പ്രഭാത വാർത്തകൾ

2025  ഡിസംബർ 11  വ്യാഴം 
1201  വൃശ്ചികം 25   പൂരം 
1447  ജ : ആഖിർ 20

◾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതിനൊപ്പം മുഖ്യമന്ത്രിയെ നേരിട്ട് സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് സതീശന്‍ പറഞ്ഞു. ലൈഫ്മിഷന്‍, വിഴിഞ്ഞം, തുരങ്കപാത, ദേശീയപാത വികസനം, തീരദേശ ഹൈവേ, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ ക്ഷണം. മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതിനൊപ്പം ചില ചോദ്യങ്ങള്‍ തിരിച്ചും ചോദിക്കാനുണ്ടെന്നും അതിന് മറുപടി നല്‍കാന്‍ തയ്യാറുണ്ടോ എന്നും സതീശന്‍ ചോദിക്കുന്നു. ഫെയ്‌സ്ബുക്കിലാണ് ഇതുസംബന്ധിച്ച ദീര്‍ഘമായ പോസ്റ്റ് വി.ഡി. സതീശന്‍പങ്കുവെച്ചത്.

◾ തന്നെ സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഫേയ്‌സ്ബുക്ക് കുറിപ്പിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ പ്രതിപക്ഷനേതാവിന് കഴിയുന്നില്ലെന്നും പകരം, വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ നിരത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഫേയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാന്‍ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂവെന്നും പ്രതിപക്ഷം എന്നാല്‍ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണിതെന്നും എന്തിനെയും എതിര്‍ക്കുക എന്നത് നയമായി സ്വീകര്‍ച്ചവര്‍ക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ഈ വിഷയങ്ങളിലുള്ള പരസ്യ സംവാദത്തിനുള്ള വെല്ലുവിളിയെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

◾ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. തൃശൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാര്‍ഡുകളിലേയ്ക്ക് ഇന്ന് വോട്ടെടുപ്പ് നടക്കും. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ എറണാംകുളം വരെയുള്ള ഏഴ് ജില്ലകള്‍ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. 13 നാണ് വോട്ടെണ്ണല്‍.

◾  ദേശീയപാതയില്‍ പതിവാകുന്ന അപകടങ്ങളുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിര്‍മാണത്തിലിരിക്കുന്ന ദേശീയ പാതയിലെ മുഴുവന്‍ റീച്ചുകളിലും സേഫ്റ്റി ഓഡിറ്റ് നടത്താന്‍ ദേശീയപാത അതോറിറ്റി. 378 ഇടങ്ങളില്‍ മണ്ണ് പരിശോധിക്കും. ഡിസൈനുകള്‍ പുന:പരിശോധിച്ചതിനു ശേഷം മാത്രമേ അന്തിമ അനുമതി നല്‍കൂ. കൊട്ടിയത്ത് ദേശീയ പാത തകര്‍ന്നതിനു കാരണം മണ്ണിന്റെ ബലക്കുറവ് ആണെന്നും ദേശീയ പാതാ അതോറിറ്റി കണ്ടെത്തി.
◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയുള്ള തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്. പരാതിക്ക് പിന്നില്‍ സമ്മര്‍ദമുണ്ടെന്ന വാദം തള്ളാനാകില്ലെന്നും പരാതി നല്‍കുന്നതില്‍ വൈകയതിനെക്കുറിച്ചുള്ള വാദങ്ങള്‍ വ്യത്യസ്തമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. പ്രഥമദൃഷ്ട്യ ബലാത്സംഗത്തിന് തെളിവില്ലെന്നും പരാതിയിലും പിന്നീട് യുവതി നല്‍കിയ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ടെന്നും കോടതി ഉത്തരവിലുണ്ട്.

◾  രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും, വസ്തുതകള്‍ പൂര്‍ണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം.

◾  കോണ്‍ഗ്രസ് എംപി ശശി തരൂരിന് വീര്‍ സവര്‍ക്കര്‍ പുരസ്‌കാരം നല്‍കുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശബരിമലയിലെത്തിയ വിഡി സതീശന്‍ ശബരിമല സ്വര്‍ണകൊള്ളയിലടക്കം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ശശി തരൂരിന്റെ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തിലും പ്രതികരണം തേടിയത്. ചോദ്യത്തില്‍ പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് ഒന്നും പറയാനില്ലെന്ന രീതിയില്‍ വിഡി സതീശന്‍ പോവുകയായിരുന്നു.

◾  വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് വീട് നിര്‍മിക്കുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ ഈ മാസം നടത്തുമെന്ന് സിദ്ദിഖ് എംഎല്‍എ. സ്ഥലത്തിന്റെ അഡ്വാന്‍സ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28ന് കോണ്‍ഗ്രസ് ജന്മദിനത്തില്‍ വീടുകളുടെ നിര്‍മ്മാണം തുടങ്ങാനാണ് പാര്‍ട്ടിയുടെ ആഗ്രഹം. ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഭൂമി തോട്ടഭൂമിയല്ലെന്നും അക്കാര്യം പാര്‍ട്ടി പരിശോധിച്ച് ഉറപ്പ് വരുത്തിയെന്നും സിദ്ദീഖ് പറഞ്ഞു.
◾  മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍. കസ്റ്റഡിയിലെടുത്ത അലന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് കാലടി പൊലീസ് രേഖപ്പെടുത്തിയത്. സംശയത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ചിത്രപ്രിയയുടെ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾  നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയില്‍ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു. അവള്‍ക്കൊപ്പം എന്ന പേരിലായിരുന്നു കൂട്ടായ്മ. തിരുവനന്തപുരത്ത് മാനവീയം വീഥിയിലാണ് പരിപാടി നടന്നത്. പെണ്‍ സൗഹൃദ വേദിയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തിയത്. കോടതി വിധി നിരാശ ഉണ്ടാക്കുന്നതെന്നും, പൊതു സമൂഹത്തിനു മുന്നില്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്നും പരിപാടിയില്‍ സംസാരിച്ച അജിത പറഞ്ഞു.

◾  വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസ്. ഡിസംബര്‍ 9 ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വോട്ടര്‍ക്കെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ് എസിന് എതിരേയാണ് കേസെടുത്തത്.

◾  കോഴിക്കോട് ഓമശ്ശേരിയില്‍ ചൊവ്വാഴ്ച നടന്ന കലാശക്കൊട്ടിനിടെ കത്തിയുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ച് സിപിഎം പ്രവര്‍ത്തകന്‍. യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെയായിരുന്നു സംഭവം. ഓമശ്ശേരി സ്വദേശിയായ സലാമാണ് കത്തിയുമായെത്തിയത്. സിപിഎം പ്രവര്‍ത്തകര്‍ ഇയാളെ പിടിച്ചു മാറ്റി കത്തി കൈവശപ്പെടുത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ യുഡിഎഫ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കി.

◾  ഇടുക്കിയില്‍ ഒന്‍പത് വയസുകാരിയോട് ലൈംഗീകാതിക്രമം നടത്തിയ 41 കാരന് അഞ്ച് വര്‍ഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി ഗാന്ധി നഗര്‍ കോളനി നിവാസി ചന്ത്യത് വീട്ടില്‍ ഗിരീഷിനെയാണ് ഇടുക്കി അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം. 2024 ഓണാവധി കാലത്താണ് കേസിനാസ്പദമായ സംഭവം.

◾  സൂരജ് ലാമയുടെ തിരോധാനത്തില്‍ വീണ്ടും ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ പൊലീസും എയര്‍പോര്‍ട്ട് അധികൃതരും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വിദേശത്ത് ജയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടില്‍ എത്തിക്കാന്‍ പരിശ്രമിക്കുമെന്നും എന്നാല്‍, അവര്‍ നാട്ടിലെത്തിക്കഴിഞ്ഞാല്‍ എവിടേക്ക് പോകുന്നുവെന്ന് ആരും അന്വേഷിക്കാറില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സൂരജ് ലാമയെ കാണാതായതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി വീണ്ടും പൊലീസിനെയടക്കം വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.

◾  കേരളത്തില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത പോക്സോ കേസുകള്‍ ഏറ്റവും അധികമുള്ളത് തിരുവനന്തപുരത്ത്. ഈ വര്‍ഷം ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം 1370 കേസുകളാണ് കെട്ടിക്കിടക്കുന്നത്. രണ്ടാമതുള്ള എറണാകുളത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്. എറണാകുളത്ത് 704 കേസുകളാണ് തീര്‍പ്പുകാത്തിരിക്കുന്നത്. 131 കേസുള്ള പത്തനംതിട്ടയും 232 കേസുള്ള കാസര്‍കോടുമാണ് ഏറ്റവും കുറവ് കേസുകളുള്ളത്.

◾  വര്‍ക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫില്‍ വന്‍ തീപിടുത്തം. വര്‍ക്കലയിലെ നോര്‍ത്ത് ക്ലിഫിലെ റിസോര്‍ട്ടിലാണ് വന്‍ തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു. നോര്‍ത്ത് ക്ലിഫിലെ കലയില റിസോര്‍ട്ടിലാണ് തീപിടുത്തമുണ്ടായത്. റൂമില്‍ വാടക്ക് താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

◾  ഒരു ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ തിരക്ക് കൂടുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സന്നിധാനത്ത് എത്തിയത് ഒരു ലക്ഷത്തിന് അടുത്ത് വിശ്വാസികളാണ്. ഇന്നലെ ഉച്ചയ്ക്ക് 1 മണി വരെ അമ്പതിനായിരത്തില്‍ അധികം വിശ്വസികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. തിങ്കാഴ്ച എത്തിയത് 1,10,979 ഭക്തരും ചൊവ്വാഴ്ച 97,000 ന് മുകളില്‍ ഭക്തരുമാണെത്തിയത്. ഈ സീസണില്‍ ഇതുവരെ എത്തിയ ഭക്തരുടെ എണ്ണം 23 ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്.

◾  നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് നേരത്തെ തന്നെ ചോര്‍ന്നുവെന്ന ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റിന്റെ ആരോപണം തളളി എക്സിക്യൂട്ടീവ് കമ്മിറ്റി രംഗത്ത്. വിധിയുടെ വിശദാംശങ്ങളടങ്ങിയ ഊമക്കത്ത് തങ്ങളറിയാതെയാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കൈമാറിയെതെന്നും നടപടിയില്‍ അസോസിയേഷന് പങ്കില്ലെന്നും സെക്രട്ടറി അഡ്വ എം ആര്‍ നന്ദകുമാര്‍ അറിയിച്ചു.

◾  മുഖ്യ വിവരവകാശ കമ്മീഷണര്‍, വിവരവകാശ കമ്മീഷണര്‍മാര്‍, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ തുടങ്ങി രാജ്യത്തെ സുപ്രധാന ഭരണഘടനാ ചുമതലകളിലേക്കുള്ള നിയമനം സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന നിര്‍ണ്ണായക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി വിയോജന കുറിപ്പ് രേഖപ്പെടുത്തി. നിയമനത്തിനായി പരിഗണിച്ച പേരുകളുടെ പട്ടികയില്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തീരെ പ്രാതിനിധ്യമില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സാമൂഹ്യ നീതി ഉറപ്പാക്കേണ്ട സുപ്രധാന പദവികളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവസരം നിഷേധിക്കുന്നത് ജനാധിപത്യപരമായ നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതിയാണ് നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ ചര്‍ച്ച ചെയ്തത്. വിയോജന കുറിപ്പ് രേഖപ്പെടുത്തിയെങ്കിലും, സമിതി യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം സര്‍ക്കാരിന് അനുകൂലമായതിനാല്‍ നിയമന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാനാണ് സാധ്യത.

◾  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ ലോക്‌സഭയില്‍ വാക്‌പോര്. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് ലോക്‌സഭയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. എസ്‌ഐആര്‍ സംബന്ധിച്ച് അമിത് ഷാ പ്രസംഗിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇടപെട്ടത്. എസ്‌ഐആറില്‍ താന്‍ നടത്തിയ പത്രസമ്മേളനങ്ങളില്‍ സംവാദത്തിനായി അദ്ദേഹം അമിത് ഷായെ വെല്ലുവിളിച്ചു. എന്നാല്‍, താന്‍ എന്തുപറയണമെന്നത് ആരും കല്പിക്കേണ്ടതില്ലെന്ന് അമിത് ഷാ തിരിച്ചടിച്ചു. ചില കുടുംബങ്ങളാണ് പാരമ്പര്യമായി വോട്ട് ചോരി നടത്തുന്നതെന്നും നെഹ്‌റു കുടുംബത്തെ ഉന്നമിട്ട് അദ്ദേഹം വിമര്‍ശിച്ചു.

◾  അമിത് ഷായുടെ ലോക്സഭയിലെ പ്രസംഗം നിലവാരം കുറഞ്ഞതായെന്നും സര്‍ക്കാര്‍ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുമ്പെങ്ങും ഇല്ലാത്ത പരാതികള്‍ ഉയരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കമ്മീഷന് കൂടുതല്‍ സംരക്ഷണം നല്‍കുകയാണെന്നും ബിജെപി വിജയിച്ച തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കുമ്പോള്‍, തെരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ട് തങ്ങളെ ചോദ്യം ചെയ്യരുതെന്ന ഷായുടെ നിലപാട് ശരിയല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

◾  മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഏഴ് പേരെ ആക്രമിച്ച പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുള്ളിപ്പുലിയെ 10 മണിക്കൂര്‍ നീണ്ട ശ്രമത്തിനടുവിലാണ് പിടികൂടിയത്. ഇന്നലെ രാവിലെയാണ് പുള്ളിപ്പുലി ആളുകളെ ആക്രമിച്ചത്. പല തവണ മയക്കുവെടി വെച്ച് പുലിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വൈകിട്ട് മൂന്ന് മണിയോടെയാണ് പുലിയെ പിടികൂടാന്‍ കഴിഞ്ഞത്.

◾  ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി. പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസര്‍ക്കാര്‍ ഇടപെടാന്‍ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഈ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലേയെന്നും എന്തുകൊണ്ട് നിങ്ങള്‍ക്ക് മാത്രം പ്രശ്നമെന്നും ഇന്‍ഡിഗോയോട് കോടതി ചോദിച്ചു. യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുന്ന നടപടി കാര്യക്ഷമമാകണമെന്നും നഷ്ടപരിഹാരം ലഭിക്കാന്‍ വ്യവസ്ഥയുണ്ടെങ്കില്‍ അതിനും ഡിജിസിഎ ഇടപെടണം എന്നും കോടതി വ്യക്തമാക്കി.

◾  ഹരിത ഗതാഗതത്തിന് പ്രോത്സാഹനം നല്‍കിക്കൊണ്ട്, സംസ്ഥാനത്തെ പ്രധാന ഹൈവേകളിലെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പൂര്‍ണ്ണമായും ടോള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം അടുത്ത എട്ട് ദിവസത്തിനകം നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം. ടോള്‍ ഒഴിവാക്കാനുള്ള ഔദ്യോഗിക നയം നിലവിലുണ്ടായിട്ടും തങ്ങള്‍ക്ക് ടോള്‍ ഈടാക്കുന്നുവെന്ന ഇ വി ഉടമകളുടെ പരാതികള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. നാഗ്പൂരില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

◾  രാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. ഹര്‍ജി പരിഗണിച്ച കോടതി, രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസ് നല്കി. മറ്റു സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിയമങ്ങള്‍ക്കെതിരായ കേസിനൊപ്പം സിബിസിഐയുടെ ഹര്‍ജിയും പരിഗണിക്കും

◾  ഗോവ നിശാക്ലബ്ബിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ക്ലബ് ഉടമകളായ ലൂത്ര സഹോദരന്‍മാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ദില്ലി കോടതി തള്ളി. ദില്ലി രോഹിണി കോടതിയാണ് ഹര്‍ജി തള്ളിയത്. ഗോവ പൊലീസ് ഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു. സൗരഭ് ലൂത്രയും, ഗൗരവ് ലൂത്രയും നിലവില്‍ ഒളിവിലാണ്.

◾  25 പേര്‍ മരിച്ച തീപിടുത്തമുണ്ടായ ഗോവയിലെ നിശാ ക്ലബ്ബിന്റെ ഉടമകള്‍ക്കായി ഇന്റര്‍പോള്‍ ബ്ലു കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. സഹോദരങ്ങളായ സൗരഭ് ലുത്ര, സഹോദരന്‍ ഗൗരവ് ലൂത്ര എന്നിവരാണ് അപകടം നടന്നയുടന്‍ തായ്‌ലാന്‍ഡിലേക്ക് മുങ്ങിയത്. രക്ഷപ്പെടലിന് അവസരം നല്‍കിയ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

◾  യൂട്യൂബിലെ ടൂട്ടോറിയല്‍ വീഡിയോ കണ്ട് വ്യാജ ക്ലിനിക്ക് ഉടമയും ഇയാളുടെ അനന്തരവനും ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. തെഹ്ബഹാദൂര്‍ റാവത്തിന്റെ ഭാര്യ മുനിഷ്ര റാവത്താണ് മരിച്ചത്. സംഭവത്തില്‍ ക്ലിനിക് ഓപ്പറേറ്ററായ ഗ്യാന്‍ പ്രകാശ് മിശ്ര, ഇയാളുടെ അനന്തരവന്‍ വിവേക് കുമാര്‍ മിശ്ര എന്നിവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

◾  രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മണിപ്പൂരിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി ഇംഫാലിലെത്തുന്നത്. ദ്രൗപതി മുര്‍മുവിന്റെ ആദ്യ മണിപ്പൂര്‍ സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇംഫാല്‍ വിമാനത്താവള റോഡില്‍ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ നടത്തി.

◾  പശ്ചിമബംഗാളില്‍ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടു. സന്ദേശ്ഖലിയിലാണ് സംഭവം. ഭൂമി തട്ടിപ്പുമായും സ്ത്രീകളെ ആക്രമിച്ചതുമായും ബന്ധപ്പെട്ടുള്ള കേസിലെ പ്രധാന സാക്ഷിയായ ഭോലാനാഥ് ഘോഷും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്.

◾  മിസൈല്‍ ആക്രമണങ്ങള്‍ക്കിടയില്‍ സുരക്ഷ ഉറപ്പു നല്‍കുമെങ്കില്‍ അടുത്ത 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ യുക്രെയ്‌നില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയാറാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. താന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണെന്ന ആരോപണം തള്ളിയ സെലെന്‍സ്‌കി, സുരക്ഷയാണ് തന്റെ പ്രധാന ആശങ്കയെന്നും പറഞ്ഞു.

◾  യുഎസിലെ മിയാമിയില്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കി ഡെമോക്രാറ്റ് നേതാവായ ഐലീന്‍ ഹിഗിന്‍സിനു (61) അട്ടിമറിജയം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്തുണച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി എമീലിയോ ഗൊണ്‍സാലസിനെ തോല്‍പിച്ചാണു മൂന്നുദശകത്തിനുശേഷം മിയാമിയില്‍ ഡെമോക്രാറ്റുകളുടെ തിരിച്ചുവരവ്.

◾  ജൂനിയര്‍ ഹോക്കി ലോകകപ്പ് നിലനിര്‍ത്തി ജര്‍മ്മനി. ഫൈനലില്‍ സ്പെയ്നിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 സ്‌കോറില്‍ കീഴടക്കിയാണ് ജര്‍മന്‍ ടീം കപ്പുയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1 - 1 ന് സമനിലയിലായിരുന്നു.  ലൂസേഴ്സ് ഫൈനലില്‍ അര്‍ജന്റീനയെ 4-2 ന് തകര്‍ത്ത ഇന്ത്യ വെങ്കലം സ്വന്തമാക്കി.

◾  ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ രണ്ടാം ട്വന്റി20 മത്സരം ഇന്ന് മൊഹാലിയില്‍. വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

◾  ലോകത്തെ ഏറ്റവും വലിയ ടെക് ഭീമന്മാരില്‍ ഒന്നായ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ 1.5 ലക്ഷം കോടി രൂപ (17.5 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കമ്പനി സി.ഇ.ഒ സത്യ നദെല്ല നിര്‍ണായകമായ ഈ പ്രഖ്യാപനം നടത്തിയത്. മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്. 2026 മുതല്‍ 2029 വരെ നാല് വര്‍ഷങ്ങള്‍ക്കുള്ളിലാകും നിക്ഷേപം. രാജ്യത്തെ ക്ലൗഡ്, എ.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ വികസിപ്പിക്കുക, ജീവനക്കാര്‍ക്ക് ഉയര്‍ന്ന പരിശീലനം നല്‍കുക എന്നിവയാണ് ഈ നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇന്ത്യന്‍ ഡിജിറ്റല്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഗൂഗിളും ആമസോണും ഉള്‍പ്പെടെയുള്ള വമ്പന്‍ ടെക് കമ്പനികള്‍ മത്സരിക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റിന്റെ ഈ പ്രഖ്യാപനം. ഗൂഗിള്‍ അടുത്തിടെ ഇന്ത്യയില്‍ 15 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.13 ലക്ഷം കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ആമസോണ്‍ വെബ് സര്‍വീസസ് 8 ബില്യണ്‍ ഡോളറിന്റെ (71,000 കോടി രൂപ) നിക്ഷേപം നടത്താനും പദ്ധതിയിടുന്നുണ്ട്.

◾  കോരിത്തരിപ്പിക്കുന്ന ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറര്‍ - ഫാന്റസി ചിത്രം 'രാജാസാബ്' തിയേറ്ററുകളില്‍ എത്താന്‍ ഇനി 30 ദിനങ്ങള്‍ കൂടി. ജനുവരി 9-നാണ് 'രാജാസാബി'ന്റെ വേള്‍ഡ് വൈഡ് റിലീസ്. പേടിപ്പെടുത്തുന്നതും അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലര്‍ വാനോളം പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായെത്തിയ 'റിബല്‍ സാബ്' ഏവരിലും വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് 'രാജാസാബ്' തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്ന രാജാസാബ് പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

◾  നന്ദമുരി ബാലകൃഷ്ണ നായകനായി വരാനിരിക്കുന്ന ചിത്രമാണ് 'അഖണ്ഡ 2'. ഡിസംബര്‍ 12 നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുക. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ 'അഖണ്ഡ 2: താണ്ഡവം', ഇവരുടെ മുന്‍ ചിത്രമായ 'അഖണ്ഡ'യുടെ തുടര്‍ച്ച ആയാണ് അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ ആണ് ഈ ചിത്രത്തില്‍ നന്ദമൂരി ബാലകൃഷ്ണ എത്തുന്നത്. അദ്ദേഹത്തിന്റെ പഞ്ച് ഡയലോഗുകളും ഗംഭീര ആക്ഷനും ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ. ദൈവിക ശക്തിയുള്ള കരുത്തനായ അഘോരി സന്യാസി ആയാണ് ബാലകൃഷ്ണയുടെ പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളി താരം സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്‌മാണ്ഡ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹര്‍ഷാലി മല്‍ഹോത്ര, കബീര്‍ സിങ്, അച്ച്യുത് കുമാര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.

◾  പ്രമുഖ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ പുതുതലമുറ സെല്‍റ്റോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബ്രാന്‍ഡിന്റെ മിഡ് - സൈസ് എസ് യുവിയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളും അഞ്ചു ട്രിം ലെവലുകളുമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ബുക്കിങ് ആരംഭിച്ചു. ജനുവരി 2ന് വില പ്രഖ്യാപിക്കും. മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 113bhp ഉം 144Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ NA പെട്രോള്‍ എന്‍ജിനാണ് എന്‍ട്രി ലെവല്‍ ഓപ്ഷന്‍. അതേസമയം ഏറ്റവും മികച്ച ഓപ്ഷന്‍ 158bhp ഉം 253Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ GDi ആണ്. 118bhp ഉം 260Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ആണ് മറ്റൊന്ന്. വിവിധ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്. വില 12 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.

◾  നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന കാമനകളുടെ ജലകന്യയെ നിരസിക്കുവാനാവാതെ സ്വന്തം വിധിയുടെ സാഗരം താണ്ടുന്ന ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതകഥ. സമുദ്രത്തിന്റെ ആഴ നീലിമയില്‍ ആ ജലകന്യക അയാളെ കൊണ്ടുപോകുന്നത് വര്‍ണാഭമായ രതിരഥ്യകളിലൂടെയാണ്. എങ്കിലും ആര്‍ത്തല യ്ക്കുന്ന കടല്‍പ്പരപ്പിന്റെ രൗദ്രയാഥാര്‍ഥ്യങ്ങളിലേക്കു പൊന്തി വന്നേ തീരൂ. അതാണു ജീവിതം. 'കണ്‍മുന്നില്‍ സമുദ്രം'. സി വി ബാലകൃഷ്ണന്‍. എച്ച്ആന്‍ഡ്സി ബുക്സ്. വില 90 രൂപ.

◾  കണങ്കാലിലോ, കാലുകളിലോ സ്ഥിരമായി നീര് വയ്ക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയാകാം. ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍, ശരീരത്തിലെ രക്തയോട്ടം കുറയുകയും കാലുകളിലും കണങ്കാലിലുമൊക്കെ ദ്രാവകങ്ങള്‍ കെട്ടിക്കിടന്ന് നീരു വയ്ക്കാം. കാലുകളിലെയോ കൈകളിലെയോ ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയായ ഡീപ് വെയ്ന്‍ ത്രോംബോസിസിന്റെ ലക്ഷണമാണ് കണങ്കാലുകളിലെ നീര്. വൃക്കരോഗികളിലും കണങ്കാലുകളില്‍ നീര് വയ്ക്കാറുണ്ട്. ഇതിന് പുറമേ ഹൈപ്പര്‍ ടെന്‍ഷന്‍, കുറഞ്ഞ മൂത്രത്തിന്റെ അളവ്, ക്ഷീണം, മൂത്രത്തില്‍ രക്തം, മൂത്രത്തിന് കടുത്ത നിറം, വിശപ്പില്ലായ്മ, ചര്‍മത്തിന് ചൊറിച്ചില്‍, വിളര്‍ച്ച, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍ എന്നിവയും വൃക്ക രോഗ ലക്ഷണങ്ങളാണ്. ഹൈപോതൈറോയ്ഡിസം എന്ന അവസ്ഥയുടെ ഒരു ലക്ഷണമാണ് കണങ്കാലിലെ നീര്. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്. പേശികളിലും സന്ധികളിലും വേദന, ദൃഢത, നീര് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ചര്‍മത്തിനുണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധയാണ് സെല്ലുലൈറ്റിസ്. ഇതിന്റെ ഭാഗമായി കാലുകളില്‍ നീര്, ചര്‍മത്തിന് ചുവന്ന നിറം, പുകച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. ചികിത്സിക്കാതെ വിട്ടാല്‍ രോഗിയുടെ ജീവന് തന്നെ ഇത് ഭീഷണിയാകാം. കരള്‍ രോഗം മൂലം ആവശ്യത്തിന് ആല്‍ബുമിന്‍ ഉത്പാദിപ്പിക്കാതെ വരുന്നതോടെ ദ്രാവകങ്ങള്‍ കാലുകളിലും കണങ്കാലിലും വയറിലുമൊക്കെ അടിഞ്ഞു കൂടാന്‍ തുടങ്ങും. കാലുകളില്‍ നീര് വയ്ക്കുമ്പോള്‍ കരളിന്റെ ആരോഗ്യവും ഇതിനാല്‍ പരിശോധനയ്ക്ക് വിധേയമാക്കണം.

*ശുഭദിനം*
*കവിത കണ്ണന്‍*
ആര്‍ട്ടിക്ക് പ്രദേശത്ത്  പാര്‍ക്കുന്ന എസ്‌കിമോകള്‍  തണുപ്പില്‍ നിന്നും രക്ഷപ്പെടുവാന്‍  ചെന്നായ്ക്കളുടെ തോല്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നു. അവയുടെ മാംസം അവര്‍ തിന്നുകയും ചെയ്യും. എന്നാല്‍ ഈ ചെന്നായ്ക്കളെ പിടിക്കുന്നത് വളരെ ദുഷ്‌കരമാണ്. അതിനാല്‍ അവര്‍ കൗശല പ്രയോഗത്തിലൂടെയാണ് അവയെ പിടിക്കുന്നത്.   വളരെ മൂര്‍ച്ചയുള്ള കത്തികള്‍  രക്തം പുരട്ടി വെക്കുന്നു. ആ രക്തം വേഗം കട്ടപിടിക്കുന്നു. വീണ്ടും രക്തം പുരട്ടുന്നു. അങ്ങനെ കത്തിയുടെ മൂര്‍ച്ചയുള്ള ഭാഗമെല്ലാം രക്തം കൊണ്ട് മൂടുന്നു. രാത്രിസമയം രക്തം നക്കുവാന്‍  ചെന്നായ്ക്കള്‍ എത്തുന്നു. അവ രക്തം നക്കുമ്പോള്‍ കത്തിയുടെ മൂര്‍ച്ച കാരണം  നാവും മുഖവും ഒക്കെ മുറിയുന്നു. അത് സ്വന്തം രക്തമാണോ  കത്തിയിലെ രക്തമാണോ എന്നു തിരിച്ചറിയാതെ  അവ നക്കിക്കൊണ്ടേ യിരിക്കും. അവസാനം അവ രക്തം വാര്‍ന്ന് ചാകും. മറ്റുള്ളവരുടെ രക്തത്തിനായി ദാഹിക്കുന്ന ഏവരുടെയും  അവസ്ഥ ഇതുതന്നെയായിരിക്കും. മറ്റുള്ളവരെ ചൂഷണം ചെയ്തു  വലിയവരാകുവാന്‍ ശ്രമിക്കുന്നവരും രക്തദാഹികള്‍ തന്നെയാണ്. അങ്ങനെയുള്ള  അനേകര്‍  ഇന്ന് സമൂഹത്തില്‍ ഉണ്ട്. മറ്റുള്ളവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം, കുത്സിത മാര്‍ഗ്ഗങ്ങളിലൂടെ സ്വന്തമാക്കുവാന്‍ ശ്രമിക്കുന്നവര്‍ തങ്ങള്‍ക്ക് സംഭവിക്കുവാന്‍ പോകുന്ന വിനാശത്തെക്കുറിച്ച് അറിയാതെപോകുന്നു.  മറ്റുള്ളവരെ വഞ്ചിക്കുന്നവര്‍ സ്വയം വഞ്ചിതരാകുന്നു എന്നതാണ്  യാഥാര്‍ഥ്യം. പക്ഷേ, അവരത് തിരിച്ചറിയുന്നില്ല. അന്യന്റെ രക്തം എന്ന് കരുതി നക്കുന്നത്, സ്വന്തം രക്തമാണെന്ന് തിരിച്ചറിയുമ്പോഴേക്കും ജീവിതം തന്നെ നഷ്ടമായിരിക്കും. സ്വന്തം മനസ്സാക്ഷിയെ കബളിപ്പിക്കാതെ  അന്യരെ കബളിപ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല.   സ്വാര്‍ത്ഥരായി, മറ്റുള്ളവരെ ചൂഷണം ചെയ്യാതെ  സമൂഹത്തിന്റെ നന്മക്കായി നമുക്ക് പ്രവര്‍ത്തിക്കാം, ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍