ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

താമരശ്ശേരി: ചിപ്പിലിത്തോട് -   തുഷാരഗിരി റോഡിലെ വട്ടച്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഉള്ള്യേരി സ്വദേശികളായ മൂന്ന് പേർ സഞ്ചരിച്ചിരുന്ന കാറാണ്  അഗ്നിക്കിരയായത്. കാറിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയർന്നതോടെ യാത്രക്കാർ വേഗം ഡോർ തുറന്ന് പുറത്തിറങ്ങി. തൊട്ടുപിന്നാലെ തീ ആളിപ്പടർന്ന് വാഹനം പൂർണമായി കത്തിനശിച്ചു.

സംഭവത്തെ തുടർന്ന് മുക്കം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കാറിലുണ്ടായിരുന്ന മൂന്ന് പേരും വേഗത്തിൽ ഇറങ്ങിയതിനാൽ ജീവൻ നഷ്ടമാകാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലിസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം തീപിടിച്ചത് റെനോയുടെ ഡസ്റ്റർ കാർ ആണെന്ന് അപകട സമയത്ത് ആളുകൾ പകർത്തിയ വീഡിയോ ദ്യശ്യങ്ങളിൽ വ്യക്തമാണ്.

വാഹനപ്രേമികൾക്കിടയിൽ പ്രത്യേകിച്ച് റെനോ ഡസ്റ്റർ ഉടമകൾക്കിടയിൽ ഹൈറേഞ്ച് യാത്രകളിൽ വാഹനത്തിന് തീപിടിക്കുന്നുവെന്നതിൽ കുറച്ച് നാളുകളായി ആശങ്ക ശക്തമാണ്. ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇന്ന്   ചിപ്പിലിത്തോട്  -തുഷാരഗിരി റോഡിലും സംഭവിച്ചത്. ഭാ​ഗ്യത്തിനാണ് കാർ യാത്രക്കാർ രക്ഷപ്പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തിലും അല്ലാതെയും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ, പ്രത്യേകിച്ച് ഫെയ്സ്ബുക്കിൽ എല്ലാം വാഹനപ്രേമികളും മെക്കാനിക്കുകളും ഉന്നയിക്കുന്ന ഒരു പ്രധാന ആരോപണം, എഞ്ചിൻ ബേയിലെ ഷീൽഡ് അയഞ്ഞ് എക്സ്ഹോസ്റ്റ് പൈപ്പിൽ വീണ് ചൂടാകുന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ്. എന്നാൽ, ഈ വാദത്തിന്റെ സത്യാവസ്ഥ എന്താണ്? നോക്കാം.

റെനോ ഷോറൂമിലെ സർവീസ് ഹെഡ് പറയുന്നത് പ്രകാരം  ഇൻസുലേഷൻ അയഞ്ഞ് എക്സ്ഹോസ്റ്റ് പൈപ്പിൽ മുട്ടി തീപിടിക്കാനുള്ള സാധ്യത തീർത്തും നിഷേധിച്ചു. റെനോ ഡസ്റ്റർ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും ഷോറൂമിൽ എത്തുമ്പോൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുകയും, എന്തെങ്കിലും കുറവുകൾ കണ്ടെത്തിയാൽ അപ്പോൾ തന്നെ പരിഹരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തീപിടിത്തത്തിന് പിന്നിൽ?

അന്വേഷണത്തിൽ വെളിവായത്, പുതിയ വാഹനം വാങ്ങിയവർ പലപ്പോഴും ആഫ്റ്റർ മാർക്കറ്റ് ആക്സസറികൾ വാങ്ങി ലോക്കൽ വർക്ഷോപ്പുകളിൽ ഘടിപ്പിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത് എന്നാണ്. ഷോറൂമുകളിൽ ലഭ്യമായ ഇത്തരം ആക്സസറികൾ വില കൂടുതലുള്ളതിനാൽ, ഓൺലൈനിൽ വാങ്ങി ചെറിയ വർക്ഷോപ്പുകളിൽ ഘടിപ്പിക്കുന്ന പ്രവണത വ്യാപകമാണ്. എന്നാൽ, ചില ലോക്കൽ വർക് ഷോപ്പുകളിലെ അശ്രദ്ധമായ വയറിങ് ഷോർട്ട് സർക്യൂട്ടിന് കാരണമാകുന്നുണ്ട്.
ഹൈറേഞ്ച് യാത്രകളിൽ വാഹനം അമിതമായി ചൂടാകുമ്പോൾ, ഗുണനിലവാരമില്ലാത്ത വയറിങ് ഉപയോഗിച്ച ആക്സസറികൾ എളുപ്പത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാക്കി തീപിടിത്തത്തിന് ഇടയാക്കുന്നു. 

റെനോയുടെ മറുപടി

റെനോയുടെ ഔദ്യോഗിക സർവീസ് സെന്ററുകളിൽ ഇതുവരെ തീപിടിത്തവുമായി ബന്ധപ്പെട്ട ഒരു പരാതിയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കമ്പനി നിർദ്ദേശിക്കുന്ന മോഡിഫിക്കേഷനുകൾ മാത്രം നടത്തുകയും, സർവീസുകൾ ഷോറൂമുകളിൽ നിന്ന് തന്നെ നടത്തുകയും ചെയ്യണമെന്ന് അവർ ഉപദേശിക്കുന്നു.

വാഹന ഉടമകൾക്ക് ഉപദേശം

കമ്പനി ഫിറ്റഡ് ആക്സസറികൾ മാത്രം ഉപയോഗിക്കുക.വയറിങ് അല്ലെങ്കിൽ ഇലക്ട്രിക്കൽ മോഡിഫിക്കേഷനുകൾ ഔദ്യോഗിക സർവീസ് സെന്ററുകളിൽ നിന്ന് നടത്തുക.ലോക്കൽ വർക്ഷോപ്പുകളിൽ ഗുണനിലവാരമില്ലാത്ത വയറിങ് ഒഴിവാക്കുക.

സർവീസ് സെന്ററുകളിൽ നിന്നുള്ള പതിവ് പരിശോധന ഉറപ്പാക്കുക.

വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ, ആയിരം രൂപയുടെ ലാഭം നോക്കി ജീവൻ അപകടത്തിലാക്കരുതെന്ന് വാഹന വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ വിശ്വസിക്കുന്നതിന് മുമ്പ്, ഔദ്യോഗിക സർവീസ് സെന്ററുകളുമായോ മറ്റ് ഡസ്റ്റർ ഉടമകളുമായോ ആശയവിനിമയം നടത്തുന്നത് നല്ലതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍