കാണാതായ മാല തിരിച്ചേൽപ്പിച്ചു; കൂടെ അജ്ഞാതന്റെ ഹൃദയസ്പർശിയായ കുറിപ്പും

കുണ്ടംകുഴി : കാസർകോട് റവന്യൂ ഉദ്യോഗസ്ഥന്‍ ദാമോദരന്റെ ഭാര്യയുടെ മാല കളഞ്ഞുപോയെന്ന് കാണിച്ച് ഫെയ്സ് ബുക്കിൽ കുറിപ്പിടുകയും ബേഡുക പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ തിരിച്ചുകിട്ടിയ മാലയോടൊപ്പം അജ്ഞാതനായ ആളുടെ ഹൃദയസ്പർശിയായ കുറിപ്പും കൂടി ദാമോദരന്റെ കുടുംബത്തെ തേടിയെത്തി. അജ്ഞാതന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്.

പൊയിനാച്ചി-പറമ്പ് യാത്രാ മദ്ധ്യേ അക്ഷയ ബസിൽ വച്ചാണ് മാല നഷ്ടമായത്. ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെകില്‍ ദയവു ചെയ്തു തിരികെ ഏല്‍പ്പിക്കണം എന്നും താലിമാലയാണ് നഷ്ടമായതെന്നും മാലയുടെ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ ദാമോദരന്‍ പോസ്റ്റ് ചെയ്തിരുന്നു. വാട്സപ്പ് വഴി സംഭവം പ്രചരിക്കുകയും ചെയ്തു. മാല കിട്ടിയ അജ്ഞാതനും വായിച്ചു വാട്സപ്പ് സന്ദേശം. തനിക്ക് കിട്ടിയത് കെട്ടുതാലിയാണെന്ന് അറിഞ്ഞ അജ്ഞാതൻ ഉടമസ്ഥരുടെ മേൽവിലാസം കണ്ടെത്തുകയും വീട്ടിൽ ആരും കാണാതെ കൊണ്ടുവക്കുകയും ചെയ്തു. മാലയോടൊപ്പം പശ്ചാതപിച്ചുകൊണ്ടുള്ള കുറിപ്പും കൂടെ ഉണ്ടായിരുന്നു.മാല തിരിച്ച് കിട്ടിയെന്ന് ദാമോദരൻ കുറിപ്പിട്ടതിനോടൊപ്പം കുറിപ്പുകൂടി ഫെയ്സ് ബുക്കിൽ നന്ദിയോടെ പോസ്റ്റ് ചെയ്തു.

താലി മാലയോടൊപ്പമുണ്ടായ കത്തിന്റെ പൂര്‍ണ രൂപം ;
ഈ മാല എന്റെ കൈയില്‍ കിട്ടിയിട്ട് ഇന്നേക്ക് 9 ദിവസമായി. ആദ്യം സന്തോഷിച്ചു എന്നാല്‍ കൈയില്‍ എടുക്കുന്തോറും നെഗറ്റീവ് ഫീലിങ് ഒരു വിറയല്‍ പിന്നെ കുറേ ആലോചിച്ചു എന്ത് ചെയ്യണം
വാട്‌സാപില്‍ മെസേജ് കണ്ടു കെട്ടു താലിയാണ് പിന്നെ തീരുമാനിച്ചു വേണ്ട ആരാന്റെ മുതല്‍ വേണ്ടാന്ന്
അങ്ങിനെ വിലാസം കണ്ടുപിടിച്ചു. ഞാന്‍ എന്നെ പരിചയപ്പെടുത്തുന്നില്ല
ഇത്രയും ദിവസം മാല കൈയില്‍ വെച്ചതിന് മാപ്പ് വേദനിപ്പിച്ചതിനും

മാപ്പ്........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍