എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; എതിര്‍ക്കാന്‍ പ്രതിപക്ഷം, കേരളത്തിലെ എംപിമാര്‍ ഡല്‍ഹിയില്‍

 ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഇന്ന് വീണ്ടും ലോക്‌സഭയില്‍. ഭേദഗതി നീക്കത്തിനെതിരെ വിവിധ ക്രൈസ്തവ സഭകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധം ശക്തമാക്കിയിരിക്കേയാണ് ബില്‍ ഇന്ന് വീണ്ടും സഭയിലെത്തുന്നത്. 

കേരളത്തില്‍ നിന്നുള്ള യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.ബില്ലിനെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. കേരളത്തിലും അസമിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എഫ്‌സിആര്‍എ ഭേദഗതി ബില്‍ ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ വിവാദത്തില്‍ നിന്ന് തലയൂരാന്‍ ബിജെപിയും വീശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. 

മതസംഘടനകളെ ലക്ഷ്യമിട്ടുള്ളതല്ല ബില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ചൊവ്വാഴ്ച ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ബില്ലിനെതിരെ നടക്കുന്നത് തെറ്റായതും കെട്ടിച്ചമച്ചതുമായ പ്രചാരണമാണ്. രാജ്യസുരക്ഷക്കും രാജ്യതാല്‍പര്യത്തിനുമെതിരെ വിദേശ ഫണ്ടുകള്‍ ഉപയോഗിക്കുന്നത് തടയാനാണ് ബില്‍. അല്ലാതെ ഏതെങ്കിലും മതസംഘടനയെ ലക്ഷ്യമിട്ടല്ല.

 കേരളത്തിലെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ബില്ലിനെതിരെ തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണ്. ഇന്ത്യയിലേക്കുള്ള വിദേശ ഫണ്ടിങ്ങിന് വ്യക്തമായ ക്രമീകരണം വരുത്താനുള്ളതാണ് ഭേദഗതിയെന്നും മന്ത്രി പറഞ്ഞു.

നിയമഭേദഗതിയില്‍ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി യുഡിഎഫ് എംപിമാരായ
കൊടിക്കുന്നിൽ സുരേഷ് എംപി, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ് എന്നിവർ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ബിൽ ജനാധിപത്യത്തിനും സാമൂഹിക സുരക്ഷാ സംവിധാനത്തിനും ഭീഷണി എന്ന് എംപിമാർ പറഞ്ഞു. 

അടിയന്തര ഇടപെടൽ തേടി കൊടിക്കുന്നിൽ സുരേഷ് പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് കത്തയച്ചു. നിലവിലെ നീക്കങ്ങളിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ടു.നിയമഭേദഗതി പാസാക്കാനുള്ള കേന്ദ്ര നീക്കത്തില്‍ ആശങ്കയും വിമര്‍ശനവും ആവര്‍ത്തിച്ച് ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിവാദ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സഭകള്‍. ബില്ല് പാര്‍ലമെന്റിന്റെ സ്ഥിരം സമിതിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക മെത്രാന്‍ സമിതി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. എതിര്‍പ്പുകളും പ്രതിഷേധങ്ങളും അവഗണിച്ച് ബില്ല് പാസാക്കാനുള്ള നീക്കമെന്നാണ് ക്രൈസ്തവ സഭകളുടെ ആശങ്ക. 

പാര്‍ലമെന്റില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് വിവിധ പ്രതിപക്ഷ എംപിമാരോട് സഭ ആവശ്യമുന്നയിച്ചിട്ടുണ്ട്. അതേസമയം സഭകളുടെ കടുത്ത നിലപാട് സംസ്ഥാന ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാലായും, തൃശൂരും അടക്കമുള്ള മണ്ഡലങ്ങളില്‍ തിരിച്ചടിയാകുമോ എന്നാണ് ആശങ്ക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍