പ്രഭാത വാർത്തകൾ
2025 ഡിസംബർ 21 ഞായർ
1201 ധനു 6 പൂരാടം
1447 ജ : ആഖിർ 30
◾ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് മലയാള സിനിമാലോകം ഇന്ന് വിട നല്‍കും. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറക്കടുത്തുള്ള കണ്ടനാടുള്ള വീട്ടുവളപ്പില്‍ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ആയിരകണക്കിന് സിനിമാ പ്രേമികളാണ് കണ്ടനാടുള്ള വസതിയിലും ടൗണ്‍ഹാളിലുമെത്തി ഇന്നലെ ആദരാഞ്ജലികളര്‍പ്പിച്ചത്. ശ്രീനിവാസന്റെ അടുത്ത സുഹൃത്തുക്കളായ സത്യന്‍ അന്തിക്കാട്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടില്‍ നിന്ന് ടൗണ്‍ഹാളിലെത്തിച്ചത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നുമണി വരെയായിരുന്നു പൊതുദര്‍ശനം നിശ്ചയിച്ചിരുന്നതെങ്കിലും ഇടമുറിയാതെ ജനം ഒഴുകിയതോടെ അത് അരമണിക്കൂര്‍ കൂടി നീണ്ടു. ഒടുവില്‍ തൃപ്പൂണിത്തുറയ്ക്കടുത്ത് കണ്ടനാട്ടെ വീട്ടിലേക്ക് അന്ത്യയാത്ര.
◾ അന്തരിച്ച നടന്‍ ശ്രീനിവാസനെ അനുസ്മരിച്ച് തമിഴിലെ സൂപ്പര്‍ താരങ്ങളായ കമല്‍ ഹാസനും രജനീകാന്തും. ശ്രീനിവാസന്‍ ഇനി നമുക്കൊപ്പമില്ല എന്നത് തന്നെ ഞെട്ടിച്ചുവെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈയിലെ അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നിച്ച് പഠിച്ചവരാണ് രജനിയും ശ്രീനിയും. ശബ്ദസന്ദേശത്തിലൂടെയാണ് രജനീകാന്ത് ശ്രീനിവാസന് ആദരമര്‍പ്പിച്ചത്. 'ചില കലാകാരന്മാര്‍ നമ്മളെ രസിപ്പിക്കും, ചിലര്‍ പ്രബുദ്ധരാക്കും, ചിലരാകട്ടെ പ്രകോപിപ്പിക്കും. ശ്രീനിവാസന്‍ ഇതെല്ലാം ചെയ്തെന്നാണ് കമല്‍ഹാസന്‍ കുറിച്ചത്.
◾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ കഴിഞ്ഞ 11 വര്‍ഷമായി ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ ബുള്‍ഡോസ് ചെയ്തിരിക്കുകയാണെന്നും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് സമവായത്തോടെ നടപ്പാക്കിയ തൊഴിലുറപ്പ് നിയമം ഗ്രാമസ്വരാജിന്റെ സ്വപ്നമായിരുന്നുവെന്നും ഇപ്പോള്‍ അത് നശിപ്പിക്കപ്പെട്ടുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിബി ജി റാം ജി ഒരു കരിനിയമമാണെന്നും ഈ കരിനിയമത്തിനെതിരെ പോരാടാന്‍ കോണ്‍ഗ്രസും താനും പ്രതിജ്ഞാബദ്ധരാണെന്നും പോരാട്ടം തുടരുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍ സി ഇ ഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ് ഐ ടിയുടെ നീക്കം. ഇതിനായി എസ് ഐ ടി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ലോഹപാളികളില്‍ ഉള്ളത് ശബരിമല സ്വര്‍ണമാണെന്നറിഞ്ഞാണ് ഇരുവരും കൊള്ളയ്ക്ക് കൂട്ട് നിന്നതെന്നാണ് എസ് ഐ ടി വ്യക്തമാക്കുന്നത്. 474 ഗ്രാം സ്വര്‍ണം കൈയ്യില്‍ കിട്ടിയപ്പോള്‍ കുറ്റബോധം തോന്നിയെന്നും പരിഹാരമായി ശബരിമലയില്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനുമായി 20 ലക്ഷം നല്‍കിയാല്‍ മതിയെന്നും പോറ്റി പറഞ്ഞതായി ഗോവര്‍ദ്ധന്‍ മൊഴി നല്‍കി.
◾ അറുപത്തി നാലാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഷെഡ്യൂള്‍ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും റവന്യു മന്ത്രി കെ രാജനും ചേര്‍ന്ന് നിര്‍വഹിച്ചു. 2026 ജനുവരി 14 മുതല്‍ 18 വരെ തൃശൂരിലാകും കലോത്സവം അരങ്ങേറുക. തേക്കിന്‍കാട് മൈതാനമായിരിക്കും പ്രധാനവേദി. ജനുവരി 14 ന് രാവിലെ 10 മണിക്ക് തേക്കിന്‍ക്കാട് മൈതാനത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികളുടെ കലാ മാമാങ്കത്തിന് തിരിതെളിക്കും. ജനുവരി 18 ന് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുക്കും. പാലസ് ഗ്രൗണ്ടിലായിരിക്കും ഭക്ഷണശാലയെന്ന് മന്ത്രിമാര്‍ അറിയിച്ചു.
◾ വര്‍ഗീയ ശക്തികള്‍ക്കെതിരെ നെഞ്ച് വിരിച്ച നിന്ന ചരിത്രമാണ് ഇടതുപക്ഷത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ക്ക് തല ഉയര്‍ത്തി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്ന് പിണറായി പറഞ്ഞു. ഇടത് സര്‍ക്കാരാണ് മലപ്പുറം ജില്ലയ്ക്ക് രൂപം നല്‍കിയത്. മലപ്പുറം രൂപീകരിക്കുമ്പോള്‍ ഇടത് സര്‍ക്കാര്‍ നേരിട്ട വിമര്‍ശനങ്ങള്‍ അറിയാമല്ലോ. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷം എക്കാലവും സവിശേഷതയോടെ കണ്ടു. അത് ഏതെങ്കിലും തെരഞ്ഞെടുപ്പ് ഫലം വച്ചു അളക്കാവുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സമസ്ത ശതാബ്ദി സന്ദേശ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
◾ രാഷ്ട്രീയ നേതാക്കളോട് നീതി പൂര്‍വ്വമായ കാര്യങ്ങള്‍ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും എല്‍ഡിഎഫും യുഡിഎഫും സമസ്തയുടെ ആവശ്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മത സൗഹാര്‍ദ്ദം വാക്കില്‍ ഒതുക്കരുത്, പ്രവര്‍ത്തിയിലും വേണം. സകല മനുഷ്യര്‍ക്കിടയിലും സൗഹാര്‍ദ്ദം ഉണ്ടാകണമെന്നും നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സമസ്തയെന്നും സമസ്ത ടെക്നോളജിക്ക് എതിരല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.
◾ എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷി കേന്ദ്രമന്ത്രി ജിതന്‍ റാം മഞ്ജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പാര്‍ട്ടി ഉത്തരേന്ത്യയ്ക്ക് പിന്നാലെ കേരളത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. ജെഎസ്എസിലെ പ്രൊഫ എ.വി താമരാക്ഷന്‍ വിഭാഗവും കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ മാത്യു സ്റ്റീഫന്‍, റിപ്പബ്ലിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് ഷെറീഫ് ബാബു എന്നിവരുടെ നേതൃത്വത്തിലുളള വിഭാഗവും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പാര്‍ട്ടിയില്‍ ലയിച്ചു.
◾ വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി. അതിഥി തൊഴിലാളിയുടെ മരണം അങ്ങേയറ്റം വേദനാജനകവും ഗൗരവതരവുമാണ്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കും. മാനുഷിക പ്രശ്നമായി കണ്ടു മൃതദേഹം ചണ്ഡീസ്ഗഡില്‍ എത്തിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും. പൈശാചികമായ ആക്രമണമാണ് നടന്നതെന്ന് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
◾ വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍ പെട്ടയാള്‍ കൊല്ലപ്പെട്ടു. പുല്‍പ്പള്ളി വണ്ടിക്കടവില്‍ ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. മാരന്‍ എന്നയാളെയാണ് കടുവ ആക്രമിച്ചത്. മാരനെ കടുവ ഉള്‍ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികള്‍ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൃതദേഹം കണ്ടെടുത്തു. വിറക് ശേഖരിക്കാന്‍ കാട്ടിലേക്ക് പോവുമ്പോഴായിരുന്നു അപകടം.
◾ ചലച്ചിത്രപ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാകണമെന്ന് കോടതി പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സമാനമായ കേസുകളില്‍ അകപ്പെടാന്‍ പാടില്ല എന്നിവയാണ് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ജനുവരി ഒന്നിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ ഇന്നും പൊലീസ് റിപോര്‍ട്ട് ഹാജരാക്കിയില്ല. പരാതിക്കാരിയക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നാണ് പൊലീസ് കണ്ടെത്തല്‍.
◾ തിരുവനന്തപുരത്തേക്ക് രാത്രി യാത്രചെയ്ത വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കിയില്ലെന്ന പരാതിയില്‍ നടപടി. കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ കണ്ടക്ടറെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തു. വെള്ളിയാഴ്ച രാത്രിയില്‍ തൃശ്ശൂര്‍ നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ബസില്‍ അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള 'പൊങ്ങം' എന്ന സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന വിദ്യാര്‍ത്ഥിനികളെ ഈ സ്റ്റോപ്പില്‍ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ ഇറക്കുകയായിരുന്നു.
◾ യുവാവിനെ പൊലീസ് മര്‍ദിച്ചെന്ന് പരാതി. തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ചതായാണ് പരാതി. മര്‍ദ്ദനമേറ്റത് നാലാഞ്ചിറ സ്വദേശി ധസ്തക്കീറിനാണ്. മണ്ണന്തല പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് ആരോപണം. മര്‍ദനമേറ്റയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഇയാളെ മര്‍ദിച്ചിട്ടില്ലെന്നാണ പൊലീസ് പറയുന്നത്.
◾ തലശ്ശേരി കണ്ടിക്കല്‍ വ്യവസായ മേഖലയിലെ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം. അഗ്നിബാധയെതുടര്‍ന്ന് കനത്ത പുക തലശേരിയിലും സമീപ പ്രദേശങ്ങളിലും പടര്‍ന്നു. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മുണ്ടായത്. വെല്‍ഡിങ് ജോലിക്കിടെയുണ്ടായ തീപൊരിയാണ് അപകട കാരണമെന്നാണ് സൂചന. കണ്ണൂരിലെ വിവിധ ഫയര്‍ ഫോഴ്സ് സ്റ്റേഷനുകളില്‍ നിന്നെത്തിയ എട്ട് യൂണിറ്റും വിമാനത്താവളത്തിലെ യൂണിറ്റും ദൗത്യത്തില്‍ പങ്കെടുത്തു. തീപിടിത്തമുണ്ടായ ഉടന്‍ തൊഴിലാളികള്‍ ഒഴിഞ്ഞുപോയതിനാല്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കില്ല.
◾ തൃശ്ശൂര്‍ പഴുവില്‍ യുവതിയെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പഴുവില്‍ വെസ്റ്റ് വലിയകത്ത് സുല്‍ഫത്ത് (38) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
◾ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലപരിധി പകുതി പിന്നിടുന്ന വേളയില്‍ ഹൈക്കമാന്‍ഡ് വിളിക്കായി കാത്തിരിക്കുകയാണെന്നറിയിച്ച് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ആ വിളിക്കായി കാത്തിരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
◾ ബിജെപി സര്‍ക്കാര്‍ എസ്‌ഐആര്‍ ഉപയോഗിച്ച് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് അവര്‍ക്ക് സംരക്ഷണം നല്‍കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ഗുവാഹാട്ടിയില്‍ ഇന്നലെ നടന്ന ഒരു റാലിയില്‍ സംസാരിക്കവെ ആയിരുന്നു മോദിയുടെ ആരോപണം. 'നുഴഞ്ഞുകയറ്റക്കാരെ' തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ 'സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍' ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
◾ രാജ്യസഭയില്‍ തന്റെ ആദ്യ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന് മറുപടി നല്‍കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് വിതരണം ചെയ്യുന്ന എഥനോള്‍ കലര്‍ന്ന പെട്രോള്‍ വാഹനങ്ങളെയും വാഹന ഉപഭോക്താക്കളെയും എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചായിരുന്നു കമല്‍ഹാസന്റെ ചോദ്യം. പഴയ വാഹനങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായ 10 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള കാരണമെന്താണ്, ഇത് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടോ എന്നായിരുന്നു ചോദ്യം.
◾ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി രണ്ട് മക്കള്‍ ചേര്‍ന്ന് അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് 3 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി കൊലപാതകം നടന്നത്. രണ്ട് യുവാക്കളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂര്‍ ജില്ലയിലെ പൊത്താതുര്‍പേട്ട സ്വദേശിയായ ഇ.പി. ഗണേശന്‍ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗണേശന്റെ മക്കളായ മോഹന്‍രാജ് (26), ഹരിഹരന്‍ (27) എന്നിവരെയും ഇവര്‍ക്ക് പാമ്പിനെ എത്തിച്ചുനല്‍കിയ നാല് സഹായികളെയും പോലീസ് പിടികൂടി.
◾ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ 'മാന്യമായ' വസ്ത്രം ധരിക്കണമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. വിവിധ വകുപ്പ് മേധാവികള്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, മുഖ്യമന്ത്രിയുടെ ഓഫീസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്.
◾ വരാനിരിക്കുന്ന ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയുടെ ചുമതലയുള്ള പാര്‍ട്ടി നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കിയത്.
◾ തെക്കേ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് ബി ജെ പിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് നിതിന്‍ നബീന്‍. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടന വികസിപ്പിക്കുക, ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കുക, വിവിധ ജന വിഭാഗങ്ങളിലേക്ക് ഇറങ്ങി ചെല്ലുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിക്കൊണ്ടാണ് നിതിന്‍ നബീന്‍ ഇക്കാര്യം പറഞ്ഞത്. കേരള, തമിഴ്നാട് തെരഞ്ഞെടുപ്പുകളില്‍ എന്‍ ഡി എ സര്‍ക്കാരുകള്‍ക്കായി ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ബംഗാളില്‍ ബിജെപി റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല. കനത്ത മൂടല്‍മഞ്ഞാണ് പ്രതിസന്ധിയായത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ കൊല്‍ക്കത്ത വിമാനത്താവളത്തിലേക്ക് തിരികെ പോയി. നേരിട്ട് റാലിയെ അഭിസംബോധന ചെയ്യാന്‍ സാധിക്കാത്തതില്‍ ജനത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി, പിന്നീട് വിര്‍ച്വലായി യോഗത്തില്‍ പങ്കെടുത്തു.
◾ പശ്ചിമബംഗാളിലും അസമിലും ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ ജംഗിള്‍രാജ് ജനങ്ങള്‍ പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിള്‍രാജ് അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്തെ തെറ്റുകള്‍ തിരുത്തുന്നതാണ് തന്റെ സര്‍ക്കാരിന്റെ വികസന നയമെന്ന് മോദി ആസമില്‍ അവകാശപ്പെട്ടു.
◾ കൊല്‍ക്കത്തയില്‍ ലയണല്‍ മെസ്സി പങ്കെടുത്ത പരിപാടിയുടെ പ്രധാന സംഘാടകനായ സതാദ്രു ദത്തയുടെ വസതികളില്‍ പരിശോധന നടത്തി ബംഗാള്‍ പോലീസ്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ .നടന്ന പരിപാടി അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസിന്റെ നടപടി. സംഭവത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ പിഴവുകള്‍ക്കപ്പുറം സാമ്പത്തിക ക്രമക്കേടുകളിലേക്കും വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
◾ അസമിലെ ഗുവാഹട്ടിയിലുള്ള ലോകപ്രിയ ഗോപിനാഥ് ബര്‍ദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.അസമിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയൊരു ഉണര്‍വ് നല്‍കുന്നതാണ് ഈ പുതിയ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
◾ ആണവോര്‍ജ മേഖലയില്‍ സമൂലമാറ്റം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള ശാന്തി ബില്‍ യുഎസിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും തന്റെ ഒരുകാലത്തെ അടുത്ത സുഹൃത്തുമായി ശാന്തി പുനഃസ്ഥാപിക്കാനും വേണ്ടിയാണ് മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ അടിയന്തരമായി അവതരിപ്പിച്ചതെന്ന് രാജ്യസഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ജയറാം രമേശിന്റെ വിമര്‍ശനം.
◾ നിരന്തരം സഖ്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന കൂട്ടുകക്ഷി രാഷ്ട്രീയത്തിന് സമാനമാണ് ഇന്നത്തെ ലോക സാഹചര്യമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഈ സാഹചര്യം കൃത്യമായി മനസ്സിലാക്കി, ഇന്ത്യ സാമര്‍ഥ്യത്തോടെ സ്വന്തം താല്‍പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. പുണെ സാഹിത്യോത്സവത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.
◾ ബംഗ്ലാദേശിലെ മൈമെന്‍സിങ് ജില്ലയില്‍യുവാവിനെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് ജീവനോടെ തീകൊളുത്തിയ സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. ദീപു ചന്ദ്ര ദാസ് (27) ആണ് കൊല്ലപ്പെട്ടത്. തന്റെമകനെമരത്തില്‍ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തുകയായിരുന്നുവെന്ന് ദീപുവിന്റെ പിതാവ് രവിലാല്‍ ദാസ് പറഞ്ഞു.
◾ സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് താങ്ങായി ലോകബാങ്ക് 700 മില്യണ്‍ ഡോളറിന്റെ ധനസഹായത്തിന് അംഗീകാരം നല്‍കി. രാജ്യത്തിന്റെ മാക്രോ ഇക്കണോമിക് സ്ഥിരത ഉറപ്പാക്കാനും സേവന വിതരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള മള്‍ട്ടി-ഇയര്‍ പദ്ധതിയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചതെന്ന് ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
◾ ഇറാനെ വീണ്ടും ആക്രമിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി വിപുലീകരിക്കുന്നതായുള്ള ആശങ്ക സജീവമായതോടെയാണ് ഇസ്രയേല്‍ പുതിയ സൈനിക നടപടികള്‍ക്കുള്ള നീക്കം ശക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തരമായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതോടെ അഭ്യൂഹം ശക്തമായിട്ടുണ്ട്.
◾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) 2024-25 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 79.82 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറി. സിയാലിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഉയര്‍ന്ന വരുമാനവും ലാഭവുമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത്. വരുമാനം 1,142 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ ലാഭം 489.84 കോടി രൂപയായിരുന്നു. ഇതില്‍ നിന്നുള്ള വിഹിതം 25 രാജ്യങ്ങളില്‍ നിന്നുള്ള 33,000 നിക്ഷേപകര്‍ക്ക് ലഭിക്കും. സിയാലിലെ ഏറ്റവും വലിയ നിക്ഷേപകന്‍ സംസ്ഥാന സര്‍ക്കാരാണ്. 33.38 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. നിക്ഷേപകര്‍ക്കായി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്ത 50 ശതമാനം ലാഭവിഹിതം കഴിഞ്ഞ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 76,068 വിമാനങ്ങള്‍ കൊച്ചിയിലെത്തി. 31,820 അന്താരാഷ്ട്ര വിമാനങ്ങളും 44,248 ആഭ്യന്തര വിമാനങ്ങളും ഉള്‍പ്പെടെയാണിത്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തില്‍ (2023-24) 70,204 വിമാനങ്ങളാണ് ഇവിടെ എത്തിയത്. 8.36 ശതമാനം വര്‍ധന.
◾ നിഖില വിമലിനൊപ്പം ഹക്കിം ഷാജഹാന്‍, രമേശ് പിഷാരടി, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന പെണ്ണ് കേസ് ജനുവരി പതിനാറിന് പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇര്‍ഷാദ് അലി, അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്‍, ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്‍, പ്രവീണ്‍ രാജാ, ശിവജിത്, കിരണ്‍ പീതാംബരന്‍, ഷുക്കൂര്‍, ധനേഷ്, ഉണ്ണി നായര്‍, രഞ്ജി കങ്കോല്‍, സഞ്ജു സനിച്ചന്‍, അനാര്‍ക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഇ ഫോര്‍ എക്സ്പെരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടന്‍ ടാക്കീസ്, വി യു ടാക്കീസ് എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, ഉമേശ് കെ ആര്‍, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. രശ്മി രാധാകൃഷ്ണന്‍, ഫെബിന്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ എഴുതുന്നു. സംഗീതം അങ്കിത് മേനോന്‍.
◾ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഹോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ ഫ്രാഞ്ചൈസിയായ 'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ' ഭാഗമാകുന്നു. പരമ്പരയുടെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന 'ഫാസ്റ്റ് എക്‌സ്: പാര്‍ട്ട് 2' ന്റെ സെറ്റിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ടൈറീസ് ഗിബ്‌സണ്‍ ആണ് ചിത്രം പങ്കുവെച്ചത്. 'കുടുംബത്തിലേക്ക് സ്വാഗതം', എന്നാണ് റൊണാള്‍ഡോയ്‌ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ഗിബ്‌സണ്‍ കുറിച്ചത്. 2027 ഏപ്രിലില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ സംബന്ധിച്ച അപ്‌ഡേറ്റ് ഫുട്‌ബോള്‍ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തി. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമകളിലെ താരവും നിര്‍മാതാവുമായ വിന്‍ ഡീസലാണ് റൊണാള്‍ഡോ ചിത്രത്തിലുണ്ടാകുമെന്ന് ആദ്യസൂചന നല്‍കിയത്. ചിത്രത്തില്‍ റൊണാള്‍ഡോയ്ക്കായുള്ള വേഷം എഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ 11-ാമത് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. 2027 ഏപ്രിലിലാണ് ചിത്രം പുറത്തിറങ്ങുക. പരമ്പരയിലെ അവസാനത്തെ ചിത്രമാകും ഇത്.
◾ പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം 160 ഡ്യൂക്ക് റേഞ്ച് വിപുലീകരിച്ചു. അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയോടുകൂടിയ പുതിയ വേരിയന്റ് അവതരിപ്പിച്ചാണ് ഡ്യൂക്ക് ശ്രേണി വലുതാക്കിയത്. 1.79 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ഡല്‍ഹി) വില. ഈ വേരിയന്റിന് എല്‍സിഡി ഡിസ്പ്ലേയുള്ള സ്റ്റാന്‍ഡേര്‍ഡ് 160 ഡ്യൂക്കിനേക്കാള്‍ ഏകദേശം 9,000 രൂപ കൂടുതലാണ്. 160 ഡ്യൂക്കിലെ പുതിയ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ജെന്‍3കെടിഎം 390 ഡ്യൂക്കില്‍ നിന്ന് കടമെടുത്തതാണ്. റൈഡര്‍മാര്‍ക്ക് വാഹനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ സഹായിക്കുന്ന ഫോര്‍-വേ മെനു സെലക്ടര്‍ ആണ് ഇതിന്റെ പ്രത്യേകത. ബോണ്ടഡ് ഗ്ലാസ് ഡിസ്പ്ലേയുമായി ജോടിയാക്കിയ പരിഷ്‌കരിച്ച സ്വിച്ച് ഗിയറാണ് ഇത് സാധ്യമാക്കുന്നത്. കെടിഎം മൈ റൈഡ് ആപ്പുമായി ബന്ധിപ്പിക്കുമ്പോള്‍ സ്‌ക്രീന്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെയും നാവിഗേഷനെയും പിന്തുണയ്ക്കുന്നു. 18.73 ബിഎച്ച്പിയും 15.5 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്ന 164 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എന്‍ജിന്‍ ജോടിയാക്കിയിരിക്കുന്നു.
◾ കൊച്ചിക്കായലിലെ പ്രേതാത്മാക്കള്‍, വസൂരിക്കുന്ന്, പ്രഭാതസവാരി, തീരദേശത്തെ കുളമ്പുകാലികള്‍, ഉമ്മിണിക്കോത, മംഗളവിലാസം, മരുഭൂമിയിലെ രാക്ഷസന്‍, അമ്പാമലയിലെ ഭൂഗര്‍ഭ അറകള്‍, യക്ഷന്റെ ശാപം, മരുതച്ചോലയിലെ വേതാളം, രക്തകന്യക, കബന്ധിനിവൃക്ഷം, ആഴക്കടലിലെ ലങ്കാളകള്‍, സര്‍പ്പകന്യക, കണ്ണാടിയിലെ പ്രേതങ്ങള്‍, പാതാളരാജ്ഞി, മാന്ത്രികപ്പാവ, കബാലിയിലെ പ്രതിമാലയം, ചിന്താമണി, ഒലീവിയാ ബംഗ്ലാവ്. ഭൂതപ്രേതങ്ങളും യക്ഷിയും കഥാപാത്രങ്ങളാകുന്ന, മിക്കതും പഴയകാല മട്ടാഞ്ചേരിയും ഫോര്‍ട്ടുകൊച്ചിയും പശ്ചാത്തലമായിട്ടുള്ള, ആകാംക്ഷയുണര്‍ത്തുന്ന പ്രേതകഥകള്‍. 'രക്തകന്യക'. ശ്രീകുമാരി രാമചന്ദ്രന്‍. മാതൃഭൂമി. വില 160 രൂപ.
◾ മുട്ട കഴിച്ചാല്‍ കാന്‍സര്‍ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഇത്തരം റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിപടര്‍ത്താന്‍ ഇടയാക്കുന്നതാണെന്നും അവകാശവാദങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും എഫ്എസ്എസ്എഐ പ്രസ്താവനയില്‍ അറിയിച്ചു. എഗ്ഗോസ് ന്യൂട്രീഷന്‍ എന്ന ബ്രാന്‍ഡ് വില്‍ക്കുന്ന മുട്ടകളില്‍ കാന്‍സറിന് കാരണമായേക്കാവുന്ന ആന്റിബയോട്ടിക് ആയ നൈട്രോഫുരാന്റെ അംശം ഉണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വാദം. ഇത് അടിസ്ഥാന രഹിതമാണെന്നാണ് എഫ്എസ്എസ്എഐ വ്യക്തമാക്കുന്നത്. 2011 ലെ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉല്‍പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും നൈട്രോഫ്യൂറാനുകളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് എഫ്എസ്എസ്എഐ പറയുന്നു. നൈട്രോഫ്യൂറാന്‍ മെറ്റബോളൈറ്റുകളുമായുള്ള ട്രേസ്-ലെവല്‍ ഭക്ഷണങ്ങള്‍ മനുഷ്യരില്‍ കാന്‍സറോ മറ്റ് പ്രതികൂല ആരോഗ്യ ഫലങ്ങളോ തമ്മില്‍ ബന്ധമില്ല. സാധാരണ മുട്ട ഉപഭോഗം കാന്‍സര്‍ സാധ്യതയുമായി ബന്ധപ്പെടുത്തി ദേശീയ അല്ലെങ്കില്‍ അന്തര്‍ദേശീയ തലത്തില്‍ നടത്തിയ പഠനങ്ങളില്‍ ഒന്നിലും പരാമര്‍ശമില്ല. ഏതെങ്കിലും പ്രത്യേക ബ്രാന്‍ഡിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒറ്റപ്പെട്ടവയാണ്. മലിനീകരണം, കോഴിത്തീറ്റയിലെ ഘടകങ്ങള്‍ എന്നിവ ചിലപ്പോള്‍ രാസ സാന്നിധ്യത്തിന് കാരണമായേത്തും. ഇത്തരം സാഹചര്യങ്ങള്‍ മുട്ട വിതരണ ശൃംഖലയെ ബാധിക്കുന്നതല്ല. ഒറ്റപ്പെട്ട ലബോറട്ടറി കണ്ടെത്തലുകള്‍ ഉദ്ധരിച്ച് ഭക്ഷ്യ ഉത്പന്നങ്ങളെ വ്യാപകമായി സുരക്ഷിതമല്ലെന്ന് മുദ്രകുത്തുന്നത് ശാസ്ത്രീയമായി തെറ്റാണെന്നും എഫ്എസ്എസ്എഐ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
നഗരത്തിന്റെ ഒരറ്റത്താണ് അയാള്‍ മാസങ്ങളായി ഭിക്ഷയാചിക്കാറുണ്ടായിരുന്നത്. അന്നയാള്‍ നഗരത്തിന്റെ മറുവശത്തക്ക് പോകാന്‍ തീരുമാനിച്ചു. തന്റെ പാത്രവുമായി പലരുടേയും അടുത്ത് പോകുന്നതിനിടയില്‍ ഒരു സ്വര്‍ണ്ണപണിക്കാരന്റെ അടുത്തെത്തി. അയാള്‍ ആ പാത്രത്തിലേക്ക് ചില്ലറയിട്ടപ്പോള്‍ അതില്‍നിന്നുവന്ന ശബ്ദം കടക്കാരനെ അമ്പരപ്പിച്ചു. അയാള്‍ ആ പാത്രംവാങ്ങി ഉരച്ചുനോക്കി പരിശോധിച്ചു. അതൊരു സ്വര്‍ണ്ണത്തളികയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ യാചകന്‍ പറഞ്ഞു: ഞങ്ങള്‍ ഒരുകാലത്ത് ധനികരായിരുന്നു. ഒരു ദുരന്തശേഷം ഇങ്ങനെയായിപ്പോയി. അപ്പോള്‍ സ്വര്‍ണ്ണപ്പണിക്കാരന്‍ പറഞ്ഞു: ഈ പാത്രം വിറ്റാല്‍ തന്നെ താങ്കള്‍ കോടിപതിയാകും. ഭിക്ഷക്കാരന് സന്തോഷമായി. സ്ഥിരവാസകേന്ദ്രങ്ങളില്‍ നിന്ന് മാറിചിന്തിക്കുന്നവര്‍ക്കാണ് പുതിയ സഞ്ചാരപഥങ്ങള്‍ നേട്ടമുണ്ടാക്കുക. അത്തരക്കാര്‍ക്ക് അവകാശപ്പെട്ടതാണ് പുതിയ ആകാശവും പുതിയ ഭൂമിയും പുതിയ മഴയും പുതിയ ഇടങ്ങളും. ഒരിടത്ത്മാത്രം നിശ്ചലമായിപ്പോയ ജീവിതങ്ങള്‍ ഒരുപാടുണ്ട്. ഒരേയിടത്ത് ഒരേ തൊഴില്‍ ചെയ്ത് ഒരു ജീവിതം ജീവിക്കുന്നവര്‍ക്ക് എങ്ങനെ പുതിയ അനുഭവങ്ങള്‍ ഉണ്ടാകും? ഇരിക്കുന്ന സ്ഥലത്ത് നിന്ന് മാറാനുളള തീരുമാനമാണ് വളര്‍ച്ചയുടെ ആദ്യപടി. ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും വേറിട്ട ശൈലി രൂപപ്പെടും, പുതിയ തീരങ്ങള്‍ കണ്ടെത്തും, അപ്പോള്‍ കാഴ്ചയും കാഴ്ചപ്പാടുകളും മാറും.. മുന്നിലുണ്ട് നാം അന്വേഷിക്കുന്ന പുതുവഴി.. ആ വഴി കണ്ടെത്തുക.. - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍