ഹെൽത്ത് കെയർ ഫൗണ്ടേഷൻ 16-ാം വാർഷികാഘോഷവും സന്ദർശനവും ആരംഭിച്ചു
കട്ടിപ്പാറ: ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ പതിനാറാം വാർഷികാഘോഷത്തിന്റെയും സന്ദർശനത്തിന്റെയും തുടക്കം കാരുണ്യതീരം ക്യാമ്പസിൽ നടന്നു. ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ ഒ.കെ. പതാക ഉയർത്തി. കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
വാർഷികാഘോഷ ഫണ്ട് ഉദ്ഘാടനം ബേബി ഷൈജയും സദാനന്ദനും ചേർന്ന് അപ്പൂസിന്റെ ഓർമ്മയ്ക്കായി പതിനായിരം രൂപ ട്രഷറർ സമദ് പാണ്ടിക്കലിന് കൈമാറി നിർവഹിച്ചു.
സി.കെ.എ. ഷമീർ ബാവ, ബാബു കുടുക്കിൽ, ടി.എം. അബ്ദുൽ ഹക്കീം, ഇ.എം. അബ്ദുറഹിമാൻ, ലത്തീഫ് കിനാലൂർ, അബ്ദുറഹിമാൻ വി.കെ., എ. മുഹമ്മദ് സാലിഹ്, മുഹമ്മദ് ടി.കെ., ഷൈജു വി., അഡ്വ. ടി.പി.എ. നസീർ എന്നിവർ പങ്കെടുത്തു.
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യതീരം ക്യാമ്പസ്, ഭിന്നശേഷി വ്യക്തികളുടെ വിദ്യാഭ്യാസം, തൊഴിൽപരിശീലനം, പുനരധിവാസം, സാമൂഹിക ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിച്ചുവരികയാണ്. കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ, പ്രതീക്ഷാഭവൻ റീഹാബിലിറ്റേഷൻ സെന്റർ, ഫാസ് കമ്മ്യൂണിറ്റി സൈക്യാട്രിക് ക്ലിനിക്, കെയർ എഫ്. എം 89.6, നാഷണൽ ട്രസ്റ്റ് എൽ. എൽ. സി മലപ്പുറം, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം & അഡ്വഞ്ചർ അക്കാദമി തുടങ്ങി ആറ് പ്രൊജക്ടുകൾ ഹെൽത്ത് കെയർ ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മുതിർന്ന ഭിന്നശേഷിക്കാർക്കായി അഞ്ചേക്കറിൽ ഒരുങ്ങുന്ന കെയർ വില്ലേജ്, അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള ഏർലി ഇന്റർവേഷൻ യൂണിറ്റ് എന്നിവ സംഘടനയുടെ ഭാവി പദ്ധതികളാണ്.
ജീവകാരുണ്യപ്രവർത്തകനും ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പാട്രണുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ അനുസ്മരണ പരിപാടിയും, അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് ദാനവും വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഫെബ്രുവരി 13, 14 തീയതികളിലായി നടക്കുന്ന വാർഷികാഘോഷ പരിപാടികളിൽ സാമൂഹ്യ സന്നദ്ധ സേവന രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്നുമുതൽ ഫെബ്രുവരി 12 വരെ നടക്കുന്ന ക്യാമ്പസ് സന്ദർശനത്തിൽ പങ്കെടുക്കുന്നവർക്ക് ഭിന്നശേഷി മേഖല കൂടുതൽ പരിചയപ്പെടാനും അവരുമായി സംവദിക്കാനുള്ള അവസരം ഒരുക്കുന്നതാണ്, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 9946661059.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍