പ്രഭാത വാർത്തകൾ
⬛"പുതിയ മാനദണ്ഡം ഇന്നുമുതൽ: സ്വർണവായ്പ 85 ശതമാനംവരെ*
കൊച്ചി: സ്വർണ വായ്പയെടുക്കുന്നവർക്കും വായ്പാസ്ഥാപനങ്ങൾക്കുമുള്ള റിസർവ് ബാങ്കിന്റെ പുതിയ മാർഗനിർദേശം ബുധനാഴ്‌ച പ്രാബല്യത്തിലാകും. പുതിയ മാനദണ്ഡപ്രകാരം സ്വർണം പണയംവയ്‌ക്കുന്പോൾ വിപണിവിലയുടെ 85 ശതമാനംവരെ വായ്പയായി നേടാം. ഒരുലക്ഷം രൂപ വിപണിവിലയുള്ള സ്വർണം പണയംവയ്ക്കുമ്പോൾ 85,000 രൂപവരെ കിട്ടും. നിലവിൽ പരമാവധി 75 ശതമാനമാണ് ലഭിച്ചിരുന്നത്.
രണ്ടരലക്ഷത്തിൽത്താഴെയുള്ള സ്വർണവായ്പയ്‌ക്കാണ് പുതിയ മാനദണ്ഡം ബാധകമാകുക. രണ്ടരലക്ഷംമുതൽ അഞ്ചുലക്ഷം വരെയുള്ള വായ്പയ്ക്ക് 80 ശതമാനവും അഞ്ച് ലക്ഷത്തിന് മുകളിലുള്ളതിന് 75 ശതമാനവും പരമാവധി തുക ലഭിക്കും. മുൻദിവസത്തെ വിപണിവിലയോ അവസാന 30 ദിവസത്തെ ശരാശരി വിലയോ അടിസ്ഥാനമാക്കിയാകും സ്വർണത്തിന്റെ മൂല്യം നിർണയിക്കുക.
കഴിഞ്ഞ വർഷം ജൂണിലാണ് റിസർവ് ബാങ്ക് പുതിയ മാനദണ്ഡം പുറത്തിറക്കിയത്. ഏപ്രിൽ ഒന്നിനാരംഭിക്കുന്ന സാന്പത്തികവർഷം മുതൽ ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും ഇത് ബാധകമാകും. ചെറുകിട സ്വർണവായ്പകൾക്ക് (2.5 ലക്ഷംവരെ) വായ്പയെടുക്കുന്നയാളുടെ വരുമാനം, ക്രെഡിറ്റ് സ്കോർ, മറ്റുവായ്പകൾ, തിരിച്ചടവുശേഷി തുടങ്ങിയവയുടെ പരിശോധന ഒഴിവാക്കും.
പലിശമാത്രം അടച്ച് ഇനി സ്വർണവായ്പ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ല. കാലാവധി പൂർത്തിയാകുമ്പോൾ മുതലും പലിശയും ഒന്നിച്ചടച്ച് സ്വർണം തിരിച്ചെടുക്കുന്ന ബുള്ളറ്റ് പേമെന്റ് വായ്പകളിൽ മുതലും പലിശയും 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കുകയും വേണം.
"സ്വർണാഭരണം പരമാവധി ഒരുകിലോയും സ്വർണനാണയം 50 ഗ്രാമുംമാത്രമേ ഇനി പണയം വയ്ക്കാനാകൂ. സ്വർണത്തിന്റെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകളോ സത്യവാങ്മൂലമോ നൽകണം. വായ്പ പൂർണമായും തിരിച്ചടച്ചാൽ ഏഴ് പ്രവൃത്തിദിവസത്തിനുള്ളിൽ സ്വർണം തിരികെ നൽകണം. വൈകുന്ന ഓരോ ദിവസത്തിനും വായ്പാസ്ഥാപനം 5000 രൂപവീതം നഷ്ടപരിഹാരം നൽകണം. വായ്പാതിരിച്ചടവ് മുടങ്ങിയാൽ സ്വർണം ലേലം ചെയ്യുംമുമ്പ് ഇടപാടുകാരനെ അറിയിക്കണമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്."
*🟨"ജില്ലയിൽ 5836 പേർ
ഹോം വോട്ട് രേഖപ്പെടുത്തി*
തൃശൂർ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി ജില്ലയിൽ 5836 പേർ ഹോം വോട്ടിങ് രേഖപ്പെടുത്തി. ജില്ലയിലെ 13 മണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർ, വോട്ടർപട്ടികയിൽ ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളതുമായ വോട്ടർമാർ എന്നിവർക്ക് അപേക്ഷിച്ച പ്രകാരം ഹോം വോട്ടിങ് സംവിധാനമാണ് ജില്ലയിൽ നടപ്പിലാക്കിയത്. ആദ്യ ദിനമായ തിങ്കളാഴ്‌ച 2907 പേരും രണ്ടാം ദിനമായ ചൊവ്വാഴ്‌ച 2929 പേരുമാണ് ഹോം വോട്ടിങ്ങിലൂടെ വോട്ട് ചെയ്തത്. രണ്ട് പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന സംഘമാണ് വീടുകൾ സന്ദർശിച്ച് വോട്ടുകൾ രേഖപ്പെടുത്തുന്നത്. ജില്ലയിൽ ആകെ റിസർവ് ഉൾപ്പെടെ 192 ടീമുകളാണ് ഹോം വോട്ടിങിനായി രൂപീകരിച്ചത്. വോട്ട് ശേഖരിക്കുന്നതിനായി വീട്ടിൽ എത്തുമ്പോൾ വോട്ടർ വീട്ടിലില്ലെങ്കിൽ മുൻകൂട്ടി അറിയിച്ച് ഒരിക്കൽ കൂടി സന്ദർശനം നടത്തും. ഹോം വോട്ടിങ് പ്രക്രിയ ഏപ്രിൽ ആറുവരെ ഉണ്ടാകും."
*🟨"രാജ്യത്ത് മാറ്റമില്ലാതെ പാചകവാതക ക്ഷാമം*
ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷവും കേന്ദ്രസർക്കാർ അനാസ്ഥയും സൃഷ്ടിച്ച പാചകവാതക ക്ഷാമം രാജ്യത്ത് മാറ്റമില്ലാതെ തുടരുന്നു. ഗാർഹികാവശ്യത്തിനുള്ള എൽപിജി വിതരണം തടസ്സമില്ലാതെ പുരോഗമിക്കുന്നുവെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും വിതരണകേന്ദ്രങ്ങൾക്ക് മുന്നിൽ സിലിണ്ടറിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ്.
ഡൽഹി അടക്കമുള്ള പ്രധാന നഗരങ്ങളിൽ ഓൺലൈനായി ബുക്ക് ചെയ്‌ത് ദിവസങ്ങൾക്ക് ശേഷവും സിലിണ്ടർ കിട്ടാത്ത സാഹചര്യമാണ്. ഹൈദരാബാദിൽ കരിഞ്ചന്തയിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന 414 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു. എൽപിജി ക്ഷാമം മുൻനിർത്തി പിഎൻജിയുടെ വ്യാപനത്തിന് കേന്ദ്രസർക്കാർ ശ്രമിക്കുണ്ടെങ്കിലും നടപടികൾക്ക് വേഗമില്ല.
നിലവിൽ രാജ്യത്തെ എൽപിജി കണക്‍ഷനുകൾ 33 കോടിയാണ്. എന്നാൽ പിഎൻജി കണക്ഷനുകൾ ഇപ്പോഴും 1.59 കോടിയിൽ എത്തിയിട്ടേയുള്ളു. പിഎൻജി വ്യാപനം വേഗത്തിലാക്കാൻ കേന്ദ്രം നേരത്തെ മുൻകൈയെടുത്തിരുന്നെങ്കിൽ നിലവിലെ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമായേനേ.
അതേസമയം, എൽപിജിയുമായി
ഒരു കപ്പൽ കൂടി ഇന്ത്യയിലെത്തി. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയിരുന്ന ബിഡബ്ല്യു ടയിർ എന്ന കപ്പൽ മുംബൈ തുറമുഖത്ത് എത്തി. 47115 ടൺ എൽപിജിയാണ് കപ്പലിലുള്ളത്."
*🟨"ആർട്ടമിസ് 2: മനുഷ്യ ചാന്ദ്രദൗത്യം നാളെ;
കൗണ്ട്‌ഡൗൺ തുടങ്ങി*
ഫ്ലോറിഡ: അരനൂറ്റാണ്ടിനുശേഷം മനുഷ്യന്റെ ചാന്ദ്രയാത്രക്ക് കൗണ്ട് ഡൗൺ തുടങ്ങി. സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായില്ലെങ്കിൽ ഇന്ത്യൻ സമയം വ്യാഴം പുലർച്ചെ 3.54ന് നാല് യാത്രികരുമായി ആർട്ടമിസ് 2 ദൗത്യപേടകം കുതിക്കും. ഫ്ലോറിഡയിലെ കെന്നഡി സ്‌പേയ്‌സ് സെന്ററിൽനിന്ന് നാസയുടെ ശക്തിയേറിയ സ്‌പെയ്‌സ് ലോഞ്ച് സിസ്റ്റം റോക്കറ്റാണ് ഒറിയോൺ പേടകവുമായി യാത്രതിരിക്കുക.
ചന്ദ്രന്റെ 9656 കിലോമീറ്റർ അടുത്തുവരെ എത്തിയശേഷം യാത്രികർ മടങ്ങും. പത്തു ദിവസത്തെ യാത്രയാണ്. വ്യാഴാഴ്‌ച വിക്ഷേപണം നടന്നില്ലെങ്കിൽ ആറുവരെ വിക്ഷേപണ ശ്രമം തുടരുമെന്ന് നാസ അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങളും പ്രതികൂല കാലാവസ്ഥയുംമൂലം നിരവധി തവണ ദൗത്യം മാറ്റിവച്ചിരുന്നു.
ദൗത്യാംഗങ്ങളായ റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്‌റ്റിന കോക്ക്, ജർമി ഹാൻസൻ എന്നിവർ ഫ്ലോറിഡയിൽ എത്തി. ഇവർ ബുധനാഴ്‌ച വിക്ഷേപണത്തറയിലെത്തി ഒറിയോൺ പേടകത്തിൽ പ്രവേശിക്കും.
റോക്കറ്റിൽ ഇന്ധനം നിറക്കുന്ന പ്രക്രിയ ആരംഭിച്ചു. 1972ലെ അപ്പോളോ 17 നുശേഷം ചന്ദ്രനിലേക്കുള്ള ആദ്യ മനുഷ്യദൗത്യമാണിത്. 2027ൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യനെ ഇറക്കുന്ന ആർട്ടമിസ് 3 ദൗത്യത്തിനുമുന്നോടിയായുള്ള പരീക്ഷണ പറക്കലാണ് ആർട്ടമിസ് 2ന്റേത്."
*🟨"യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്*
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെങ്കിൽപോലും ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഹോർമുസ് തുറക്കാനുള്ള നീക്കം പിന്നീടാകാമെന്നും ട്രംപ് തന്റെ സഹായികളോട് പറഞ്ഞതായി വൈറ്റ്ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്ചെയ്‌തു. തന്ത്രപരമായ വാണിജ്യപാത തുറക്കാനുള്ള സൈനികനീക്കം ഒന്നരമാസത്തിലധികം നീളുമെന്നും വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ബോധ്യപ്പെട്ടതോടെയാണ് മനംമാറ്റമെന്നും റിപ്പോർട്ടിലുണ്ട്.
ഇറാന്റെ നാവികസേനയെ തളർത്തുക, മിസൈൽ ശേഖരം നശിപ്പിക്കുക എന്നീ പ്രധാന ലക്ഷ്യങ്ങൾ കൈവരിച്ച ശേഷം അവസാനിപ്പിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇതിനുശേഷം വ്യാപാരം പുനരാരംഭിക്കാമെന്നും ഇറാനുമേൽ നയതന്ത്രപരമായ സമ്മർദം ചെലുത്താമെന്നും ട്രംപ് തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഈ നീക്കം പരാജയപ്പെട്ടാൽ മാത്രം ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് സംയുക്ത നീക്കം നടത്താൻ യൂറോപ്പിലെയും ഗൾഫിലെയും സഖ്യകക്ഷികൾക്കുമേൽ സമ്മർദം ശക്തമാക്കാമെന്നാണ് ട്രംപിന്റെ നിലപാടെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടുചെയ്‌തു.
ഇറാൻ സൈനിക നടപടിക്കായി പരമാവധി ഒന്നരമാസംവരെയാണ് അമേരിക്ക സമയപരിധി നിശ്ചയിച്ചിരുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. സൈനിക നടപടിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കുവൈത്ത്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ അറബ് രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടേക്കാമെന്ന സൂചനയും നൽകി.
"ഇറാൻ കടന്നാക്രമണവുമായി ബന്ധപ്പെട്ട് പരസ്‌പരവിരുദ്ധമായ നിലപാടാണ് ട്രംപിന്റേത്. ഹോർമുസ് തുറന്നില്ലെങ്കിൽ, ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങളിൽ ബോംബിടുമെന്ന അന്ത്യശാസനം ട്രംപ് പലതവണ നീട്ടിക്കൊണ്ടുപോയി. ഇറാനുമായി ചർച്ച നടത്തുന്നുവെന്ന് അവകാശപ്പെട്ട ട്രംപ് ഇറാന്റെ എണ്ണദ്വീപായ ഖാർഗ് പിടിച്ചെടുക്കാനുള്ള ആഗ്രഹവും പങ്കുവച്ചു.
കരയുദ്ധത്തിനടക്കം സംയുക്ത സൈനികനീക്കത്തിന് യൂറോപ്യൻ സഖ്യകക്ഷികൾ തയ്യാറാകാത്തതോടെയാണ് നിലപാട് മയപ്പെടുത്തുന്നത്. ഹോർമുസ് അടച്ചതോടെ യൂറോപ്പിലാകെ ഇന്ധനവിതരണം തടസ്സപ്പെടുന്നതും ട്രംപിന് തലവേദനയാണ്.
*പ്രതിരോധ
കമ്പനികളിൽ
നിക്ഷേപത്തിന് ശ്രമം*
ഇറാനെ അമേരിക്ക ആക്രമിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ്, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ ഓഹരി ബ്രോക്കർ പ്രമുഖ ആയുധകമ്പനികളിൽ വൻല നിക്ഷേപം നടത്താൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ. ഫിനാൻഷ്യൽ ടൈംസ് ആണ് വാർത്ത പുറത്തുവിട്ടത്.
ഫെബ്രുവരിയിൽ, ധനകാര്യസ്ഥാപനമായ മോർഗൻ സ്റ്റാൻലിയിലെ ഹെഗ്‌സെത്തിന്റെ ബ്രോക്കർ ധന മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്കുമായി ബന്ധപ്പെട്ടതായും, ഡിഫൻസ് ഇൻഡസ്ട്രിയൽസ് ആക്ടീവ് ഇടിഎഫ് എന്ന ഫണ്ടിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ താല്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെയാണ് ഇറാനെതിരെ യുഎസ് സൈനിക നടപടി ആരംഭിച്ചത്.
വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ എതിർപ്പ് മറികടന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടത് വിദേശസെക്രട്ടറി മാർക്കോ റൂബിയോയുടെയും പീറ്റ് ഹെഗ്‌സെത്തിന്റെയും വാക്കുകൾ കേട്ടാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവയ്‌ക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.
അതേസമയം , ബ്രോക്കറുടെ നീക്കങ്ങളെക്കുറിച്ച്
ഹെഗ്‌സെത്ത് അറിഞ്ഞിരുന്നോയെന്ന് റിപ്പോർട്ടിൽ പരാമർശമില്ല. വാർത്ത തെറ്റാണെന്നും
അത് പിൻവലിക്കണമെന്നും പെന്റഗൺ വക്താവ് ഷോൺ പാർനെൽ എക്സിലൂടെ ആവശ്യപ്പെട്ടു.
*🟨"കോഴയിൽ അടിപതറി കോൺഗ്രസ്; ബിഹാറിലും സീറ്റ് കച്ചവടം, നടപടി എടുക്കാതെ നേതൃത്വം*
ന്യൂഡൽഹി: ഹരിയാനയ്‍ക്ക് സമാനമായി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് നേതാക്കൾ സീറ്റ് കച്ചവടം നടത്തിയെന്ന ആരോപണം ശക്തമാകുന്നു. കോൺഗ്രസിന്റെ അതിദയനീയ പ്രകടനത്തിന് കാരണം കോടികൾ കൈപ്പറ്റിയുള്ള സീറ്റ് കച്ചവടമാണെന്നും നടപടി വേണെമെന്നും ആവശ്യപ്പെട്ട് ബിഹാർ കോൺഗ്രസിലെ ഒരുവിഭാഗം ഹൈക്കമാൻഡിനെ സമീപിച്ചു.
ഫലപ്രഖ്യാപനശേഷം 2025 നവംബറിൽ ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ രാഹുൽഗാന്ധിയോടും മല്ലികാർജുൻ ഖാർഗെയോടും ബിഹാർ നേതാക്കൾ സീറ്റ് കച്ചവടത്തിന്റെ വിവരം പങ്കുവച്ചിരുന്നു. 61 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ജയിക്കാനായത് ആറ് സീറ്റിൽ മാത്രം.
ഇൗ തകർച്ചയ്‌ക്ക് പിന്നിൽ പ്രമുഖ നേതാക്കളാണെന്ന് ആരോപിച്ച അരാരിയയിൽനിന്നുള്ള എംഎൽഎ അബിദുർറഹ്‌മാൻ ഉത്തരവാദികളായ നേതാക്കളുടെ പട്ടിക ഹൈക്കമാൻഡിന് കൈമാറി. സീറ്റിന് ഏഴ് കോടിവരെ കൈപ്പറ്റിയാണ് പലയിടത്തും സ്ഥാനാർഥികളെ മത്സരിപ്പിച്ചതെന്നും ആരോപിച്ചു.
വിശദ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകി. മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിൽ സംസ്ഥാന കോൺഗ്രസിൽ അമർഷം ശക്തമാണ്.
പ്രമുഖ നേതാക്കളും സ്റ്റാഫ് അംഗങ്ങളും എംപിമാരും ഉൾപ്പെടെ ഏഴ് കോടി തട്ടിയെന്നാണ് ഹരിയാനയിലെ മഹിളാകോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന സുചിത്രാദേവിയുടെ ഭർത്താവ് ഗൗരവ് കുമാർ ആരോപിച്ചത്.
കേരളമടക്കം അഞ്ചിടത്ത് പ്രചാരണം മുറുകുമ്പോൾ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കെതിരെ ഉയർന്ന ആരോപണത്തിൽ നേതൃത്വം ഉലഞ്ഞിരിക്കെയാണ് ബിഹാർ സീറ്റ് കോഴയും ചർച്ചയായത്.
പരാതികൾ അന്വേഷിക്കാൻ ആഭ്യന്തരസമിതി രൂപീകരിച്ചേക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു.
*🟨"ബിൽ ഭരണഘടനാവിരുദ്ധം; അമിത് ഷായ്‌ക്ക്
കത്തയച്ച് സിബിസിഐ*
ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കിയ എഫ്‌സിആർഎ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും പാർലമെന്റിന്റെ സ്ഥിരം സമിതിക്ക് വിടണമെന്നുമാവശ്യപ്പെട്ട് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സിബിസിഐ).
ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പുമായ അനിൽ കൂട്ടോ നിവേദനം നൽകി.
ബിൽ സ്ഥിരം സമിതിക്ക് വിടാൻ പാർലമെന്റിൽ ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് എംപിമാർക്കും സിബിസിഐ കത്തുനൽകി.
ലൈസൻസ് കാലഹരണപ്പെട്ടാൽ ആസ്‌തികൾ ഒരു അതോറിറ്റിയിൽ നിക്ഷ്‌പിതമാക്കുന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണ്. എഫ്‌സിആർഎ വകുപ്പ് പിശകുകൾ കണ്ടെത്തിയാൽ സ്ഥാപനങ്ങളെ അറിയിക്കാത്തതിനാൽ മറുപടി നൽകാനുമാകുന്നില്ല.
മതസ്വാതന്ത്ര്യം, സ്വത്തുക്കളിൽ സ്വയംഭരണം എന്നിവ ഉറപ്പാക്കുന്ന 25, 26 അനുച്ഛേദങ്ങളിൽ ആഘാതമേൽപ്പിക്കുന്നതിന് പുറമേ സ്ഥാപനങ്ങളിൽ അനാവശ്യ ഇടപെടലുകൾക്കും വഴിയൊരുക്കും. ട്രസ്‌റ്റികൾ അടക്കമുള്ളവരെ ഉത്തരവാദികളാക്കുന്ന വ്യവസ്ഥ കുറ്റം തെളിയിക്കപ്പെടാതെ കുറ്റക്കാരാക്കുന്നുവെന്ന ധ്വനിജനിപ്പിക്കുന്നു.
ആദിവാസികൾ അടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കായി നടത്തുന്ന നിസ്വാർഥ സേവനങ്ങളെയും ബിൽ ബാധിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി."
*🟨പലസ്തീനികൾക്ക് ഇനി വധശിക്ഷമാത്രം; വിവാദ നിയമനിർമാണവുമായി ഇസ്രയേൽ*
ടെൽ അവീവ്: കൊലപാതകങ്ങൾ ഉൾപ്പെട്ട ആക്രമണങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന പലസ്തീനികൾക്ക് വധശിക്ഷ നിർബന്ധമാക്കി ഇസ്രയേൽ. അപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രമേ കോടതിക്ക് ഇത് ജീവപര്യന്തമായി കുറയ്ക്കാൻ അധികാരമുള്ളൂ. പുതിയ നിയമം ഇസ്രായേൽ പാർലമെന്റ് പാസാക്കി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സഖ്യകക്ഷികളുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് വിവാദ നിയമത്തിലൂടെ നടപ്പിലാകുന്നത്.
അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ ഇസ്രയേലി കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങൾ വർദ്ധിക്കുന്നതിൽ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് പുതിയ നിയമനിർമാണം.
വിധി വന്ന് 90 ദിവസത്തിനുള്ളിൽ തൂക്കിലേറ്റണമെന്ന വ്യവസ്ഥ ഈ നിയമത്തിലുണ്ട്. ഇതിൽ ചെറിയ ഇളവുകൾക്ക് സാധ്യതയുണ്ടെങ്കിലും പൊതുമാപ്പിന് അവകാശമുണ്ടായിരിക്കില്ല. എന്നാൽ വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം തടവ് നൽകാനുള്ള അധികാരം കോടതികൾക്കുണ്ടാകും.
ഇറ്റാമർ ബെൻ-ഗ്വിർ എന്ന തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രിയാണ് പുതിയ നിയമം രൂപകൽപ്പന ചെയ്തത്. നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ വിമർശനം ഉയരുന്നുണ്ട്. പലസ്തീനികൾക്കെതിരായ വിവേചനപരമായ നിയമമാണെന്ന് ജർമനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ വോട്ടെടുപ്പിന് മുൻപ് തന്നെ പ്രതികരിച്ചു.
കൊലപാതക കുറ്റങ്ങൾക്കുള്ള വധശിക്ഷ 1954ൽ ഇസ്രയേൽ നിർത്തലാക്കിയതാണ്. അതിനുശേഷം ഇസ്രായേലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക വ്യക്തി നാസി കുറ്റവാളിയായ അഡോൾഫ് എയ്ച്ച്മാൻ (1962) മാത്രമാണ്. സൈനിക കോടതികൾക്ക് വധശിക്ഷ നൽകാനുള്ള അധികാരം ഉണ്ടായിരുന്നെങ്കിലും ഇതുവരെ അത്
ഉപയോഗിച്ചിരുന്നില്ല.
2007ൽ വംശീയ പ്രകോപനത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് നിലവിലെ മന്ത്രിയായ ബെൻ-ഗ്വിർ. കഴിഞ്ഞ മൂന്ന് വർഷമായി ഇസ്രയേൽ ജയിലുകളിൽ നൂറിലധികം പലസ്തീൻ തടവുകാർ കൊല്ലപ്പെട്ടതായി പലസ്തീൻ
പ്രിസണേഴ്സ് ക്ലബ് മേധാവി അബ്ദുള്ള അൽ സുഗാരി ആരോപിച്ചു.
*🟨ഇന്തോനേഷ്യയിൽ ബോട്ട് മുങ്ങി കാണാതായ 21 പേരെ ഒരു ദിവസത്തിന് ശേഷം രക്ഷപെടുത്തി*
ജക്കാർത്ത: ഇന്തോനേഷ്യയിലെ വടക്കൻ മലുകു പ്രവിശ്യയിൽ ശക്തമായ തിരമാലയിൽപ്പെട്ട് ബോട്ട് മുങ്ങി കാണാതായ 21 പേരെ ഒരു ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെ നടത്തിയ തിരച്ചിലിലാണ് ഒരു ചങ്ങാടത്തിൽ ഒഴുകി നടക്കുന്ന നിലയിൽ ഇവരെ കണ്ടെത്തിയത്.
നസീല 05' (Nazila 05) എന്ന ബോട്ടാണ് ഞായറാഴ്ച രാത്രി താലിയാബു ദ്വീപിന് സമീപം അപകടത്തിൽപ്പെട്ടത്. കനത്ത കാറ്റിലും മഴയിലും ബോട്ടിന്റെ മുൻഭാഗം തകരുകയായിരുന്നു. ബോട്ട് മുങ്ങുന്നതിന് മുൻപ് തന്നെ ജീവനക്കാർ ഒരു ചെറിയ ബോട്ടിലേക്ക് മാറിയിരുന്നു. തുടർന്ന് ഇവർ ഒരു ചങ്ങാടം നിർമ്മിച്ച് അതിൽ സ്വയം കെട്ടിയിട്ടാണ് രക്ഷപ്പെട്ടത്. ബോട്ട് മുങ്ങിയ സ്ഥലത്ത് നിന്നും ഏകദേശം 46 കിലോമീറ്റർ അകലെ നിന്നാണ് രക്ഷാപ്രവർത്തകർ ഇവരെ കണ്ടെത്തിയത്.
രക്ഷപ്പെട്ടവരെ ഗോറോന്റാലോ നഗരത്തിലേക്ക് മാറ്റി. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും ദേശീയ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസിയുടെയും സംയുക്ത നീക്കമാണ് ദുരന്തം ഒഴിവാക്കിയത്.
പതിനേഴായിരത്തിലധികം ദ്വീപുകളുള്ള ഒരു രാജ്യമായതുകൊണ്ട് ഇന്തോനേഷ്യയിൽ ബോട്ടുകളും കപ്പലുകളും പ്രധാന യാത്രാമാർഗമാണ്. ഈ മേഖലയിലെ അപകടങ്ങൾ വലിയൊരു വെല്ലുവിളിയായി തുടരുന്നു. പലപ്പോഴും കൃത്യമായ യാത്രാരേഖകൾ ഇല്ലാതെ ആളുകൾ യാത്ര ചെയ്യുന്നത് അപകടസമയത്ത് എത്രപേർ ഉണ്ടായിരുന്നു എന്ന് തിരിച്ചറിയുന്നതും പ്രയാസകരമാക്കുന്നു."
*🟨"ഇസ്രയേലിന് തെറ്റി, ഇത് പലസ്തീനല്ല"; ശക്തമായ തിരിച്ചടിയെന്ന് ഇറാൻ*
തെഹ്റാൻ: രാജ്യത്തെ മരുന്ന് നിർമാണ കമ്പനികളെ ലക്ഷ്യം വെച്ചുള്ള ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ. ഇസ്രയേലിലെ യുദ്ധക്കുറ്റവാളികൾ ഒരു ലജ്ജയുമില്ലാതെയാണ് മരുന്നു കമ്പനികളെ ബോംബെറിഞ്ഞ് തകർക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അരാഗ്‌ചി പ്രതികരിച്ചു.
"അവരുടെ ഉദ്ദേശ്യങ്ങൾ വ്യക്തമാണ്. എന്നാൽ അവർക്ക് ഒരിടത്ത് തെറ്റുപറ്റി; പ്രതിരോധമില്ലാത്ത പലസ്തീൻ ജനങ്ങളെയല്ല അവർ നേരിടുന്നത്. ഞങ്ങളുടെ കരുത്തുറ്റ സായുധ സേന അക്രമികളെ കഠിനമായി ശിക്ഷിക്കും,"- അരാഗ്‌ചി ഇസ്രായേലിന് മുന്നറിയിപ്പും നൽകി."
"അതേസമയം മേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ടെക് കമ്പനികളെ ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) മുന്നറിയിപ്പ് നൽകി. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരോടും സമീപത്ത് താമസിക്കുന്നവരോടും ഉടൻ തന്നെ ഒഴിഞ്ഞുപോകാണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇറാനിയൻ നേതാക്കൾ ഇനി കൊല്ലപ്പെട്ടാൽ ബോയിംഗ്, ടെസ്‌ല, മെറ്റാ, ഗൂഗിൾ, ആപ്പിൾ ഉൾപ്പെടെയുള്ള 15ലധികം കമ്പനികളെ ആക്രമിക്കുമെന്നാണ് ഐആർജിസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്."
*🟨വേനൽച്ചൂടിനൊപ്പം വിലക്കയറ്റവും; ഗൃഹോപകരണ വിപണിയിൽ 'ഷോക്ക്'*
ന്യൂഡൽഹി : ചുട്ടുപൊള്ളുന്ന വേനലിനൊപ്പം സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിച്ചുകൊണ്ട് ഗൃഹോപകരണങ്ങളുടെ വിലയും കുതിക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും അസംസ്‌കൃത വസ്തുക്കളുടെ വിലവർധനയുമാണ് വിപണിയിൽ വില്ലനാകുന്നത്. എസി, ഫ്രിഡ്ജ്, കൂളറുകൾ തുടങ്ങിയവക്ക് അഞ്ചു മുതൽ പത്തു ശതമാനം വരെ വില വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും ചരക്കുനീക്കത്തിനുള്ള ഗതാഗത ചെലവ് ഉയർന്നതും ഉൽപാദന ചെലവിനെ ബാധിച്ചിട്ടുണ്ട്. കോപ്പർ, അലുമിനിയം, സ്റ്റീൽ തുടങ്ങിയ ലോഹങ്ങളുടെ വിലയിലുണ്ടായ വർധന കമ്പനികളെ ഉൽപ്പന്ന വില ഉയർത്താൻ നിർബന്ധിതരാക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങൾ വിതരണ ശൃംഖലയെ ബാധിച്ചതും തിരിച്ചടിയായി.
വേനൽ കടുക്കുന്നതോടെ ഡിമാൻഡ് വർധിക്കുമെന്നത് കണക്കിലെടുത്ത് സീസൺ ലാഭമുണ്ടാക്കാൻ കമ്പനികൾ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കൊവിഡ് പ്രതിസന്ധിയിൽ തളർന്ന വിപണി തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും വിലക്കയറ്റം സാധാരണക്കാരായ ഉപഭോക്താക്കളെ കടക്കെണിയിലാക്കും. ശരാശരി വരുമാനക്കാരായ കുടുംബങ്ങൾക്ക് എസിയും ഫ്രിഡ്ജും വാങ്ങുന്നതിന് നിലവിലെ വിലക്കയറ്റം തിരിച്ചടിയാവും.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളും ഇറക്കുമതി തീരുവയിലെ മാറ്റങ്ങളും വിലവർധനവിന് ആക്കം കൂട്ടുന്നതായാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വേനൽക്കാലത്ത് അത്യന്താപേക്ഷിതമായ ഇത്തരം ഉപകരണങ്ങളുടെ വില നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന
പരാതിയും ശക്തമാണ്. ചുരുക്കത്തിൽ, വരാനിരിക്കുന്ന കടുത്ത ചൂടിൽ തണുപ്പ് തേടുന്ന
സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തുന്ന നയങ്ങളാണ് വിപണിയിൽ നടപ്പിലാകുന്നത്.
*🟨"ഏപ്രിലിൽ ഇന്ധനവില ഉയരും; പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു*
ദുബായ്: യുഎഇയിൽ ഏപ്രിൽ മാസത്തിൽ ഇന്ധനവില വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു. പുതിയ നിരക്കുകൾ പ്രകാരം വാഹനയാത്രക്കാർക്ക് പമ്പുകളിൽ കൂടുതൽ ചെലവ് വരും.
സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 3.39 ദിർഹം ആയി ഉയർന്നു. മാർച്ചിൽ ഇത് 2.59 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ 3.28 ദിർഹം ആയി വർധിച്ചു (മാർച്ചിൽ 2.48 ദിർഹം). ഇ-പ്ലസ് 91 പെട്രോൾ 3.20 ദിർഹം ആയി ഉയർന്നു. കഴിഞ്ഞ മാസം ഇത് 2.40 ദിർഹം ആയിരുന്നു. ഡീസൽ വിലയും കുത്തനെ ഉയർന്ന് ലിറ്ററിന് 4.69 ദിർഹം ആയി. മാർച്ചിൽ ഇത് 2.72 ദിർഹം ആയിരുന്നു.
ചൊവ്വാഴ്ച യുഎഇ ഇന്ധനവില കമ്മിറ്റിയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്."
*🟨സംവിധായകൻ രഞ്ജിത്ത് കസ്റ്റഡിയിൽ*
കൊച്ചി : യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വ രാത്രി 10.15ഓടെ ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയ്ക്ക് സമീപം മുട്ടത്തുവച്ചാണ് കസ്റ്റഡിയിലെടുത്തത്. സിനിമ ചിത്രീകരണത്തിനിടെ രഞ്ജിത്ത് നടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നടി ഡിജിപിക്കും എറണാകുളം സെൻട്രൽ പൊലീസിലുമാണ് പരാതിനൽകിയത്.
പ്രാഥമികാന്വേഷണത്തിനു ശേഷം അറസ്റ്റ് ചെയ്യാൻ റേഞ്ച് ഐജി നിർദേശിക്കുകയായിരുന്നു. പരാതി ഇടുക്കി എസ്‌പിക്ക് കൈമാറുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സെൻട്രൽ പൊലീസിന് കൈമാറിയ ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. കേസില്‍ നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു."
*🟨"മലപ്പുറത്ത് കുടുംബ വഴക്കിനിടെ 3 പേർക്ക് വെട്ടേറ്റു*
നിലമ്പൂർ : മലപ്പുറത്ത് കുടുംബ വഴക്കിനിടെ സ്ത്രി ഉൾപ്പടെ മൂന്നുപേർക്ക് വെട്ടേറ്റു. ചാലിയാർ പഞ്ചായത്തിലെ ഉൾവനത്തിലുള്ള പാലക്കയം മുതുവാൻ നഗറിൽ ചൊവ്വ രാത്രി ഏഴരയോടെയാണ് സംഭവം. നഗറിലെ ഉണ്ണിചൈരൻ (65), മകൾ ബീന (38), മരുമകൻ അഭിലാഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
അഭിലാഷ് ഭാര്യാ പിതാവായ ഉണ്ണിചൈരന്റെ കാലിൽ കത്തികൊണ്ട് വെട്ടുകയായിരുന്നു. ചൈരൻ തിരികെ അഭിലാഷിനെയും വെട്ടി. രണ്ടാൾക്കും കാലിനാണ് വെട്ടേറ്റത്. ഇവർ തമ്മിലുള്ള സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ അഭിലാഷിന്റെ അടിയേറ്റാണ് ഭാര്യയായ ബീനയ്ക്ക് തലയ്ക്ക് പരിക്കേറ്റത്. മൂന്നുപേരെയും നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു."
*🟨"കേരളം വികസനത്തിന്റെയും സമാധാനത്തിന്റെയും മാതൃക: മുഖ്യമന്ത്രി*
തിരുവനന്തപുരം : പത്ത് വർഷം മുമ്പ് കെടുകാര്യസ്ഥതയിലും അഴിമതിയിലും തകർന്നുപോയ കേരളത്തെ വികസനത്തിന്റെയും സമാധാനത്തിന്റെയും ലോകമാതൃകയാക്കി മാറ്റിയത് എൽഡിഎഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ കേരളം അഴിമതിയിൽ മുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഭരണരംഗം കുത്തഴിഞ്ഞ നിലയിലായിരുന്നുവെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇന്ന് ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. സ്മാർട്ടായ വില്ലേജ് ഓഫീസുകളും ഹൈടെക് സ്കൂളുകളും നമ്മുടെ മാറ്റത്തിന്റെ അടയാളങ്ങളാണ്. വികസനത്തിന്റെ സ്വാദ് അറിയാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്കൂളുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർന്നു. 2016-ന് മുമ്പ് കുട്ടികൾ കൊഴിഞ്ഞുപോയിരുന്ന സ്ഥാനത്ത് ഇന്ന് ലക്ഷക്കണക്കിന് കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുന്നു. മികച്ച നൈപുണ്യ വികസനത്തിലൂടെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായെന്നും കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി."
"പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ സഹായിക്കാതെ കേന്ദ്ര സർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വായ്പാ പരിധി വെട്ടിക്കുറച്ച് കേരളത്തെ ദ്രോഹിക്കുമ്പോൾ ഇതിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്താൻ കോൺഗ്രസ് എം.പിമാർക്ക് കഴിഞ്ഞില്ല. ബിജെപിയുടെ അതേ നയം തന്നെയാണ് കോൺഗ്രസിനും.
കേരളം സംഘപരിവാറിനെയും ആർഎസ്എസിനെയും സ്വീകരിക്കാത്തതിന്റെ പകയാണ് കേന്ദ്രം കാട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുക്കളയിൽ കയറി ഭക്ഷണം നോക്കി മനുഷ്യനെ കൊല്ലുന്ന സംസ്കാരം കേരളത്തിലില്ല. ഇവിടെ എല്ലാവർക്കും തങ്ങളുടെ വിശ്വാസങ്ങളുമായി സമാധാനമായി ജീവിക്കാം. കഴിഞ്ഞ 10 വർഷമായി കേരളം വർഗീയ കലാപങ്ങളിൽ നിന്ന് മുക്തമാണ്. മാരീച വേഷത്തിൽ വാഗ്ദാനങ്ങളുമായി വരുന്ന വർഗീയ ശക്തികളെ തിരിച്ചറിയണം.
2016ൽ കോൺഗ്രസ് വോട്ടുകൾ മറിച്ചതിലൂടെയാണ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നത്. എന്നാൽ 2021ൽ ആ അക്കൗണ്ട് പൂട്ടിക്കുമെന്ന് എൽഡിഎഫ് പ്രഖ്യാപിക്കുകയും വി ശിവൻകുട്ടിയിലൂടെ അത് നടപ്പിലാക്കുകയും ചെയ്തു. വി ശിവൻകുട്ടിയെ വീണ്ടും വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു."
ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍