കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ നടത്തിയ ഹർത്താലിനെതിരെ ഹൈക്കോടതി കർശന നിലപാടെടുത്തു. ഹർത്താലിനോടനുബന്ധിച്ചുണ്ടായ അതിക്രമങ്ങളിൽ സ്വമേധയാ കേസെടുത്ത കോടതി, ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് നൽകാൻ ഉത്തരവിട്ടു. അവധിക്കാല ഡിവിഷൻ ബെഞ്ചാണ് വിഷയത്തിൽ ഇടപെട്ടത്.
ഹർത്താലിൽ ഉണ്ടായ നാശനഷ്ടങ്ങൾ, അക്രമസംഭവങ്ങൾ, മുൻകരുതൽ നടപടികൾ എന്നിവ സംബന്ധിച്ച് ഇന്ന് വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിർദ്ദേശം നൽകി. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ നടത്തുന്നത് നിയമവിരുദ്ധമാണെന്ന മുൻ ഉത്തരവുകൾ നിലനിൽക്കെയാണ് കോടതിയുടെ ഈ നീക്കം.