പള്ളി ഇമാമിന്റെ മുറിയില്‍നിന്ന് 1.33 ലക്ഷവും സ്വര്‍ണമോതിരവും കവര്‍ന്നു; പിന്തുടര്‍ന്ന് പിടികൂടി പോലീസ്
ഇരിക്കൂര്‍: പകല്‍ പള്ളി ഇമാമിന്റെ കിടപ്പുമുറിയില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവാവിനെ പൊലീസ് സാഹസികമായി പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ഇരിക്കൂര്‍ സിദ്ദീഖ് നഗര്‍ അബൂബക്കര്‍ സിദ്ദീഖ് മസ്ജിദ് ഇമാം ബീഹാര്‍ സ്വദേശി ആസിഫ് അലാഹിയുടെ സ്റ്റീല്‍ അലമാരയും ഷെല്‍ഫും കുത്തിത്തുറന്നാണ് 1.33 ലക്ഷം രൂപയും സ്വര്‍ണമോതിരവും കവര്‍ച്ച ചെയ്തത്. മംഗളുരു ഉള്ളാല്‍ സ്വദേശി മുഹമ്മദ് മുന്നയെ (42) ഇരിക്കൂര്‍ എസ്.എച്ച്ഒ. രാജേഷ് ആയോടന്റെ മേല്‍നോട്ടത്തില്‍ ഇരിക്കൂര്‍ എസ്ഐ കെ.വി. സത്യനാഥന്‍ അറസ്റ്റ് ചെയ്തു.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിന്‍തുടര്‍ന്ന് പൊലീസ് ഉള്ളാളില്‍ എത്തിയെങ്കിലും ഇയാള്‍ ട്രെയിന്‍വഴി കണ്ണൂരിലേക്കും അവിടെനിന്ന് ബസില്‍ കയറി ഇരിക്കൂറിലേക്കും പോയിരുന്നു. ഇരിക്കൂര്‍ ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പിന്തുടര്‍ന്ന് പോലീസ് പിടിച്ചു. പ്രതിയെ പിടികൂടിയ സംഘത്തില്‍ ഇരിട്ടി ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജയദേവന്‍, നിജീഷ്, സുമേഷ്, രതീഷ് എന്നിവരും ഉണ്ടായിരുന്നു.
