മണ്ഡല പുനർവിഭജനത്തിനുമുൻപ്‌ വനിതാ സംവരണം നടപ്പാക്കാൻ കേന്ദ്രസർക്കാർ നീക്കം


ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാസംവരണം അടുത്ത മണ്ഡല പുനർവിഭജനത്തിനുമുൻപ്‌ നടപ്പാക്കാൻ കേന്ദ്രസർക്കാർ നീക്കം. 2023-ൽ ബിൽ പാർലമെന്റ് പാസാക്കിയെങ്കിലും പുതിയ സെൻസസിനും തുടർന്നുള്ള മണ്ഡലപുനർവിഭജനത്തിനും ശേഷംമാത്രമേ നടപ്പാക്കൂ എന്നാണ് നിയമത്തിലുള്ളത്‌.

2027-ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡലപുനർവിഭജനം നടക്കേണ്ടത്. അതിനുമുൻപ്‌ വനിതാസംവരണം നടപ്പാക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി വേണ്ടിവരും. അതിനായി സമവായമുണ്ടാക്കാനാണ്‌ കേന്ദ്രനീക്കം. വനിതാസംവരണ ബില്ലിനോട്‌ താത്‌പര്യമുള്ളതിനാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് ഇതിനോട് തത്ത്വത്തിൽ യോജിപ്പുണ്ടെന്നാണ് വിവരം. ഇന്ത്യസഖ്യത്തിലെ വിവിധപാർട്ടികളുമായി ചർച്ചനടത്തുകയാണെന്ന്‌ കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, ഭരണകക്ഷിയിൽ ബി.ജെ.പി.യാണ് ചർച്ചകൾക്ക് മുൻകൈയെടുക്കുന്നതെങ്കിലും ഇതുവരെ എൻ.ഡി.എ.യിലെ മുഖ്യഘടകകക്ഷികളായ ജെ.ഡി.യു.വുമായോ ടി.ഡി.പി.യുമായോ അവർ ആശയവിനിമയം നടത്തിയിട്ടില്ല. സർക്കാർ നിലപാടിനോടൊപ്പമാകും തങ്ങളെന്ന് ഇരുപാർട്ടികളും വ്യക്തമാക്കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍