മലപ്പുറത്ത് വനിതാ ഡോക്ടറെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ നാലു സ്ത്രീകൾ റിമാൻഡിൽ
മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിലെ വനിതാ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ 4 സ്ത്രീകളെ പൊലീസ് അറസ്റ്റ‌് ചെയ്‌തു.
ആനമങ്ങാട് വളാംകുളം സ്വദേശി വെങ്ങാടൻ ആസ്യ (36), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് സ്വദേശി കാഞ്ഞിരംകുന്ന് അമ്പുക്കാട്ടിൽ കദീജ (35), കച്ചേരിപ്പറമ്പ് കാട്ടുകണ്ടൻ ഷഹർബാൻ (33), കോട്ടോപ്പാടം കൊടക്കാട് ചക്കലക്കുന്നൻ ജുമൈല (36) എന്നിവരെയാണ് സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തത്.
ഡോക്ടർക്കൊപ്പം ഉണ്ടായിരുന്ന സഹായികളായ അമ്മിനിക്കാട് വളാംകുളം അയനിക്കുന്ന് അശ്വതി (25), പാതായ്ക്കര മഠത്തിൽ പള്ള്യാലിൽ അജിത (37) എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു ഗർഭിണിയെ അമിത രക്തസ്രാവം മൂലം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നവജാതശിശു രക്ഷപ്പെട്ടെങ്കിലും മാതാവ് മരിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് അക്രമ സംഭവമെന്നും പ്രതികളെല്ലാം മരിച്ച സ്ത്രീയുടെ ബന്ധുക്കളാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍