ഹെൽത്ത് കെയർ ഫൗണ്ടേഷൻ 16-ാം വാർഷികാഘോഷവും കെ. മുഹമ്മദ് ഈസ അനുസ്മരണവും

പൂനൂർ: ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ പതിനാറാം വാർഷികാഘോഷവും ജീവകാരുണ്യ പ്രവർത്തകനായിരുന്ന കെ. മുഹമ്മദ് ഈസ അനുസ്മരണവും ഫെബ്രുവരി 13,14 തീയതികളിലായി കാരുണ്യതീരം ക്യാമ്പസിൽ നടക്കും.

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യതീരം ക്യാമ്പസ്, ഭിന്നശേഷി വ്യക്തികളുടെ വിദ്യാഭ്യാസം, തൊഴിൽപരിശീലനം, പുനരധിവാസം, സാമൂഹിക ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിച്ചുവരികയാണ്. കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ, പ്രതീക്ഷാഭവൻ റീഹാബിലിറ്റേഷൻ സെന്റർ, ഫാസ് കമ്മ്യൂണിറ്റി സൈക്യാട്രിക് ക്ലിനിക്, കെയർ എഫ്. എം 89.6, നാഷണൽ ട്രസ്റ്റ്‌ എൽ. എൽ. സി മലപ്പുറം, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം & അഡ്വഞ്ചർ അക്കാദമി തുടങ്ങി ആറ് പ്രൊജക്ടുകൾ ഹെൽത്ത് കെയർ ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മുതിർന്ന ഭിന്നശേഷിക്കാർക്കായി അഞ്ചേക്കറിൽ ഒരുങ്ങുന്ന കെയർ വില്ലേജ്, അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള ഏർലി ഇന്റർവേഷൻ യൂണിറ്റ് എന്നിവ സംഘടനയുടെ ഭാവി പദ്ധതികളാണ്.

ജീവകാരുണ്യപ്രവർത്തകനും ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പാട്രണുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ അനുസ്മരണ പരിപാടിയും, അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് ദാനവും വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഭിന്നശേഷി മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കണ്ണൂർ ശാന്തി ദീപം സ്കൂൾ സ്ഥാപക ജലറാണി ടീച്ചറാണ് പ്രഥമ മുഹമ്മദ് ഈസ മെമ്മോറിയൽ അവാർഡിന് അർഹയായത്. 

ഫെബ്രുവരി 13ന് വെള്ളിയാഴ്ച വൈകീട്ട് 4.30 മുതൽ ഉദ്ഘാടന സമ്മേളനവും തുടർന്ന് കാരുണ്യതീരം, പ്രതീക്ഷാഭവൻ, കമ്മ്യൂണിറ്റി ക്ലിനിക്കിലെയും കലാകാരന്മാരുടെ വിവിധ പരിപാടികൾ നടക്കും.

ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 10. 30 ന് ' പകർന്നു നൽകിയ മാനവികത' എന്ന വിഷയത്തിൽ സെമിനാർ നടക്കും. തുടർന്ന് കെ. മുഹമ്മദ് ഈസ മെമ്മോറിയൽ ഓഡിറ്റോറിയം ഉദ്ഘാടനം, ഫോട്ടോ അനാച്ഛാദനം, ഡോക്യുമെൻററി പ്രദർശനം എന്നിവ നടക്കും. വൈകിട്ട് 4. 30ന് അനുസ്മരണ സമ്മേളനവും ആരംഭിക്കും. തുടർന്ന് പ്രമുഖ ഗായകർ അണിനിരക്കുന്ന കലാവിരുന്ന് അരങ്ങേറും. 

വിവിധ സെഷനുകളിലായി ഡോ. എം. കെ.മുനീർ എം. എൽ. എ, അഡ്വ. കെ. എം സച്ചിൻ ദേവ് എം. എൽ. എ, അഡ്വ. പി. ടി. എ റഹീം എം. എൽ. എ, മലപ്പുറം ജില്ലാ കളക്ടർ വി. ആർ വിനോദ് ഐ. എ. എസ്, അസിസ്റ്റന്റ് കലക്ടർ ദിലീപ് കൈനിക്കര ഐ. എ. എസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ കുറുമ്പൊയിൽ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയ്യാലി, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല മാസ്റ്റർ, നവാസ് പൂനൂർ, സഹ്‌ല പർവീൻ, കെ. കെ അബ്ദുസ്സലാം, യതീന്ദ്രൻ മാസ്റ്റർ, നജീബ് കുറ്റിപ്പുറം, ഡോ. ഇദ്രീസ് പ്രമുഖ വ്യവസായികളായ ഇ. പി അബ്ദുറഹിമാൻ, മജീദ് പുല്ലങ്കോട്, കാരാടൻ സുലൈമാൻ, സലാം കോളിക്കൽ എന്നിവർ സംബന്ധിക്കും. ഉദ്ഘാടന സമ്മേളനത്തിൽ ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ പ്രസിഡണ്ട് ഡോ. ബഷീർ പൂനൂരും സമാപന ചടങ്ങിൽ ഡോ. ഷുക്കൂർ കിനാലൂരും അധ്യക്ഷത വഹിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍