ഒരു വർഷം മുൻപ് കത്തിപ്പോയ വണ്ടിക്ക് ഹെൽമറ്റ് വയ്ക്കാത്തതിന്റെ പിഴ; പിഴ അടയ്ക്കാത്തതിന് കേസ് കോടതിയിൽ


കോഴിക്കോട് ∙ അധികൃതർ ഒരക്കം തെറ്റായി രേഖപ്പെടുത്തി; ട്രാഫിക്ക് നിയമലംഘനത്തിന് പിഴ ചുമത്തിയത് ഒരു വർഷം മുൻപ് കത്തിനശിച്ച ഇരുചക്ര വാഹനത്തിന്. ഈ പിഴ അടയ്ക്കാത്തതു സംബന്ധിച്ച കേസ് ജില്ലാ കോടതിയിലെത്തി. വാഹനം കത്തിയതിന്റെ കേസ് ഉപഭോക്തൃ കോടതിയിൽ നടക്കുന്നതിനിടെയാണ് പിഴ അടയ്ക്കാത്തതിന്റെ കേസ് ജില്ലാ കോടതിയിലെത്തിയത്.

വാഹനം കത്തിനശിച്ചിട്ട് മേയ് 2ന് ഒരുവർഷം തികയുകയാണ്. മെഡിക്കൽ കോളജിനു സമീപം പാലക്കോട്ടുവയൽ പ്രസീദയിൽ ദീപയുടെ സ്കൂട്ടറാണ് കത്തിനശിച്ചത്. 2025 മേയ് 2ന് വൈകിട്ട് വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിനശിക്കുകയായിരുന്നു. സർവീസ് സെന്ററിൽനിന്ന് കമ്പനി പ്രതിനിധി സ്ഥലത്തെത്തി വാഹനം പരിശോധിക്കുകയും ഷോർട് സർക്കീറ്റായിരിക്കാം കാരണമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ വാഹനത്തിനു തീപിടിക്കാൻ കാരണം ബാഹ്യഘടകങ്ങളാണെന്നു കാണിച്ച് സ്കൂട്ടർ നിർമാണക്കമ്പനി സന്ദേശം അയച്ചു. തുടർന്നാണ് കമ്പനിയുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദീപ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. വാഹനം കത്തിയ കേസ് നിലവിൽ കുന്നമംഗലം ഉപഭോക്തൃ കോടതിയിൽ നടന്നുവരികയാണ്.

എന്നാൽ 2025 ഒക്ടോബർ 6ന് പിൻസീറ്റ് യാത്രക്കാരൻ ഹെൽമറ്റു വച്ചില്ലെന്നു കാണിച്ച് കൊയിലാണ്ടി ട്രാഫിക് യൂണിറ്റ് ദീപയ്ക്ക് പിഴ അടയ്ക്കാനുള്ള അറിയിപ്പു നൽകുകയായിരുന്നു. ട്രാഫിക് അധികാരികളെ ബന്ധപ്പെടുകയും തന്റെ വാഹനം കത്തിപ്പോയതാണെന്ന് അറിയിക്കുകയും ചെയ്തു. വാഹനവിവരം ചേർത്തപ്പോൾ റജിസ്ട്രേഷൻ അക്കങ്ങളിൽ ഒരക്കം മാറിപ്പോയതാണ് പിഴയ്ക്കു കാരണമായതെന്നു ചൂണ്ടിക്കാണിച്ചു. ഇതു തിരുത്താമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നു. എന്നാൽ തിരുത്തിയില്ല. തിരുത്തുമെന്ന വിശ്വാസത്തിൽ സ്കൂട്ടർ ഉടമ പിഴ അടച്ചില്ല. തുടർന്നാണ് പിഴ അടച്ചില്ലെന്നു കാണിച്ചാണ് കേസ് ഇപ്പോൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍