സഹോദരിമാരുടെ കൊലപാതകം; ഒളിവിലായിരുന്ന സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: തടമ്പാട്ടുത്താഴം ഫ്ളോറിക്കന്‍ റോഡില്‍ സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന സഹോദരന്‍ മരിച്ച നിലയില്‍. കരിക്കാംകുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രമോദി(60)നെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലശ്ശേരിയിലെ ബീച്ചിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിമാരായ ശ്രീജയ (72), പുഷ്പ (68) എന്നിവരുടെ കൊലയ്ക്ക് ശേഷം നടന്നു പോകുന്ന പ്രമോദിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സഹോദരിമാരും പ്രമോദും ഏറെ സ്നേഹത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. സഹോദരിമാരുടെ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍കൊണ്ട് മറ്റ് വഴികളില്ലാത്തതിനാലാകാം പ്രമോദ് കൊലപാതകം നടത്തിയതെന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പൊലീസ് സംഘം തലശ്ശേരിയിലേക്ക് പുറപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു തടമ്പാട്ടുത്താഴത്തെ വീട്ടിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതശരീരം പൊതുദര്‍ശനത്തിന് വെക്കുന്നത് പോലെ വെള്ള പുതപ്പിച്ച നിലയിൽ രണ്ട് മുറികളിലായിരുന്നു. പ്രമോദ് തന്നെയായിരുന്നു സഹോദരിമാരുടെ മരണ വിവരം ബന്ധുക്കളെ വിളിച്ചറിയിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെ പ്രമോദ് ഒരു സഹോദരി മരിച്ചെന്ന് ബന്ധുവിനെ വിളിച്ചു പറയുകയായിരുന്നു. ഇയാള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെയും രണ്ട് മുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തുഞെരിഞ്ഞാണ് സഹോദരിമാരുടെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍