ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവും ജിം സന്തോഷ് വധക്കേസ് പ്രതിയുമായ അലുവ അതുലിനെ വെട്ടി കൊന്നു. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയശേഷം മടങ്ങി പോകുമ്പോഴായിരുന്നു നടുറോഡിൽ വെച്ച് ഒരു സംഘം അക്രമിച്ചത്. കൊല്ലം കരുനാഗപ്പള്ളിയില്‍വെച്ചാണ് സംഭവം.

ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം അതുല്‍ സഞ്ചരിച്ച കാർ ഇടിച്ചിട്ട ശേഷം നടുറോഡില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്കാണ് അതുലിന്റെ കാര്‍ ഇടിച്ചിട്ടത്. ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെ മാര്‍ച്ച് 27-നായിരുന്നു കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതിയാണ് അതുൽ. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ പ്രതിയായ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ അതുൽ ഉൾപ്പെടുന്ന സംഘം കൊലപ്പെടുത്തുകയായിരുന്നു. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു. ജിം സന്തോഷിനെ കൊലപ്പെടുത്തിയത് പങ്കജ് എന്നയാൾ പറഞ്ഞിട്ടെന്ന് അലുവ അതുൽ പൊലീസിൽ മൊഴി നൽകിയിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍