കുട്ടിയുടെ മാല മോഷ്ടിച്ച് വിഴുങ്ങി യുവതി, തൊണ്ടിമുതലിനായി പോലീസിന്റെ കാത്തിരിപ്പ് .
മലപ്പുറം: നിലമ്പൂരിൽ സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി അറസ്റ്റിൽ. നിലമ്പൂർ മുക്കട്ട സ്വദേശി സമീനയാണ് അറസ്റ്റിലായത്. വിഴുങ്ങിയ ആഭരണം വീണ്ടെടുക്കാൻ കാത്തിരിക്കുകയാണ് പോലീസ്. കുട്ടിയുമായി ക്ലിനിക്കിലെത്തിയ കുടുംബത്തിന്‍റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്.
കഴിഞ്ഞ പത്താം തീയതിയാണ് സംഭവം. കുട്ടിയെ ഡോക്ടറെ കാണിക്കാനായി എത്തിയതായിരുന്നു കുടുംബം. ക്ലിനിക്കിൽ കാത്തിരിക്കുന്നതിനിടെ പ്രതി കുട്ടിയുടെ അടുത്തെത്തി. ഇതിനിടെയാണ് മാല കാണാതായത് ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു.
പോലീസ് എത്തി പരിശോധന നടത്തുകയും സംശയം തോന്നിയതിനെത്തുടർന്ന് സമീനയെ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. സ്കാനിങ്ങിൽ തൊണ്ടിമുതൽ ശരീരത്തിനുള്ളിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയുടെ വയറ്റിനുള്ളിൽനിന്ന് തൊണ്ടിമുതൽ പുറത്തെടുക്കാനുള്ള കാത്തിരിപ്പിലാണ് പോലീസ് ഇപ്പോൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍