേസ് വേരിയന്റായ എന്‍ജി04 ഡ്രം വേരിയന്റിനാണ് വില കുറച്ചിരിക്കുന്നത്. 5000 രൂപ കുറഞ്ഞു. 300 കിമീ മൈലേജ് നല്‍കുന്ന മറ്റൊരു ബൈക്ക് കംമ്യൂട്ടര്‍ സെഗ്മന്റ് വിഭാഗത്തിലില്ല. നല്ല ഇന്ധനക്ഷമത ഉള്ളതുകൊണ്ട് കൂടുതല്‍ ദൂരം സുഖമായി സഞ്ചരിക്കാം. വിപണിയിലെത്തി ആറു മാസത്തിനുള്ളില്‍ 40,000 യൂണിറ്റ് വില്‍പ്പന നടന്നിരുന്നു. സിഎന്‍ജി ഇന്ധനമായുള്ള മോഡലായതിനാല്‍ മലിനീകരണം കുറവാണ് എന്നതും ബജാജ് മോഡലിന്റെ പ്രത്യേകതയാണ്. 9.5 ബിഎച്ച്പി കരുത്തും 9.7 എന്‍എം ടോര്‍ക്കുമുള്ള 125 സിസി എന്‍ജിനാണ് ഫ്രീഡം 125ല്‍. 2 കിലോഗ്രാം സംഭരണശേഷിയുള്ള സിഎന്‍ജി ടാങ്കും 2 ലീറ്ററിന്റെ പെട്രോള്‍ ടാങ്കുമാണ് ഈ ബൈക്കിലുള്ളത്. സിഎന്‍ജിയിലും പെട്രോളിലും വാഹനം സ്റ്റാര്‍ട് ചെയ്യാം. സിഎന്‍ജി ഫ്യുവല്‍ തീര്‍ന്നാല്‍ ഓട്ടമാറ്റിക്കായി പെട്രോളിലേക്കു മാറുകയും ചെയ്യും. 2 കിലോഗ്രാം സിഎന്‍ജിയില്‍ 200 കിമീയും 2 ലീറ്റര്‍ പെട്രോളില്‍ 130 കിമീയും സഞ്ചരിക്കാനാകുമെന്നാണ് കമ്പനി ഉറപ്പുനല്‍കുന്നത്. മൊത്തം 330 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും.
◾ ഭാരതീയ കഥകളുടെ ഒരു പരിഛേദം-ഉത്തര്‍പ്രദേശ് കഥകള്‍.പ്രേംചന്ദ് യശ്പാല്‍, അമൃതറായ്, കമലേശ്വര്‍,ബംഗ് മഹിള,ജയശങ്കര്‍ പ്രസാദ് തുടങ്ങിയ ഭാരതീയ കഥാലോകത്തെ പ്രഗത്ഭരുടെ ഇരുപത്തിമൂന്ന് കഥകള്‍.കാലം, ദേശം, ഭാഷ,ജനജീവിതം തുടങ്ങിയ ലോകങ്ങളിലൂടെ വ്യത്യസ്തമായ കഥാഖ്യാനം. ജീവിതാവസ്ഥയുടെ ആദാനപ്രദാനങ്ങള്‍ സാധ്യമാക്കുന്നു. 'ഉത്തര്‍പ്രദേശ് കഥകള്‍'. ഡോ ആര്‍സു. കൈരളി ബുക്സ്. വില 313 രൂപ.
◾ ആര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഒരു വ്യായാമ രീതിയാണ് നടത്തം. ദിവസം അയ്യായിരം മുതല്‍ പതിനായിരം വരെ ചുവടുകള്‍ നടക്കുന്നവരുണ്ട്. ഏഴായിരം വരെ ചുവടുകള്‍ നടക്കുന്നത് ആരോഗ്യത്തെ പല രീതിയില്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ഹൃദയത്തിനും തലച്ചോറിനും മികച്ചതാണെന്നും സമീപകാല പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തിരിക്കിനിടെ ചുവടുകള്‍ എണ്ണി നടക്കാന്‍ ആര്‍ക്കാണ് സമയം? നടത്തം വ്യായാമമാക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു വൈറല്‍ ജാപ്പനീസ് ടെക്നിക് ആണ് ജാപ്പനീസ് ഇന്റര്‍വെല്‍ വാക്കിങ്. തുടക്കാര്‍ മുതല്‍ ഫിറ്റ്നസ് ഫ്രീക്കുകള്‍ക്ക് വരെ ജാപ്പനീസ് ഇന്റര്‍വെല്‍ വാക്കിങ് അനുയോജ്യമാണ്. ദിവസവും അര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന, മൂന്ന് മിനിറ്റ് വേഗത്തിലുള്ള നടത്തവും മൂന്ന് മിനിറ്റ് മെല്ലെയുള്ള നടത്തവും ഉള്‍പ്പെടുന്നതാണ് ജാപ്പനീസ് ഇന്റര്‍വെല്‍ വാക്കിങ് ടെക്നിക്. പരിക്കുകളില്‍ നിന്ന് സുഖപ്പെട്ട് വരുന്നവര്‍ക്കും പ്രായമായവര്‍ക്കും ജാപ്പനീസ് ഇന്റര്‍വെല്‍ വാക്കിങ് വളരെ ഗുണകരമായിരിക്കും. നടത്തത്തിന്റെ പാറ്റേണ്‍ മാറുന്നതനുസരിച്ച്, ശ്വാസമെടുക്കുന്ന ക്രമീകരിക്കാനും പെട്ടെന്നുള്ള തളര്‍ച്ചയും ക്ഷീണവും ഒഴിവാക്കാന്‍ സഹായിക്കും. വാം അപ്പ് ആയി മെല്ലെയുള്ള നടത്തത്തോടെ ആരംഭിക്കുക. ശേഷം മൂന്ന് മിനിറ്റ് കൈകള്‍ നന്നായി വീശീ ശ്വാസമെടുക്കുന്നത് വേഗത്തിലാക്കി നടക്കുക. ഇതിനെ ഫാസ്റ്റ് ഫേസ് എന്ന് പറയുന്നു. മൂന്ന് മിനിറ്റിന് ശേഷം നടത്തം മെല്ലെയും ശ്രദ്ധിച്ചുമാക്കുക. ഇതിനെ സ്ലോ ഫേസ് എന്ന് വിളിക്കുന്നു. അര മണിക്കൂര്‍ ഇത് മാറി മാറി ആര്‍ത്തിക്കുക. ജാപ്പനീസ് ഇന്റര്‍വെല്‍ വാക്കിങ്ങിന് പ്രത്യേക സജ്ജീകരണങ്ങളുടെ ആവശ്യമില്ല. മാത്രമല്ല, നമ്മുടെ ഇഷ്ടപ്രകാരം രാവിലെയോ ഉച്ചയ്ക്കോ വൈകുന്നേരമോ ചെയ്യാവുന്നതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
അറിവിന്റെ കാര്യത്തിലും അനുഭവത്തിന്റെ കാര്യത്തിലുമൊക്കെ ഒരേപോലെ ശക്തരും തുല്യരും ആയിട്ടുള്ള രണ്ടുപേരായിരുന്നു വസിഷ്ഠ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും. എന്നാല്‍ രണ്ടുപേരെയും ഒരുമിച്ചു കാണുന്ന അവസരങ്ങളില്‍ മറ്റുള്ളവരുടെ വാക്കിലും നോക്കിലും വസിഷ്ഠനോട് അല്പം ബഹുമാനക്കൂടുതല്‍ പ്രകടമായിരുന്നു. ബ്രഹ്‌മ-വിഷ്ണു-മഹേശ്വര ത്രിമൂര്‍ത്തികള്‍ക്കും വസിഷ്ഠനോടായിരുന്നു വിശ്വാമിത്രനേക്കാള്‍ ഇഷ്ടക്കൂടുതല്‍. ഇത് വിശ്വാമിത്രനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഒരുനാള്‍ മഹാവിഷ്ണുവിനെ അരികില്‍ കിട്ടിയപ്പോള്‍ വിശ്വാമിത്രന്‍ ഇതിനെക്കുറിച്ച് പരാതി പറഞ്ഞു. അതിന്റെ കാരണം എന്താണെന്നും അന്വേഷിച്ചു. മഹാവിഷ്ണു പറഞ്ഞു, 'താങ്കളുടെ സംശയം ന്യായമാണ്... പക്ഷേ താങ്കള്‍ കുറച്ചുനാള്‍ കൂടി ക്ഷമയോടെ കാത്തിരിക്കുക.. ഇതിന്റെ ശരിയായ കാരണം ഞാന്‍ അപ്പോള്‍ പറഞ്ഞുതരാം.' കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മഹാവിഷ്ണു വസിഷ്ഠനെയും വിശ്വാമിത്രനേയും വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു, 'അല്ലയോ മഹര്‍ഷികളെ, നിങ്ങള്‍ രണ്ടുപേരും ശ്രേഷ്ഠരില്‍ ശ്രേഷ്ഠരാണ്. അതേപോലെത്തന്നെ നിങ്ങളുടെ കര്‍മങ്ങളെ ഒരു മുടക്കവും കൂടാതെ സദാ അനുഷ്ഠിക്കുന്നവരുമാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളെ ഒരു കാര്യം ഏല്‍പ്പിക്കുന്നു.' മഹാവിഷ്ണുവിന്റെ വാക്കുകള്‍ക്ക് കാതു കൂര്‍പ്പിച്ചിരുന്ന വസിഷ്ഠനോടും വിശ്വാമിത്രനോടുമായി മഹാവിഷ്ണു തുടര്‍ന്നു, 'കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ രണ്ടുപേരും നിങ്ങളെക്കാള്‍ താഴ്ന്ന നിലയിലുള്ള 101 പേര്‍ക്ക് സദ്യ ഊട്ടണം. അത് കഴിഞ്ഞതിനു ശേഷം എന്നെ വന്ന് കാണണം'. മഹാ വിഷ്ണുവിന്റെ നിര്‍ദേശം സ്വീകരിച്ച അവര്‍ അവിടെ നിന്നും പോയി. പിറ്റേ ദിവസം വൈകുന്നേരമാവുമ്പോഴേക്കും വിശ്വാമിത്രന്‍ മഹാവിഷ്ണുവിന്റെ സമീപത്ത് തിരിച്ചെത്തി. മഹാവിഷ്ണുവിനെ പ്രണമിച്ചുകൊണ്ട് വിശ്വാമിത്രന്‍ പറഞ്ഞു, 'ഞാന്‍ 101 അല്ല 1001പേര്‍ക്ക് വിഭവ സമൃദ്ധമായ സദ്യ വിളമ്പിയിരിക്കുന്നു. ഇനി പറയൂ ഞാന്‍ തന്നെയല്ലേ വസി ഷ്ഠനെക്കാള്‍ കേമന്‍?' മഹാവിഷ്ണു പറഞ്ഞു, 'തരക്കേടില്ല.. എങ്കിലും വസിഷ്ഠന്‍ കൂടി വരട്ടെ. അതിനു ശേഷം താങ്കള്‍ക്ക് പോകാം. അതുവരെ വിശ്രമിക്കൂ.' കുറേ നാളുകള്‍ക്ക് ശേഷമാണ് വസിഷ്ഠന്‍ തിരിച്ചെത്തുന്നത്. അലഞ്ഞു തിരിഞ്ഞ് ആകെ ക്ഷീണിച്ച് അവശനായിട്ടാണ് വരവ്. കണ്ട ഉടനെ മഹാവിഷ്ണു ചോദിച്ചു, 'എന്താണ് താങ്കള്‍ ഇത്രയും വൈകിയത്? താങ്കള്‍ വല്ലാതെ ക്ഷീണിച്ച് അവശനായിട്ടുണ്ടല്ലോ?'... അപ്പോള്‍ അതീവ ദു:ഖത്തോടുകൂടി വസിഷ്ഠന്‍ പറഞ്ഞു, 'അങ്ങ് എന്നോട് ക്ഷമിക്കണം. അങ്ങ് എന്നെ ഏല്‍പ്പിച്ച കര്‍മം നിര്‍വഹിക്കാനായിട്ട് എനിക്ക് സാധിച്ചില്ല. എന്നെക്കാള്‍ താഴ്ന്ന നിലയിലുള്ള ഒരാളെപ്പോലും ഭൂമിയില്‍ എനിക്ക് കണ്ടെത്താനായില്ല. മനുഷ്യര്‍ മാത്രമല്ല പക്ഷി മൃഗാദികള്‍ പോലും എന്നെക്കാള്‍ ശ്രേഷ്ഠരാണ്. അപ്പോള്‍ എങ്ങനെയാണ് ഞാന്‍ എന്നെക്കാള്‍ താഴ്ന്ന നിലയിലുള്ളവരെ ഊട്ടുന്നത്? 'അതുകേട്ടപ്പോള്‍ മഹാവിഷ്ണു വിശ്വാമിത്രനെ നോക്കി ചോദിച്ചു, 'താങ്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായോ എന്തുകൊണ്ടാണ് വസിഷ്ഠനെ മറ്റുള്ളവര്‍ കൂടുതല്‍ ആദരിക്കുന്നതെന്ന്? ഈ ലോകത്തിലുള്ളവരെല്ലാവരും താങ്കളെക്കാള്‍ താഴെയാണെന്നും താങ്കള്‍ എല്ലാവര്‍ക്കും മേലെയാണെന്നും താങ്കള്‍ വിശ്വസിക്കുന്നു. എന്നാല്‍ വസിഷ്ഠനാകട്ടെ എല്ലാവരും തന്നേക്കാള്‍ വലിയവരാണ് എന്ന വിശ്വാസക്കാരനാണ്. താങ്കളുടെ ഈ അഹന്തയേക്കാള്‍ വസിഷ്ഠന്റെ വിനയമാണ് ആളുകള്‍ക്ക് ഇഷ്ടം.' നമ്മുടെ മനസ്സിലെ ഏറ്റവും വലിയ മാലിന്യമാണ് അഹങ്കാരം. നമുക്ക് എന്തെല്ലാം അറിവുകളും അനുഭവങ്ങളും ഉണ്ടെങ്കിലും വിനയമില്ലെങ്കില്‍ അത്തരം അറിവുകള്‍ കൊണ്ടും അനുഭവങ്ങള്‍ കൊണ്ടും യാതൊരു പ്രയോജനവും ഉണ്ടാവില്ല. - ശുഭദിനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍