നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് 12 കാരൻ മരിച്ചു
തേഞ്ഞിപ്പലം: ദേശീയപാത 66 ൽ ആറുവരിപാതയിൽ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തില്‍ പന്ത്രണ്ടുകാരൻ മരിച്ചു. കലിക്കറ്റ് സർവകലാശാലക്കടുത്ത് കോഹിനൂരിലാണ് ഞായറാഴ്ച പകൽ ഒന്നരയോടെ ആറുവരിപാതയുടെ വശത്ത് നിർത്തിയ കണ്ടയിനർ ലോറിയിൽ കാറിടിച്ച് യാത്രക്കാരനായ വിദ്യാർഥി മരിച്ചത്. ആറ് പേർക്ക് പരിക്കേറ്റു.
ഫറോക്ക് പെരുമുഖം കളത്തിങ്ങൽ ഹൗസിൽ അഹമ്മദ് ഇഹ്സാൻ (12) ആണ് മരിച്ചത്. മാതാവ് നുസ്രത്ത് (37), സഹോദരൻ അഹമ്മദ് അമാൻ (9) കാർ ഡ്രൈവറും ബന്ധുവുമായ കൊളത്തറ റഹ്മാൻ ബസാറിൽ തൊണ്ടിയിൽ വീട്ടിൽ മുഹമ്മദ് അഹ്ദഫ് (20), ബന്ധുക്കളായ റഹിമാൻ ബസാർ തൊണ്ടിയിൽ വീട്ടിൽ ആയിശ ഹാനിയ (12), തൊണ്ടിയിൽ വീട്ടിൽ മുഹമ്മത് ഹായ്സൺ (7) തൊണ്ടിയിൽ വീട്ടിൽ മുഹമ്മത് ഹംദാൻ (11), പെരുമുഖം സൈഫുന്നീസ മൻസിലിൽ ഹംദ ഫാത്തിമ (10) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമുഖത്ത് നിന്നും വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി വെളിമുക്ക് പാലക്കലിലേക്ക് പോകുകയായിരുന്നു കാറിലുള്ളവർ. കോഹിനൂർ ആറുവരിപാതയുടെ വശത്ത് നിർത്തിയിട്ട ജനറേറ്റർ കയറ്റിയ കണ്ടയിനർ ലോറിയുടെ മധ്യഭാഗത്ത് ഇടിച്ച് മുന്നോട്ട് പോയ കാർ റോഡിൻ്റെ വശത്തുള്ള ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. കാറിൽ നിന്നും പലരും പുറത്തേക്ക് തെറിച്ചു വീണു. ഇടിച്ച ലോറിക്ക് മുന്നിൽ നിർത്തിയിട്ട മറ്റൊരു ലോറിയുടെ അടിയിലേക്ക് തെറിച്ചു വീണ ഇഹ്സാൻ്റെ തലക്ക് സാരമായി പരിക്കേറ്റു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം തിരൂരങ്ങാടി ഗവ. താലൂക്കാശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച പെരുമുഖം എണ്ണക്കാട് ജുമാ മസ്ജിദിൽ ഖബറടക്കും.
പിതാവ്: ഇർഷാൻ (ജിദ്ദ). വെള്ളിയാഴ്ച രാത്രി ദേശീയ പാത 66ൽ തന്നെ തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് ദർസ് വിദ്യാർത്ഥികൾ മരിച്ചിരുന്നു. ആഗസ്തിൽ കലിക്കറ്റ് സർവ്വകലാശാലക്കടുത്ത് തന്നെ പൈങ്ങോട്ടുമാടിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ദോസ്ത് മിനി ലോറി ഇടിച്ചും രണ്ട് പേർ മരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍