പ്രഭാത വാർത്തകൾ

2025  ഡിസംബർ 10  ബുധൻ 
1201  വൃശ്ചികം 24   മകം 
1447  ജ : ആഖിർ 19

◾ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേയുള്ളത് ശബ്ദിക്കുന്ന തെളിവുകളാണെന്നും ദിലീപിനെതിരേ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാകുന്ന തെളിവുകള്‍ ശരിയായി വിലയിരുത്തുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നും പ്രോസിക്യൂഷന്‍ വിലയിരുത്തല്‍. പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദം നിഷേധിക്കുന്ന ഫോട്ടോ അടക്കം ഉണ്ടെന്നും  നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന്റെ കൈവശം എത്തിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഹാജരാക്കാനായെന്നും പ്രോസിക്യൂഷന്‍ അവകാശപ്പെടുന്നു. തന്റെ മൊബൈല്‍ഫോണിലെ തെളിവ് നശിപ്പിക്കാന്‍ ദിലീപ് മുതിര്‍ന്നതിന്റെയും സാക്ഷികളെയും ജുഡീഷ്യല്‍ ഓഫീസര്‍മാരെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകളും ഹാജരാക്കിയതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

◾ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്. തെറ്റായ പ്രോസിക്യൂഷന്‍ നടപടിയിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ ദിലീപ് നിയമനടപടിക്ക് ഒരുങ്ങുന്നത്. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചുവെന്നുമാണ് ദിലീപിന്റെ ആരോപണം.

◾  ഇടതു സഹയാത്രികനും മുന്‍ എംഎല്‍എയുമായ സിനിമാസംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ, സ്ത്രീത്വത്തെ അപമാനിച്ചെന്ന സംവിധായികയുടെ പരാതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിച്ചിട്ടും ദിവസങ്ങള്‍ കഴിഞ്ഞാണു പൊലീസിനു കൈമാറിയതെന്ന് ആക്ഷേപം. നവംബര്‍ 27ന് ലഭിച്ച പരാതി ഡിസംബര്‍ 2നാണ് കന്റോണ്‍മെന്റ് പൊലീസിനു കൈമാറിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി ലഭിച്ച ദിവസം തന്നെ എഡിജിപിയെ വിളിച്ചുവരുത്തി രാത്രിയോടെ കേസെടുപ്പിച്ചിരുന്നു. എന്നാല്‍ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കേസെടുത്തത് ഡിസംബര്‍ എട്ടിനാണ്. വിവരം പുറത്തറിയുമെന്ന ഘട്ടം വന്നതോടെയാണ് 12 ദിവസത്തിനു ശേഷം പൊലീസ് കേസെടുത്തതെന്നും ആരോപണമുണ്ട്.
◾  സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍, 7 ജില്ലകളില്‍ ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 70.9 % പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരം 67.4, കൊല്ലം 70.36, പത്തനംതിട്ട 66.78, ആലപ്പുഴ 73.76, കോട്ടയം 70.94, ഇടുക്കി 71.77, എറണാകുളം 74.58 എന്നിങ്ങനെയാണ് പോളിങ് ശതമാനം.

◾  സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. നാളെ വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്നലെ പരസ്യപ്രചാരണം സമാപിച്ചു. ആവേശം നിറഞ്ഞുനിന്ന കൊട്ടിക്കലാശത്തിനിടെ പലയിടത്തും പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഏഴ് ജില്ലകളിലും ഇന്ന് നിശബ്ദ പ്രചാരണം.

◾  കോഴിക്കോട് കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് നേതാവ് കെ ജയന്തിന് പ്രചാരണ വാഹനത്തില്‍ നിന്ന് വീണു പരിക്കേറ്റു. വാരിയല്ലിനും ശ്വാസകോശത്തിനും ക്ഷതമേറ്റ ജയന്തിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പാളയത്ത് കൊട്ടിക്കലാശത്തിനിടെയാണ് സംഭവം.

◾  തിരുവനന്തപുരത്തും എറണാകുളത്തും പോളിംഗ് ബൂത്തില്‍ വച്ച് വോട്ടര്‍മാര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തി കുഴഞ്ഞുവീണ ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് എറണാകുളത്ത് മരിച്ചത്. തിരുവല്ലം മണമേല്‍ പ്ലാങ്ങല്‍ വീട്ടില്‍ ശാന്ത(73) ആണ് തിരുവനന്തപുരത്ത് മരിച്ചത്. തിരുവല്ലം വാര്‍ഡില്‍പ്പെട്ട പാച്ചല്ലൂര്‍ ഗവ. എല്‍പി സ്‌കൂളിലെ ആറാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഇവര്‍. നടപടിക്രമങ്ങള്‍ക്കുശേഷം ചൂണ്ടുവിരലില്‍ മഷി പുരട്ടി ബൂത്തില്‍ കയറവേ കുഴഞ്ഞു വീഴുകയായിരുന്നു.
◾  ലീഗ് വനിതാ സ്ഥാനാര്‍ഥി ബിജെപി പ്രവര്‍ത്തകനൊപ്പം ഒളിച്ചോടി. കണ്ണൂര്‍ ചൊക്ലി ഗ്രാമപഞ്ചായത്തില്‍ കമൂന്ന് ദിവസമായി കാണാതായെന്ന് പരാതി ലഭിച്ച യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയെ ആണ്‍സുഹൃത്തിനൊപ്പം വിട്ടയച്ചതായി പോലീസ്. മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് ആണ്‍സുഹൃത്തിനൊപ്പം വിട്ടയച്ചത്. ശക്തമായ പോരാട്ടം നടക്കുന്ന വാര്‍ഡിലെ വോട്ട് ഭിന്നിപ്പിക്കാന്‍ സിപിഎം നടത്തുന്ന നാടകമെന്നായിരുന്നു യുവതിയെ കാണാതായതോടെ യുഡിഎഫ് ആരോപിച്ചിരുന്നത്.

◾  തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശത്തിനിടെ പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, തുരങ്കപാത, തീരദേശ ഹൈവേ അടക്കം കെ റെയില്‍ വരെ യുഡിഎഫ് എതിര്‍ത്ത പദ്ധതികളിലെ ഇപ്പോഴത്തെ നിലപാട് തുറന്ന് പറയണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കേരളത്തില്‍ നടക്കുന്ന ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നിട്ടുണ്ടോ? കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ നല്‍കിയ ഭക്ഷ്യകിറ്റിനെ പോലും തെറ്റായ വ്യാഖ്യാനം നല്‍കി പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടില്ലേ? എന്തിനെയും എതിര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ തയ്യാറായിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

◾  വി സി നിയമന തര്‍ക്കത്തില്‍ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാരെന്ന് റിപ്പോര്‍ട്ടുകള്‍. നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും ഇന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കാണും. കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല നിയമന തര്‍ക്കത്തിനിടെയാണ് കൂടിക്കാഴ്ച.

◾  ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുല്‍മേട് വഴിയുള്ള തീര്‍ത്ഥാടകര്‍ക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാന്‍ ബിഎസ്എന്‍എല്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിക്കുന്നു. മകരവിളക്ക് ദര്‍ശനത്തിനായി പതിനായിരങ്ങള്‍ തടിച്ചുകൂടുന്ന പുല്‍മേട്ടില്‍ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്കാണ് ഈ അധിക സംവിധാനം ഏര്‍പ്പെടുത്തുന്നത്.

◾  ശബരിമല പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഇന്നലെ 51 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ചാലക്കയത്താണ് അപകടമുണ്ടായത്. പമ്പയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോയ ചെയിന്‍ സര്‍വീസ് ബസുമാണ് കൂട്ടിയിടിച്ചത്.

◾  എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്ര പ്രിയ(19)യെ ആണ് സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തിലെ ഗ്രൗണ്ടില്‍ കൊല്ലപ്പെട്ട നിലയില്‍ ഇന്നലെ കണ്ടെത്തിയത്.  ബെംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ചയാണ് കാണാതായത്. പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

◾  ശബരിമലയില്‍ തിരക്ക് തുടരുന്നു. ഇന്നലെ വൈകീട്ട് ആറ് മണി വരെ ദര്‍ശനം നടത്തിയത് 75,463 ഭക്തരാണ്. തിരക്ക് അനുസരിച്ച് പമ്പയില്‍ നിന്നും നിലയ്ക്കല്‍ നിന്നും ബാച്ചുകളായി തിരിച്ചാണ് വിശ്വാസികളെ മല കയറാന്‍ അനുവദിക്കുന്നത്. 

◾  അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന ഒന്നര വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. തൃശൂര്‍ തൊഴിയൂര്‍ രാപറമ്പില്‍ പടിക്കളത്തില്‍ റംഷാദിന്റെ മകന്‍ നിഷാനിനാണ് കടിയേറ്റത്. മുഖത്ത് പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഈ കുട്ടിയെ കൂടാതെ നായയുടെ കടിയേറ്റ നായരങ്ങാടി അണ്ടിക്കേട്ട് കടവ് സ്വദേശി ജിതേഷിന്റെ മകള്‍ അഞ്ജലി (3), കര്‍ണ്ണാക്കില്‍ സ്വദേശി കായില്‍ മുസ്തഫ മകള്‍ കിസ്മത്ത് (10), കല്ലൂര്‍ സ്വദേശി എല്‍സി (69) എന്നിവവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾  വോട്ടര്‍ പട്ടിക പരിഷ്‌ക്കരണ ചര്‍ച്ചയില്‍ ലോക്സഭയില്‍ വാക്കേറ്റം. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ രാജ്യദ്രോഹം വോട്ട് മോഷണമാണെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. സര്‍വകാശാലകളെയും അന്വേഷണ ഏജന്‍സികളെയും നിയന്ത്രണത്തിലാക്കിയ ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വരുതിയിലാക്കി കഴിഞ്ഞെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അടുപ്പക്കാരായിരുന്നു യുപിഎ ഭരണഘടന സ്ഥാപനങ്ങളുടെ തലപ്പെത്തെന്നും, സര്‍ദാര്‍ പട്ടേലിനെ വെട്ടി നെഹ്റു പ്രധാനമന്ത്രിയായതാണ് രാജ്യത്തെ ആദ്യ വോട്ട് ചോരിയെന്നും ബിജെപി തിരിച്ചടിച്ചു.

◾  മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് നല്‍കി പ്രതിപക്ഷ നേതാക്കള്‍. ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്കുമ്പോള്‍ പ്രിയങ്കാ ഗാന്ധിയും, അഖിലേഷ് യാദവും കനിമൊഴിക്കൊപ്പം ഉണ്ടായിരുന്നു. ആകെ 107 എംപിമാരാണ് നോട്ടീസില്‍ ഒപ്പിട്ടിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ജഡ്ജിയാണ് ജി ആര്‍ സ്വാമിനാഥന്‍. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ 2017 ലെ ഉത്തരവിന് വിരുദ്ധമായാണ് തമിഴ്നാട് മധുര തിരുപ്പരന്‍കുന്ദ്രം മലയില്‍ സിക്കന്ദര്‍ ദര്‍ഗയുടെ സമീപം ദീപം തെളിക്കാന്‍ ജസ്റ്റിസ് സ്വാമിനാഥന്‍ ഉത്തരവിട്ടതെന്നാണ് ആരോപണം.

◾  കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ രൂപീകരിച്ചതായി കേന്ദ്രം ലോക്‌സഭയില്‍ അറിയിച്ചു. 50.14 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഏകദേശം 69 ലക്ഷം പെന്‍ഷന്‍കാരും കമ്മീഷന്റെ പരിധിയില്‍ വരും. എന്നാല്‍, കമ്മീഷന്‍ നടപ്പാക്കുന്ന തീയതിയും അതിനുവേണ്ട ഫണ്ടിംഗും എങ്ങനെ കണ്ടെത്തുമെന്നുമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

◾  വിമാന യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ട ഇന്‍ഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടി തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. പത്ത് ശതമാനം ഇന്‍ഡിഗോ സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദേശം നല്‍കിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു അറിയിച്ചു. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സണ്‍ മന്ത്രിയുടെ മുന്നില്‍ കൈകൂപ്പുന്ന ചിത്രം അടക്കമാണ് കേന്ദ്രനമന്ത്രിയുടെ ട്വീറ്റ്. സിഇഒയെ ഇന്നലേയും മന്ത്രി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. അമിത നിരക്ക് വര്‍ദ്ധന തടയണം എന്നതടക്കമുള്ള നിര്‍ദേശങ്ങളില്‍ ഒരിളവും ഇന്‍ഡിഗോയ്ക്ക് നല്കില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡിഗോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കാനും നിര്‍ദ്ദേശം നല്കും. സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്നുവെന്നും യാത്രക്കാര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നും വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു ലോക്സഭയില്‍ പറഞ്ഞു

◾  വായു മലിനീകരണത്തോത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ദില്ലിനഗരത്തിലെ എല്ലാ ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും, ഓപ്പണ്‍ ഈറ്ററികളിലും ഗ്രില്ലിംഗിങ്ങിനായി കല്‍ക്കരിയും വിറകും ഉപയോഗിക്കുന്ന തന്തൂര്‍ അടുപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി. ഇത് പ്രകാരം എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഇലക്ട്രിക്, ഗ്യാസ് അല്ലെങ്കില്‍ മറ്റു ശുദ്ധ ഇന്ധനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശം. കല്‍ക്കരിയും വിറകും വലിയ തോതില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് നിലവാരത്തെ ബാധിക്കും എന്നതിനാലാണിത്.

◾  അനില്‍ അംബാനിയുടെ മകനെതിരെ ക്രിമിനല്‍ കേസെടുത്ത് സിബിഐ. ജയ് അന്‍മോല്‍ അനില്‍ അംബാനിക്കെതിരെയാണ് കേസ്. അംബാനിയുടെ കമ്പനിയായ റിലയന്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ടുള്ള ബാങ്ക് തട്ടിപ്പ് കേസിലാണ് നടപടി. കമ്പനിയെയും കമ്പനി സിഇഒയെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. തട്ടിപ്പിലൂടെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യക്ക് 228 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി.

◾  മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം. ദില്ലിയിലെ കര്‍കര്‍ദൂമ കോടതി പരിസരത്തുവച്ചാണ് അഭിഭാഷകനായ രാകേഷ് കിഷോറിനെ ഒരാള്‍ ചെരുപ്പൂരി അടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിനാണ് രാകേഷ് കിഷോര്‍ ജസ്റ്റിസ് ഗവായ്ക്കെതിരെ ഷൂ എറിഞ്ഞത്. ഒന്നാം നമ്പര്‍ കോടതിയില്‍ ചീഫ് ജസ്റ്റിസ് ഗവായ് ആദ്യ കേസ് കേള്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് സംഭവം നടന്നത്.

◾  മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശേഷി വികസിപ്പിക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള ഈ സോഫ്‌റ്റ്വെയര്‍ ഭീമന്‍ ഏഷ്യയിലെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപം പ്രഖ്യാപിച്ചു. 17.5 ബില്യണ്‍ യുഎസ് ഡോളര്‍, അതായത് ഏകദേശം 1.5 ലക്ഷം കോടി രൂപ ആണ് കമ്പനി ഇന്ത്യയില്‍ നിക്ഷേപിക്കുക.

◾  ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 20 പേര്‍ക്ക് ദാരുണാന്ത്യം. സ്വകാര്യ കമ്പനി പ്രവര്‍ത്തിച്ചിരുന്ന ഏഴ് നില കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവസമയത്ത് നിരവധി പേര്‍ കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

◾  അയല്‍രാജ്യമായ ബെലാറൂസ് കാലാവസ്ഥാ പഠനത്തിനെന്ന പേരില്‍ പറത്തുന്ന ബലൂണുകള്‍കൊണ്ടു സഹികെട്ട ലിത്വാനിയ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറൂസിന്റേത് രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടിയാണെന്നാണ് യുക്രെയ്ന്‍ അനുഭാവമുള്ള ലിത്വാനിയയുടെ നിലപാട്. ബലൂണുകള്‍ വ്യോമഗതാഗതത്തെ ബാധിച്ചതിനെത്തുടര്‍ന്ന് വില്‍നിയസ് രാജ്യാന്തര വിമാനത്താവളം അടച്ചു. സൈബര്‍ ആക്രമണങ്ങളുടെ പേരില്‍ ബെലാറൂസിനെതിരെ പോളണ്ട് ഉള്‍പ്പെടെയുള്ള മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും രംഗത്തു വന്നിരുന്നു.

◾  ദുര്‍ബലരായ നേതാക്കള്‍ നയിക്കുന്ന ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടമാണ് യൂറോപ്പെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുടിയേറ്റം നിയന്ത്രിക്കുന്നതിനും റഷ്യ - യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിലും അവര്‍ പരാജയപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു.

◾  ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ ഇതോടെ ഇന്ത്യ  1-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 28 പന്തില്‍ 59 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ വെറും 74 റണ്‍സിന് ഓള്‍ ഔട്ടായി. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കളിയിലെ താരം.

◾  2025 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച നഗരം യൂറോപ്പിലെ പാരീസോ ലണ്ടനോ അല്ല. ഏഷ്യന്‍ നഗരമായ തായ്‌ലന്‍ഡിലെ ബാങ്കോക്കാണ് ഒന്നാം സ്ഥാനത്ത്. ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍, സുസ്ഥിരത, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് യൂറോമോണിറ്റര്‍ പട്ടിക തയാറാക്കിയത്. ഈ വര്‍ഷം ഏകദേശം 3.03 കോടി സഞ്ചാരികളാണ് തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ വിമാനമാര്‍ഗം എത്തിയത്. ടൂറിസം നയം, ആകര്‍ഷണീയത എന്നീ വിഭാഗങ്ങളിലും ബാങ്കോക്ക് ഒന്നാം സ്ഥാനം നേടി. ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയ ആദ്യ അഞ്ച് നഗരങ്ങളില്‍ മൂന്നും ഏഷ്യയില്‍ നിന്നാണ് എന്നതാണ് ശ്രദ്ധേയം. ബാങ്കോക്കിന് പിന്നാലെ രണ്ടാം സ്ഥാനത്ത് ഹോങ്കോങ്ങാണ്. ഇവിടെ ഏകദേശം 2.33 കോടി സന്ദര്‍ശകരെത്തി. യൂറോപ്പില്‍ നിന്ന് പട്ടികയില്‍ മുന്നിലെത്തിയത് യുകെ തലസ്ഥാനമായ ലണ്ടനാണ്, 2.27 കോടി സന്ദര്‍ശകരുമായി ലണ്ടന്‍ മൂന്നാം സ്ഥാനത്തെത്തി. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് പാരീസ്. മക്കാവു, ഇസ്താംബുള്‍, ദുബായ് എന്നിവയാണ് തൊട്ടുപിന്നില്‍.

◾  സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ പി നിര്‍മ്മിച്ച്, അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എ ജെ വര്‍ഗീസ് ഒരുക്കുന്ന ചിത്രമാണ് 'അടി നാശം വെള്ളപ്പൊക്കം'. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഭൂകമ്പം എന്ന ഗാനമൊരുക്കിയിരിക്കുന്ന ഇലക്ട്രടോണിക് കിളിയാണ്. മുത്തു വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ഇലക്ട്രോണിക് കിളിയും, വിഷ്ണു ദാസും ചേര്‍ന്നാണ്. ഹൈറേഞ്ചില്‍ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ മൂന്നു നാലു വിദ്യാര്‍ത്ഥികളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ഒരു മുഴുനീള കോമഡി ചിത്രമാണ്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേം കുമാര്‍ തന്റെ കോമഡി പ്രകടനവുമായി ശക്തമായി തിരിച്ചു വരുന്ന ചിത്രം കൂടിയാണ് അടിനാശം വെള്ളപൊക്കം. അതോടൊപ്പം ഷൈന്‍ ടോം ചാക്കോ , ബൈജു സന്തോഷ് എന്നിവരുമുണ്ട്.

◾  ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തുന്ന 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ 'മണല് പാറുന്നൊരീ' ലിറികല്‍ വീഡിയോ പുറത്തിറങ്ങി. സുജേഷ് ഹരിയുടെ വരികള്‍ക്ക്, സൂരജ് എസ്. കുറുപ്പാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഷഹബാസ് അമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'മിണ്ടിയും പറഞ്ഞും' ഡിസംബര്‍ 25ന് തിയേറ്ററുകളില്‍ എത്തും. ലൂക്ക, മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പ്രണയചിത്രമാണിത്. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലീം അഹമ്മദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സനല്‍- ലീന ദമ്പതികളുടെ വിവാഹത്തിനു മുന്‍പും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്. ഒരിടവേളയ്ക്ക് ശേഷം പ്രശസ്ത ഛായഗ്രാഹകന്‍ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കിരണ്‍ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പുമാണ്.

◾  ഹസ്ഖ്വര്‍ണയുടെ സ്ട്രീറ്റ് ബൈക്കായ സ്വാര്‍ട്ട്പിലന്‍ 401 നെ തിരിച്ചുവിളിച്ചു. കുറഞ്ഞ ആര്‍പിഎം എഞ്ചിന്‍ സ്റ്റാളിംഗ് പ്രശ്‌നം കാരണം 2024 നും 2026 നും ഇടയില്‍ നിര്‍മ്മിച്ച മോഡലുകള്‍ക്കായി കമ്പനി ആഗോളതലത്തില്‍ സുരക്ഷാ തിരിച്ചുവിളിക്കല്‍ പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യും. ഈ അപ്‌ഡേറ്റ് സൗജന്യമായിരിക്കുമെന്നും ഔദ്യോഗിക ഹസ്ഖ്വര്‍ണ ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ലഭ്യമാകൂ എന്നും കമ്പനി പറയുന്നു. ഹസ്ഖ്വര്‍ണ മൊബിലിറ്റിയുടെ ആന്തരിക ഗുണനിലവാര പരിശോധനയില്‍ ആണ് ചില പ്രത്യേക സാഹചര്യങ്ങളില്‍, ബൈക്കിന്റെ എഞ്ചിന്‍ കുറഞ്ഞ വേഗതയില്‍ സ്തംഭിച്ചേക്കാം എന്ന് കണ്ടെത്തിയത്. അതായത് വളരെ കുറഞ്ഞ വേഗതയിലോ കുറഞ്ഞ ട്രാഫിക്കിലോ സഞ്ചരിക്കുമ്പോള്‍ എഞ്ചിന്‍ പെട്ടെന്ന് ഓഫാകാം. ഈ തിരിച്ചുവിളിയില്‍ 2024 ഹസ്ഖ്വര്‍ണ സ്വാര്‍ട്ട്പിലന്‍ 401, 2025 ഹസ്ഖ്വര്‍ണ സ്വാര്‍ട്ട്പിലന്‍ി 401, 2026 ഹസ്ഖ്വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 തുടങ്ങിയ മോഡലുകളും ഉള്‍പ്പെടുന്നു.

◾  2024ല്‍ എഴുതിയ 'ഓഫ് ലോസ് ആന്‍ഡ് ലാവെണ്ടര്‍' എന്ന നോവലില്‍ ഇറാഖി എഴുത്തുകാരനായ സിനാന്‍ അന്‍തൂണ്‍ ഗള്‍ഫ് യുദ്ധത്തിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ രണ്ട് ഇറാഖി പൗരന്മാരുടെ കഥ പറയുകയാണ്. ഇറാഖില്‍ ഡോക്ടറായിരുന്ന സാമി ജീവിതത്തിന്റെ അവസാനനാളുകള്‍ ഒരു വൃദ്ധസദനത്തില്‍ ചെറുപ്പക്കാരിയായ കാര്‍മെന്‍ എന്ന നേഴ്‌സിനോടൊപ്പം ഇറാഖിലെ സന്തോഷകരമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു. ഇറാഖി സേനയില്‍നിന്നും ഒളിച്ചോടിയതിന്റെ പേരില്‍ ഒരു ചെവി മുറിക്കപ്പെട്ട ഉമറാകട്ടെ ന്യൂയോര്‍ക്കില്‍ ഒരഭയാര്‍ത്ഥിയായി എത്തിച്ചേര്‍ന്ന് രാജ്യദ്രോഹി എന്ന തന്റെ പ്രതിച്ഛായ മാറ്റാനുള്ള പരിശ്രമത്തിലാണ്. ലാവെണ്ടര്‍ മണത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മകളില്‍ ജീവിക്കുന്ന സാമിയും ലാവെണ്ടര്‍ തോട്ടങ്ങളില്‍ ജോലിയെടുക്കുന്ന ഉമറും അവരുടെ ജീവിതത്തിലെ ഒരു സന്ദിഗ്ദ്ധഘട്ടത്തില്‍ ഇറാഖില്‍ കൂട്ടിമുട്ടിയിട്ടുണ്ടെന്ന വസ്തുത രണ്ടുപേരുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളേയും കാഴ്ചപ്പാടുകളേയും മാറ്റിമറിക്കുന്നു. 'ലാവെണ്ടര്‍ നഷ്ടബോധങ്ങളുടെ ഗന്ധം'. പരിഭാഷ: ഡോ. എന്‍. ഷംനാദ്. ഗ്രീന്‍ ബുക്സ്. വില 380 രൂപ.

◾  ടെന്‍ഷനും പേടിയുമൊക്കെ ഉണ്ടാകുമ്പോള്‍ വയറിന് പ്രശ്നമുണ്ടാകുന്നതായി ശ്രദ്ധിച്ചിട്ടില്ലേ? അത് വെറും യാദൃച്ഛികമല്ല. തലച്ചോറും ആമാശയവും തമ്മില്‍ നിരന്തരം ആശയവിനിമയം നടത്താറുണ്ടത്രേ. അതിനായി പ്രത്യേകം നാഡിവ്യവസ്ഥ തന്നെ ഉണ്ട്. ഉത്കണ്ഠ, സമ്മര്‍ദം അല്ലെങ്കില്‍ ദുഃഖം എന്നിവ വയറു വീര്‍ക്കല്‍, അസിഡിറ്റി, കുടല്‍ അസ്വസ്ഥതകള്‍, അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തി അല്ലെങ്കില്‍ വിശപ്പിലെ മാറ്റങ്ങള്‍ പോലുള്ളവയ്ക്ക് കാരണമാകും. ശരീരത്തിലെ സെറോടോണിന്റെ 90 ശതമാനവും കുടലിലാണ് ഉല്‍പാദിപ്പിക്കുന്നത്. ഇത് ഉറക്കം, മാനസികാവസ്ഥ, ശ്രദ്ധ എന്നിവയെ ബാധിക്കുന്നതാണ്. വികാരങ്ങള്‍ നിങ്ങളുടെ മനസ്സിനെ മാത്രമല്ല ബാധിക്കുന്നത് അവ കുടലിനെയും ബാധിക്കും. ഉത്കണ്ഠ ടോയ്ലറ്റില്‍ പോകണമെന്ന തോന്നല്‍ ഉണ്ടാക്കാന്‍ കാരണമാകും. ദേഷ്യം അസിഡിറ്റി അല്ലെങ്കില്‍ കുടലിന്റെ മുകള്‍ഭാഗം ഇടുങ്ങിയതാകാം. ദുഃഖമോ സങ്കടമോ പലപ്പോഴും ദഹനത്തെ മന്ദഗതിയിലാക്കുകയോ വിശപ്പ് അടിച്ചമര്‍ത്തുകയോ ചെയ്യാം. വികാരങ്ങള്‍ കുടലിനെ ബാധിക്കുന്നതിന്റെ ലക്ഷണങ്ങള്‍ -  പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചാല്‍ പോലും വയറു വീര്‍ക്കല്‍ അനുഭവപ്പെടുക, മലബന്ധം അല്ലെങ്കില്‍ വയറിളക്കം, നന്നായി ഉറങ്ങിയാലും ക്ഷീണം തോന്നുക, അമിതമായി പഞ്ചസാരയോ ഉപ്പോ കഴിക്കാന്‍ തോന്നുക, വൈകാരിക സമ്മര്‍ദ്ദ സമയത്ത് മുഖക്കുരു അല്ലെങ്കില്‍ എക്സിമ പോലുള്ള ചര്‍മ വീക്കം. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനായി നേരത്തെയുള്ള അത്താഴവും സ്ഥിരമായ ഉറക്ക-ഉണര്‍വ് ചക്രങ്ങളും സിര്‍ക്കാഡിയന്‍ ദഹനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഭക്ഷണം മനസ്സോടെ കഴിക്കുക. സീസണല്‍ പഴങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രീബയോട്ടിക്കുകള്‍, മിതമായ ഫെര്‍മെന്റുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക ചേര്‍ക്കുക. ഭക്ഷണത്തിന് ശേഷം 20 മിനിറ്റ് മിതമായ നടത്തം ശീലമാക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് ക്ലാസ്സില്‍ അധ്യാപകന്‍ കുട്ടികളോട് ചോദിച്ചു: 1 രൂപ കിട്ടിയാല്‍ നിങ്ങള്‍ കള്ളം പറയുമോ? ഇല്ലയെന്നവര്‍ ഒന്നടങ്കം പറഞ്ഞു.  പത്ത് രൂപ കിട്ടിയാലോ, നൂറ് രൂപ കിട്ടിയാലോ?  ഉത്തരം പഴയപടിതന്നെ ഇല്ല.   ആയിരം രൂപയായപ്പോള്‍ അവരുടെ ശബ്ദം കുറഞ്ഞു.  ഒരു ലക്ഷം രൂപ കിട്ടിയാലോ എന്നചോദ്യത്തിന് ആരും മിണ്ടിയതേയില്ല.  പൊതുസ്ഥലങ്ങളില്‍ എല്ലാവരും മൂല്യബോധമുളളവരായിരിക്കും.  സദ്ഗുണങ്ങള്‍ക്ക് വേണ്ടി പ്രസംഗിക്കുകയും വീഴ്ചകള്‍വരുത്തുന്നവരെ കുററപ്പെടുത്തുകയും ചെയ്യും.  ചിലര്‍ സല്‍പേരിന് വേണ്ടി പുണ്യം ചെയ്യുന്നവരാകും., ചിലര്‍ ബഹുമതിക്ക് വേണ്ടിയും, കുറച്ച്‌പേര്‍ ഈശ്വരനെ ഭയന്നാണ് പല നല്ലതുകളും ചെയ്യുന്നത്.  എന്നാല്‍ ഒന്നിനോടും സന്ധിചെയ്യാതെ മൂല്യങ്ങളെ മുറുകെപിടിക്കുന്നവര്‍ വളരെ കുറവായിരിക്കും.   അവരെ വളച്ചൊടിക്കാനാകില്ല, തങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നവരോട് അവര്‍ നിര്‍ദ്ദയം പെരുമാറും.  ജനപ്രീതിയില്‍ അവര്‍ താഴെയായിരിക്കും.  പക്ഷേ, ഒരു കാര്യത്തില്‍ അവര്‍ക്ക് നൂറ് മാര്‍ക്കും നല്‍കാം.  അവരെ നമുക്ക് കണ്ണടച്ച് വിശ്വസിക്കാം.  ഇരുട്ടിലും വെളിച്ചത്തും അവര്‍ ഒരുപോലെയായിരിക്കും.   ആരും കാണാത്തയിടങ്ങളിലും നിയന്ത്രണങ്ങള്‍ ഇല്ലാത്തയിടങ്ങളിലും ഒരാള്‍ എങ്ങിനെ പെരുമാറുന്നു എന്നതാണ് അയാളുടെ സന്മാര്‍ഗ്ഗബോധത്തിനാധാരം.  നമുക്കും മൂല്യങ്ങളെ മുറുകെപിടിക്കാന്‍ ശീലിക്കാം - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍