പ്രഭാത പാർത്തകൾ
2026 ജനുവരി 09
1447 റജബ് : 19
1201 ധനു : 25
വെള്ളിl
▪️മാറാട്: എ.കെ. ബാലന്റെ വിവാദപരാമർശത്തെ പിന്തുണച്ച് പിണറായി വിജയൻ
മാറാട് കലാപവുമായി ബന്ധപ്പെട്ട് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ നടത്തിയ വിവാദ പരാമർശത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വർഗീയ കലാപങ്ങൾ അരങ്ങേറിയ ഒരു കാലമുണ്ടായിരുന്നുവെന്നും ഇത് ഓർമിപിക്കാനാണ് ബാലൻ ശ്രമിച്ചത് എന്നുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. യു.ഡി.എഫ് ഭരിച്ചാൽ കേരളത്തിലെ ആഭ്യന്തര കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയായിരിക്കുമെന്നും അപ്പോൾ പലമാറാടുകളും ആവർത്തിക്കുമെന്നുമായിരുന്നു എ.കെ. ബാലന്റെ പ്രസ്താവന.
https://chat.whatsapp.com/F2FUaxbfEvfKR6f2JMovse
▪️പരിശീലകനാകാനില്ല, ഒരു ക്ലബിനെ സ്വന്തമാക്കണം...; മനസ്സ് തുറന്ന് ലയണൽ മെസ്സി
കരിയറിലെ സായാഹ്നത്തിലാണ് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി. ഈ വർഷം നടക്കുന്ന ഫിഫ ലോകകപ്പായിരിക്കും ഒരുപക്ഷേ താരം അർജന്‍റീനക്കുവേണ്ടി കളിക്കുന്ന അവസാന ടൂർണമെന്‍റ്. നിലവിൽ അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്‍റർ മയാമിക്കുവേണ്ടിയാണ് 38കാരനായ മെസ്സി കളിക്കുന്നത്.
ക്ലബിനൊപ്പം 2025 സീസൺ മെസ്സി ടോപ് സ്കോറർക്കുള്ള സുവർണ പാദുകം നേടി അവിസ്മരണീയമാക്കിയിരുന്നു. 28 മത്സരങ്ങളിൽനിന്ന് 29 ഗോളുകൾ നേടിയ താരം 19 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായി മയാമിക്ക് എം.എൽ.എസ് കപ്പ് കിരീടം നേടികൊടുക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചു. ഫൈനലിൽ രണ്ടു തവണ വലകുലുക്കിയ താരം, ടൂർണമെന്‍റിലെ ഏറ്റവും മൂല്യമേറിയ താരമായും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടു തവണ ഈ പുരസ്കാരം നേടുന്ന ലീഗിലെ ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി. ക്ലബിനൊപ്പം മൂന്നു വർഷത്തെ കരാറും പുതുക്കി. 2028 വരെ മെസ്സി മയാമിയിലുണ്ടാകും, അതായത് 41 വയസ്സ് വരെ
▪️സമരം കടുപ്പിക്കാനൊരുങ്ങി ഡോക്ടർമാർ; 13 മുതൽ അധ്യാപനവും തൊട്ടടുത്ത ആഴ്ച മുതൽ ചികിത്സയും നിർത്തിവെക്കും
സൂചനാ സമരങ്ങൾ ഫലം കാണാതെ വന്നതോടെ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഈമാസം 13 മുതൽ അധ്യാപനവും തൊട്ടടുത്ത ആഴ്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവെക്കാനാണ് തീരുമാനം. ഈമാസം 19 ന് സെക്രട്ടറിയേറ്റ് ധർണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്നാരാ ബീഗം, ജനറൽ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവർ അറിയിച്ചു.
▪️കെ ടെറ്റ് പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി
കേരളാ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് - കെ ടെറ്റ് പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. അപേക്ഷകൾ ജനുവരി 12 രാവിലെ 10 മണി വരെ സമർപ്പിക്കാം. കെ-ടെറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://ktet.kerala.gov.in , https://pareekshabhavan.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന് ലഭ്യമാകും.
സെർവർ തകരാർ ആയതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് തീയതി നീട്ടി നൽകിയതെന്നാണ് അറിയുന്നത്. ഓരോ കാറ്റഗറിയിലേക്കുമുള്ള അപേക്ഷാ യോഗ്യത, പരീക്ഷാ മാനദണ്ഡങ്ങൾ, ഫീസ് എന്നിവ വിശദമായി ഉൾപ്പെടുത്തിയ ഔദ്യോഗിക വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടാതെ, ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
▪️ദിലീപിനെ കുറ്റവിമുക്തനാക്കാനുള്ള വിധി: വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി സർക്കാറിന് നിയമോപദേശം
നടിയെ ആക്രമിച്ച കേസിൽ അസാധാരണമായ രീതിയിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി സർക്കാരിന് നിയമോപദേശം ലഭിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ സർക്കാറിന് നൽകിയ നിയമോപദേശത്തിലാണ് ജഡ്ജിക്കെതിരെ പരാമർശമുള്ളത്. ദിലീപിനെ കുറ്റവിമുക്തമാക്കാൻ തയ്യാറാക്കിയതാണ് ഈ വിധിയെന്നും നടനെതിരായ തെളിവുകൾ പരിഗണിച്ചില്ലെന്നുമാണ് പ്രോസിക്യൂഷന്‍റെ പ്രധാന വിമർശനം. കേസിൽ അപ്പീൽ നൽകാനായി തയ്യാറാക്കിയ നിയമോപദേശത്തിലണ് ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുളളത്.
▪️തദ്ദേശത്തിലെ തിരിച്ചടി പ്രത്യേക അവസ്ഥ; 10 വർഷത്തെ മാറ്റം വോട്ടാകും, ഞങ്ങളുടെ കനഗോലു ജനങ്ങൾ- പിണറായി
എൽഡിഎഫിന് ആത്മവിശ്വാസം പകരുന്നതാണ് കേരളത്തിന്റെ നിലവിലെ പൊതുവായ സ്ഥിതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളോടെ ജനങ്ങൾ എൽഡിഎഫിനെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പ്രത്യേകമായ അവസ്ഥയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ പൊതുവായ കാര്യങ്ങളെ സംബന്ധിച്ച കാര്യത്തിൽ നാടിന്റെ ഇതുവരെയുള്ള അനുഭവംവെച്ചുകൊണ്ടായിരിക്കും ജനം വിധിയെഴുതുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
▪️കേസ് ഒത്തുതീര്‍പ്പാക്കാന്‍ ലക്ഷങ്ങൾ കോഴ: നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷൻ
കേസ് ഒത്തുതീര്‍പ്പാക്കാന്‍ ലക്ഷങ്ങൾ തട്ടിയ സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയും റൈറ്ററുമായ അബ്ദുൽറഊഫ്, സി.പി.ഒമാരായ ഷഫീക്ക്, ഷക്കീര്‍, സഞ്ജു ജോസ് എന്നിവരെയാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ ജില്ല പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടനിലക്കാരായിനിന്ന് പ്രതികളില്‍നിന്ന് 6.60 ലക്ഷം രൂപ വാങ്ങിയ സംഭവത്തിലാണ് നടപടി.
▪️ജോലിതട്ടിപ്പ്: കേരളത്തിലടക്കം ഇ.ഡി റെയ്ഡ്
ന്യൂഡൽഹി: കേരളമടക്കം ആറു സംസ്ഥാനങ്ങളിലെ 15 ഇടത്ത് റെയ്ഡുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സർക്കാർ ജോലികൾക്കായി വ്യാജ നിയമന കത്തുകൾ അയച്ചതിനെക്കുറിച്ചുള്ള കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായായിരുന്നു റെയ്ഡ്. കേരളത്തിൽ എറണാകുളം, പന്തളം, അടൂർ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഇ.ഡിയുടെ പട്‌ന ഓഫിസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
▪️പി.വി. അൻവറിനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ വായ്പയെടുത്തതടക്കം കേസുകളിൽ മുൻ എം.എൽ.എ പി.വി. അൻവറിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മണിക്കൂറുകൾ ചോദ്യംചെയ്‌ത് വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ 11ന് കൊച്ചി കടവന്ത്ര ഓഫിസിലെത്തിയ അൻവറിനെ രാത്രി 10ഓടെയാണ് വിട്ടയച്ചത്.
കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് (കെ.എഫ്.സി) കോടികളുടെ വായ്പയെടുത്തതുമായി ബന്ധപ്പെട്ട കേസിലടക്കമായിരുന്നു ചോദ്യംചെയ്യൽ. അഞ്ചുവർഷത്തിനിടെ ആസ്തിയിലുണ്ടായ വൻ വർധനവും ബിനാമി, ഇടപാടുകളും ചട്ടങ്ങൾ ലംഘിച്ച് വായ്‌പകൾ നേടിയതുമുൾപ്പെടെ കുറ്റകൃത്യങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥർ വിവരങ്ങൾ ആരാഞ്ഞു. ബിനാമികളുടെ ഉൾപ്പെടെ സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ നടന്നതായി നേരത്തേ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയിരുന്നു.
2016ൽ 14.38 കോടിയായിരുന്ന അൻവറിന്റെ ആസ്‌തി 2021ൽ 64.14 കോടിയായി ഉയർന്നത് ഇ.ഡി കണ്ടെത്തിയിരുന്നു.
▪️കോഴികർഷകർ സമരത്തിലേക്ക്; വില വീണ്ടും ഉയരും
ആലുവ: കേരളത്തിലും കോഴികർഷകർ സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കോഴിവില വീണ്ടും ഉയർന്നേക്കും. കോഴി വളർത്തലിനെ കൃഷിയായി അംഗീകരിക്കണമെന്നും കോഴി കർഷകരോടുള്ള ചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷനാണ് (കെ.പി.എഫ്.എ) പൗൾട്രി ഫാമുകൾ അടച്ചിടാൻ ഒരുങ്ങുന്നത്. ആലുവയിൽ നടന്ന കെ.പി.എഫ്.എയുടെ സംസ്ഥാന നേതൃക്യാമ്പാണ് പ്രക്ഷോഭം തുടങ്ങാൻ തീരുമാനിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍