കർഷകർക്ക് കൈത്താങ്ങ്; 10,115 പേർക്ക് കൂടി 2,000 രൂപ കർഷക പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനം
സംസ്ഥാനത്തെ കൂടുതൽ കർഷകർക്ക് ആശ്വാസമായി പെൻഷൻ പദ്ധതി വിപുലീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചെറുകിട-നാമമാത്ര കർഷക പെൻഷൻ പദ്ധതി പ്രകാരം 2021-ന് ശേഷം 60 വയസ് തികഞ്ഞ 10,115 കർഷകർക്ക് കൂടി മാസം 2,000 രൂപ വീതം പെൻഷൻ അനുവദിക്കും. ഇതിനായി 24.276 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. നിലവിൽ ഈ പദ്ധതിയിൽ പെൻഷൻ കൈപ്പറ്റുന്ന 6,201 കർഷകർക്ക് പുറമെയാണ് പുതുതായി ഇത്രയും പേരെ കൂടി ഉൾപ്പെടുത്തുന്നത്.
കൂടാതെ, കൃഷിവകുപ്പ് ഡയറക്ടർ പുതുതായി സമർപ്പിച്ച 2,225 കർഷകരുടെ അപേക്ഷകൾ കൂടി അടിയന്തരമായി പരിശോധിച്ച് തീരുമാനമെടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഇതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. കൃഷിക്കാരെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി പെൻഷൻ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍