പ്രഭാത വാർത്തകൾ

2026 | മേയ് 12, ചൊവ്വ 
1201 | മേടം 29, പൂരുരുട്ടാതി
1447  ദുൽഖഅ്ദ 24

◾  മുഖ്യമന്ത്രിയെ കാത്ത് കാത്ത് ക്ഷമകെട്ട് കേരളം. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ് എട്ട് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സാധിക്കാത്ത ഹൈക്കമാന്‍ഡിന്റെ പിടിപ്പുകേടില്‍ നാണംകെട്ട് നില്‍ക്കുകയാണ് കോണ്‍ഗ്രസ് അണികള്‍. പ്രതിഷേധം പരസ്യമാക്കാനാകാതെ സഹികെട്ട് യുഡിഎഫ് ഘടകക്ഷികളും. എന്നാല്‍ കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ പുതുജീവന്‍ കിട്ടിയത് 35 സീറ്റ് മാത്രം ലഭിച്ച എല്‍ഡിഎഫിനാണ്. എന്നിട്ടും 2021 ലെ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് തന്റെ നിലപാടുകളിലൂടെ മികച്ച വിജയം നേടികൊടുത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ സീനിയോറിറ്റിയുടെ പേര് പറഞ്ഞ് രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിന്റെ ഭാഗമായ കെ.സി.വേണുഗോപാലും ഉറച്ചു നില്‍ക്കുകയാണ്.

◾  സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നത് കേരളത്തലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറമുള്ള ഭരണനടപടികള്‍ അവതാളത്തിലാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതിനാല്‍ വകുപ്പ് സെക്രട്ടറിമാരും കാര്യമായ തീരുമാനങ്ങള്‍ എടുക്കുന്നില്ല. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പാഠപുസ്തക വിതരണത്തിന്റെ കാര്യത്തിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നതും ആശങ്കയുളവാക്കുന്നു.

◾  കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള തുടര്‍ ചര്‍ച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസന്‍, കെ സുധാകരന്‍, കെ മുരളീധരന്‍, വി എം സുധീരന്‍ തുടങ്ങിയ മുന്‍ കെപിസിസി അധ്യക്ഷന്മാരെയാണ് ചര്‍ച്ചയ്ക്കായി ഹൈക്കമാന്‍ഡ് വിളിപ്പിച്ചത്. വര്‍ക്കിംഗ് പ്രസിഡന്റുമാരുമായും ചര്‍ച്ച നടത്തും. ഘടകകക്ഷി നേതാക്കളുമായി വീണ്ടും സംസാരിക്കാനും തീരുമാനമായിട്ടുണ്ട്.

◾  ആരാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് 48 മണിക്കൂറിനകം പ്രഖ്യാപനമെന്ന് കെ മുരളീധരന്‍. ദീപ ദാസ് മുന്‍ഷി വിളിച്ചെന്നും ദില്ലിയില്‍ എത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ആയിരിക്കാമെന്നും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

◾  മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനുള്ള പിന്തുണയില്‍ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്ക് നേരെ പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. നാദാപുരം എംഎല്‍എ കെ.എ. അഭിജിത്തിനെ പ്രതിഷേധം അറിയിച്ച് പ്രവര്‍ത്തകര്‍. നാദാപുരത്തെ സ്വകാര്യ പരിപാടിയിലാണ് എതിര്‍പ്പ് അറിയിച്ചത്. അതേസമയം, പ്രതിഷേധം ഉണ്ടായിട്ടില്ലെന്ന് അഭിജിത് അറിയിച്ചു.

◾  കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അനിശ്ചിതമായി നീളുന്നതില്‍ പരസ്യവിമര്‍ശനവുമായി മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി. അബ്ദുള്‍ഹമീദ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തിയെന്നും അണികള്‍ക്കെല്ലാം വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾  കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും അത് കൂട്ടായതാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. പിണറായി പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം ചിരിയില്‍ മറുപടി ഒതുക്കി.

◾  പുസ്തക വിവാദത്തില്‍ പ്രതികരണവുമായി കെവി തോമസ്. പത്മജയെ വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പുസ്തകം മുഴുവന്‍ വായിക്കണമെന്നും കെവി തോമസ് പറഞ്ഞു. പുസ്തകത്തിന്റെ ഒരു ഭാഗം മാത്രം വായിച്ചു വിമര്‍ശിക്കരുത്. പറഞ്ഞതെല്ലാം സത്യമാണ്. ഇത് ആദ്യമായല്ല പ്രസിദ്ധീകരിക്കുന്നത്. ആഴ്ച പതിപ്പില്‍ വന്നിട്ടുണ്ട്. തന്റെ ഡയറിയില്‍ ഉള്ളതാണ് പുസ്തകത്തിലും ഉള്ളതെന്നും കെവി തോമസ് പറഞ്ഞു.

◾  തുടര്‍ഭരണം നഷ്ടമായതിനെ തുടര്‍ന്ന് പിണറായി വിജയന്‍ തിരുവനന്തപുരത്ത് പുതിയ വാടക വീട്ടിലേക്ക് താമസം മാറുന്നു. ബേക്കറി ജങ്ഷനില്‍ ആര്‍ബിഐക്ക് സമീപത്താണ്വീട്വാടകയ്ക്ക് എടുത്തത്. ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് എത്തിയപിണറായി വിജയന്‍ വാടക വീട്ടിലേക്ക് താമസം മാറ്റി.

◾  വടക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് വരുന്ന 14, 15 ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

◾  ചെട്ടികുളങ്ങര ബൈക്കിടിച്ച് കാല്‍നടയാത്രികനായ വയോധികനും ബൈക്ക് യാത്രികനായ യുവാവിനും ദാരുണാന്ത്യം. ചെട്ടികുളങ്ങര ചെറുകരതെക്കതില്‍ ചെല്ലപ്പന്‍ നായര്‍ (82), ഫെഡറല്‍ ബാങ്ക് ജീവനക്കാരനായ പത്തിയൂര്‍ മങ്ങാട്ടുശേരില്‍ കെ എസ് അനന്തന്‍ (26) എന്നിവരാണ് മരിച്ചത്.

◾  സ്‌കൂളില്‍ നിന്ന് ലാപ്ടോപ്പും ക്യാമറകളും മോഷ്ടിച്ച് കടന്ന പ്രതിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. ഷൈജു (30) എന്ന ഹെല്‍മെറ്റ് ഷൈജു ആണ് അറസ്റ്റിലായത്. പാറശാല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ മാസം 20-നാണ് മോഷണം നടന്നത്.

◾  കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തി. മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും നേരിട്ട പരാജയത്തിന്റെ കാരണങ്ങള്‍ ഗൗരവമായി പരിശോധിക്കുമെന്നും, ബംഗാളില്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്താണ് ബിജെപി നേട്ടമുണ്ടാക്കിയതെന്നും എം എ ബേബി പറഞ്ഞു.

◾  കേരളത്തിലെ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത ഇടത് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായതായി സിപിഐ ദേശീയ കൗണ്‍സില്‍. വോട്ട് ചോര്‍ച്ച ആശങ്കാജനകമാണെന്നാണ് വിലയിരുത്തല്‍. കൂടാതെ തമിഴ്നാട്ടില്‍ ജോസഫ് വിജയ്യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ തമിഴ് തായ് വാഴ്ത്ത് അവസാനം ആലപിച്ചതിനെതിരെയും കൗണ്‍സിലില്‍ പ്രമേയം പാസാക്കി.

◾  നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ കേന്ദ്രത്തിനെതിരെ ആയുധമാക്കി പ്രതിപക്ഷം. യുവാക്കളോട് പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുകയാണ് മോദി സര്‍ക്കാര്‍ എന്നാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു.

◾  യാത്രക്കാര്‍ക്ക് ടോള്‍ ബൂത്തുകളില്‍ വാഹനം നിര്‍ത്താതെ യാത്ര തുടരാം. ദില്ലി-എന്‍സിആറിലെ ആദ്യ ബാരിയര്‍ ലെസ് ടോളിങ് സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. മുണ്ട്ക-ബക്കര്‍വാല ടോള്‍ പ്ലാസയിലാണ് ആദ്യ മള്‍ട്ടി ലെയ്ന്‍ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം നടപ്പിലായത്.

◾  കെ.സി. വേണുഗോപാല്‍ കേരളത്തില്‍ വേണമെന്ന് കേരള ബിജെപിയും, ഡല്‍ഹിയില്‍ വേണമെന്ന് ബിജെപി ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നുവെന്ന എക്സ് പോസ്റ്റ് പങ്കുവെച്ച് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ മുഖ്യമന്ത്രി തര്‍ക്കത്തിനിടയിലാണ് അദ്ദേഹത്തിന്റെ പരിഹാസ പോസ്റ്റ്.

◾  കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് എന്തുകൊണ്ട് വനിതകളെ പരിഗണിക്കുന്നില്ലെന്ന ചോദ്യവുമായി സി.പി.ഐ നേതാവ് ആനി രാജ. രാഷ്ട്രീയത്തില്‍ പരിചയസമ്പത്തുള്ള ഒട്ടേറെ സ്ത്രീകള്‍ വിജയിച്ചു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വെറും രണ്ടോ മൂന്നോ പുരുഷന്മാരെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

◾  തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ ശൈലിയുമായി മുഖ്യമന്ത്രി വിജയ്. മുതിര്‍ന്ന നേതാക്കളുടെ വീടുകളില്‍ വിജയ് സന്ദര്‍ശനം നടത്തി. സ്റ്റാലിന് പിന്നാലെ വൈക്കോയെയും എസ് രാമദാസിനെയും ആണ് വീടുകളിലെത്തി കണ്ടത്. വൈക്കോയുടെ വീട്ടില്‍ ഹൃദ്യമായ രംഗങ്ങളാണ് അരങ്ങേറിയത്. വീട്ടിലെ ജീവനക്കാരായ സ്ത്രീകള്‍ വിജയ് യുടെ അടുത്തെത്തി വിസിലിനാണ് വോട്ട് ചെയ്തതെന്ന് പറഞ്ഞു. വിജയ് അവര്‍ക്ക് നന്ദി പറയുകയും ചെയ്തു.

◾  ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീംകോടതി സുപ്രധാന നിരീക്ഷണം നടത്തി. ഭാര്യയെ മൃഗത്തെപ്പോലെ പരിഗണിക്കരുതെന്നും സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

◾  ഈ വര്‍ഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം ഉടന്‍ പ്രസിദ്ധീകരിച്ചേക്കും. മെയ് 12 ചൊവ്വാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സിബിഎസ്ഇ പ്ലസ്ടു ഫലം ഉടന്‍ ഉണ്ടാകുമെന്ന് ഡിജിലോക്കര്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എക്സിലൂടെ അറിയിച്ചിട്ടുണ്ട്.

◾  പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ആഗോള ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും എണ്ണ വില വര്‍ധിച്ചേക്കും. എണ്ണക്കമ്പനികളുടെ നഷ്ടം ഒരുലക്ഷം കോടി കടന്നതിനാല്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ വരെയും ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപ വരെയും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രം അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

◾  രാജ്യത്ത് നിലവില്‍ എല്‍പിജി, ഇന്ധന ക്ഷാമം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ 60 ദിവസത്തെ അസംസ്‌കൃത എണ്ണയും 60 ദിവസത്തെ പ്രകൃതിവാതകവും 45 ദിവസത്തെ എല്‍പിജിയും സ്റ്റോക്കുണ്ടെന്ന് മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് നല്‍കിയത് ജാഗ്രതക്കുള്ള സന്ദേശം മാത്രമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

◾  തമിഴ്നാട് നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ടിവികെയുടെ നിയുക്ത മന്ത്രി എസ് കീര്‍ത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാഞ്ഞത്.

◾  ഹരായാനയില്‍ ഗുരുഗ്രാമിലെ സോഹ്ന റോഡ് എക്സ്പ്രസ് വേയുടെ നടുക്ക് വീണ്ടും വന്‍ ഗര്‍ത്തം. സുഭാഷ് ചൗക്കിന് സമീപാണ് സോഹ്ന റോഡ് എക്സ്പ്രസ് വേയുടെ പ്രധാന ഭാഗത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടത്. ഏകദേശം 15 അടിയോളം താഴ്ചയുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടത്. ഡ്രെയിനേജ് സംവിധാനം കൃത്യമായി ആസൂത്രണം ചെയ്യാത്തതിലുള്ള വീഴ്ചയാണ് റോഡ് ഇടിഞ്ഞ് താഴാന്‍ കാരണമെന്നാണ് നിഗമനം

◾  തമിഴ്‌നാട്ടില്‍ ടി വി കെ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ എഐഎഡിഎംകെയില്‍ കനത്ത പിളര്‍പ്പ്. 30 എംഎല്‍എമാരുടെ പിന്തുണയോടെ എസ് പി വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തപ്പോള്‍, 17 പേരുടെ പിന്തുണയുള്ള എടപ്പാടി പളനിസ്വാമി ജനറല്‍ സെക്രട്ടറി സ്ഥാനം നിലനിര്‍ത്താന്‍ പാടുപെടുകയാണ്.

◾  തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് തമിഴക വെട്രി കഴകം മുതിര്‍ന്ന നേതാവായ ജെസിഡി പ്രഭാകറിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. പരിചയസമ്പന്നനായ പ്രഭാകറിനെ തിരഞ്ഞെടുക്കുന്നതിലൂടെ സഭാ നടപടികള്‍ സുഗമമാക്കാമെന്നാണ് വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ ലക്ഷ്യമിടുന്നത്. തുറയൂര്‍ എംഎല്‍എ എം രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥി.

◾  പശ്ചിമ ബംഗാള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് അഗര്‍വാളിനെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

◾  പശ്ചിമബംഗാള്‍ മുന്‍മന്ത്രിയും ടിഎംസി നേതാവുമായ സുജിത് ബോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുന്‍സിപ്പാലിറ്റി റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായിബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് നടപടി.

◾  ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടിയായി ബിജെപിയിലേക്ക് കൂടുമാറ്റം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിന്റെ കസിന്‍ ഗ്യാന്‍ സിങ് മന്‍ ബിജെപിയില്‍ ചേര്‍ന്നു. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി, പഞ്ചാബ് ബിജെപി അധ്യക്ഷന്‍ സുനില്‍ ജാഖര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗ്യാന്‍ സിങ് മന്നിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

◾  യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളെ ഫുജൈറ തുറമുഖം വഴി ഒഴിപ്പിക്കാന്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണയായെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

◾  ഹാന്റ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്ത ക്രൂയിസ് കപ്പലില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരന് കൂടി രോഗം സ്ഥിരീകരിച്ചു. അമേരിക്കന്‍ പൗരനായ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കപ്പലില്‍നിന്ന് ഒഴിപ്പിച്ച് അമേരിക്കയിലേക്ക് എത്തിച്ചിരിക്കുകയാണ്.

◾  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്തിറക്കിയ ഗോള്‍ഡ് കാര്‍ഡ് പ്രോഗ്രാമിനോട് താല്‍പര്യം കാട്ടാതെ സമ്പന്നരും ഇമിഗ്രേഷന്‍ അഭിഭാഷകരും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്ന വിസ പ്രോഗ്രാമിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതായി അഭിഭാഷകര്‍ പറയുന്നു.

◾  മണ്ണിനടിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിരിക്കുന്ന ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം യുഎസ് സ്പേസ് ഫോഴ്‌സിന്റെ നിരീക്ഷണത്തിലാണെന്നും ആരെങ്കിലും അതിന് അടുത്തേക്ക് പോകാന്‍ ശ്രമിച്ചാല്‍ അവരെ തകര്‍ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. മാധ്യമപ്രവര്‍ത്തക ഷെറില്‍ അറ്റ്കിസണുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്.

◾  ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മൂന്ന് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 33 പന്തില്‍ 56 റണ്‍സ് നേടിയ പ്രിയാന്‍ഷ് ആര്യയുടേയും 36 പന്തില്‍ 59 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടേയും കരുത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 30 പന്തില്‍ 56 റണ്‍സെടുത്ത അക്സര്‍ പട്ടേലിന്റേയും 28 പന്തില്‍ 51 റണ്‍സെടുത്ത ഡേവിഡ് മില്ലറുടേയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യത്തിലെത്തി. സീസണിലെ ആദ്യ പകുതിയില്‍ തോല്‍വിയറിയാതെ മുന്നേറിയ പഞ്ചാബ് കിങ്‌സ് തുടര്‍ച്ചയായ നാല് തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്.

◾  യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ് മിഡില്‍ ഈസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സ് സ്ഥാപകന്‍ ചാങ്പെങ് ഷാവോയാണ് പട്ടികയില്‍ മുന്നില്‍. 110 ബില്യണ്‍ ഡോളറാണ് ആസ്തി. ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയാണ് (20.8 ബില്യണ്‍ ഡോളര്‍) പട്ടികയില്‍ രണ്ടാമത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് പട്ടികയില്‍ ആറാംസ്ഥാനത്ത്. ഏറ്റവും സമ്പന്നനായ മലയാളിയും യൂസഫലി തന്നെ. 5.8 ബില്യണ്‍ ഡോളറാണ് ആസ്തി. ഇന്ത്യക്കാരായ 9 പേരാണ് പട്ടികയില്‍ ഇടം നേടിയത്. പട്ടികയില്‍ ഏറ്റവും കൂടുതല്‍ സമ്പന്നരുള്ളതും ഇന്ത്യയില്‍ നിന്നാണ്. 49.9 ബില്യണ്‍ ഡോളറാണ് പട്ടികയിലുള്ള ഇന്ത്യന്‍ സമ്പന്നരുടെ ആകെ ആസ്തി. 81 വയസുള്ള ത്രിവേണി ഗ്രൂപ്പ് ചെയര്‍മാന്‍ ധ്രുവ് സാഹ്നിയാണ് പ്രായം കൂടിയ വ്യക്തി. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍വുമണ്‍ രേണുക ജഗതിയാനി (5.6 ബില്യണ്‍ ഡോളര്‍), ആര്‍പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള (4.2 ബില്യണ്‍ ഡോളര്‍), ജെംസ് എഡ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (4 ബില്യണ്‍ ഡോളര്‍), ശോഭ ഗ്രൂപ്പ് സ്ഥാപകന്‍ പിഎന്‍സി മേനോന്‍ (3.9 ബില്യണ്‍ ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഷംഷീര്‍ വയലില്‍ (1.8 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാര്‍.

◾  ഇന്ത്യയില്‍ ഹരിത ഊര്‍ജ മേഖലയില്‍ 100 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ ആപ്പിള്‍. പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനാകും ഈ തുക ചെലവിടുക. ഇന്ത്യയില്‍ നവ ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലീന്‍ മാക്സ് എന്ന കമ്പനിയുമായി ചേര്‍ന്നാകും നിക്ഷേപം നടത്തുക. 150 മെഗാവാട്ട് ഹരിതഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2030-ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ആകാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണിതെന്ന് കമ്പനിയുടെ പരിസ്ഥിതി, വിതരണശൃംഖലാ വിഭാഗം വൈസ് പ്രസിഡന്റ് സാറാ ഷാന്‍ഡ് ലേര്‍ പറഞ്ഞു.

◾  സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'കറുപ്പ്' ചിത്രത്തിന്റെ ഗംഭീര ട്രെയിലര്‍ റിലീസായി. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. കേരളത്തിലെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ഇന്ന് രാത്രി 9 മണി മുതല്‍ ആരംഭിക്കും. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

◾  ടൊവിനോ തോമസും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം 'ഗ്രാസ്യാസ് എല്‍ ക്ലാസിക്കോ' ടൈറ്റില്‍ ലുക്ക് പുറത്ത്. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവില്‍ റയല്‍ - ബാഴ്സ എല്‍ ക്ലാസിക്കോ മത്സരത്തിന്റെ കിക്കോഫിനൊപ്പമാണ് സ്റ്റേഡിയത്തില്‍ നിന്നും കാണികള്‍ക്കൊപ്പമിരുന്ന് തത്സമയം തങ്ങളുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ടൊവിനോയും നസ്രിയയും ചേര്‍ന്ന് നിര്‍വ്വഹിച്ചത്. സ്പാനിഷ് ലാ ലിഗയില്‍ കിരീടം നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായകമായ എല്‍ ക്ലാസിക്കോ പോരാട്ടത്തിന്റെ കിക്കോഫ് ടൈമില്‍ ഒരു മലയാളം സിനിമയുടെ ടൈറ്റില്‍ ലോഞ്ച് തത്സമയം നിര്‍വ്വഹിക്കപ്പെടുന്നു എന്ന അപൂര്‍വ്വതയും ഇതിനുണ്ട്. ഒട്ടേറെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ മുഹ്‌സിന്‍ പരാരിയാണ് സിനിമയുടെ സംവിധായകന്‍. പ്രേക്ഷക പ്രശംസ നേടിയ 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകന്‍ സക്കരിയയുമായി ചേര്‍ന്നാണ് മുഹ്സിന്‍ പരാരി ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

◾  ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ ഓട്ടോമോട്ടീവ് ബ്രാന്‍ഡായി റോയല്‍ എന്‍ഫീല്‍ഡ്. ബ്രാന്‍ഡ് ഫിനാന്‍സ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി 2026 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടൊയോട്ടയ്ക്കും ബിഎംഡബ്ല്യുവിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് റോയല്‍ എന്‍ഫീല്‍ഡ്. ഔഡി നാലാം സ്ഥാനത്തും ഫെറാരി ഏഴാം സ്ഥാനത്തുമാണ്. റോയല്‍ എന്‍ഫീല്‍ഡിന് 100-ല്‍ 88.9 ബ്രാന്‍ഡ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ് സ്‌കോറും എഎഎ റേറ്റിംഗും ലഭിച്ചിട്ടുണ്ട്. ബ്രാന്‍ഡിന്റെ മൊത്തത്തിലുള്ള മൂല്യം 30 ശതമാനം വര്‍ധിച്ച് 1.2 ബില്ല്യണ്‍ ഡോളറിലെത്തി. റോയല്‍ എന്‍ഫീല്‍ഡിന് പുറമെ മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി തുടങ്ങിയ ഇന്ത്യന്‍ ഓട്ടോമോട്ടീവ് ബ്രാന്‍ഡുകളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളില്‍ ടാറ്റ മോട്ടോര്‍സ് അഞ്ചാം സ്ഥാനത്തും മാരുതി സുസുക്കി 34-ാം സ്ഥാനത്തും മഹീന്ദ്ര 25-ാം സ്ഥാനത്തുമാണ്.

◾  സ്നേഹബന്ധങ്ങള്‍ക്കും മനുഷ്യത്വത്തിനും പ്രാധാന്യം നല്‍കുന്ന കഥകള്‍. അവയുടെ സ്നേഹമസൃണം ഇക്കഥകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഒറ്റപ്പെടലുകളില്‍നിന്നും ഉടലെടുക്കുന്ന നിഗൂഢമായ കഥാപരിസരങ്ങള്‍ വായനക്കാരുടെ ഉള്ളിലുള്ള വേദനകളെയും ആഗ്രഹങ്ങളെയും പുനര്‍ജ്ജനിപ്പിക്കുന്നു. സാധാരണ ജീവിതത്തിന്റെ പരിസരങ്ങളിലൂടെ ചെറിയ സംഭവങ്ങള്‍പോലും വലിയ മാനവികസത്യങ്ങളിലേക്ക് നയിക്കുന്ന കഥകള്‍. സഹൃദയലോകത്തെ ദുഃഖിപ്പിച്ചുകൊണ്ട് അകാലത്തില്‍ പൊലിഞ്ഞുപോയ ക്രാന്തദര്‍ശിയും സര്‍ഗ്ഗധനനുമായ സതീഷ്ബാബുവിന്റെ അപ്രകാശിത കഥകളുടെ സമാഹാരം. 'അവര്‍ മൂവര്‍ ഒരു രാത്രി'. ഗ്രീന്‍ ബുക്സ്. വില 119 രൂപ.

◾  പ്രമേഹം നിയന്ത്രിക്കാന്‍ മധുരക്കിഴങ്ങ് സഹായിക്കുമെന്ന പ്രചാരം വിശ്വസിച്ച് ദിവസവും മധുരക്കിഴങ്ങ് കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മധുരക്കിഴങ്ങളില്‍ ധാരാളം നാരുകളും പ്രമേഹരോഗികള്‍ക്ക് ഗുണകരമായ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പറയുന്നത് ശരിയാണ്. എന്നാലില്‍ അന്നജത്തിന്റെ അളവു കൂടുതലാണ്. ഇവ വിഘടിച്ച് ഗ്ലൂക്കോസായി മാറുന്നതിനെ തുടര്‍ന്നു രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും വര്‍ധിക്കും. അതുകൊണ്ട് മധുരക്കിഴങ്ങ് പ്രിയമുള്ളവര്‍ മറ്റു വിഭവങ്ങളോടൊപ്പം ഏറെ ശ്രദ്ധയോടെ മിതമായി കഴിക്കുന്നതാണ് നല്ലത്. ഗ്ലൈസീമിക് ഇന്‍ഡക്സ് 70ല്‍ അധികമാണെങ്കില്‍ പ്രമേഹരോഗികള്‍ ഒഴിവാക്കണം. 56നും 69 നും ഇടയ്ക്കാണെങ്കില്‍ മിതമായ ഗ്ലൈസീമിക് ഇന്‍ഡക്സ് എന്നു പറയുന്നു. 55ല്‍ കുറവാണെങ്കില്‍ കുറഞ്ഞ ജിഐ. ഇതാണ് പ്രമേഹരോഗമുള്ളവര്‍ക്കു നല്ലത്. പാകം ചെയ്യാത്ത മധുരക്കിഴങ്ങിന്റെ ഗ്ലൈസീമിക് ഇന്‍ഡക്സ് 32നും 40നും ഇടയ്ക്കാണ് (കുറഞ്ഞ ജിഐ). എന്നാല്‍ പാചകം ചെയ്യുന്ന രീതിയനുസരിച്ചു മധുരക്കിഴങ്ങിന്റെ ജിഐ മാറും. നന്നായി തിളപ്പിച്ച് വേവിക്കുമ്പോള്‍ ഘടനയില്‍ മാറ്റം വരും. ഫൈബര്‍ നശിച്ചു പോകുന്നില്ല. തൊലിയോടു കൂടി വേവിക്കുന്നതാണ് നല്ലത്. മധുരക്കിഴങ്ങ് തൊലിയോടു കൂടി കഴിക്കുന്നത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.

*ശുഭദിനം*
*കവിത കണ്ണന്‍*
കടല്‍തീരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ചെരുപ്പ് കടലില്‍ പോയി.  അപ്പോള്‍ കുട്ടി കടല്‍തീരത്ത് ഇങ്ങനെ എഴുതി: കടല്‍ കള്ളനാണ്.  മുക്കുവന് മീന്‍ കിട്ടയപ്പോള്‍ അയാള്‍ എഴുതി: കടല്‍ അന്നദാതാവാണ്.   അമ്മയുടെ മകന്‍ കടലില്‍ മരിച്ചപ്പോള്‍ അവര്‍ എഴുതി:  കടല്‍ കൊലയാളിയാണ്.  ഒരു വൃദ്ധന് കടലില്‍ നിന്നും വിലമതിക്കാനാവാത്ത മുത്ത് ലഭിച്ചപ്പോള്‍ അയാള്‍ എഴുതി:  കടല്‍ മഹാദാനിയാണ്.  ഒരു തിരമാല വന്ന് ഇതെല്ലാം മായ്ചുകൊണ്ട് പറഞ്ഞു:   നിങ്ങള്‍ എഴുതിയത് ഒന്നുമല്ല കടല്‍..  തങ്ങളുടെ ചിന്താഗതിക്കും സ്വഭാവത്തിനുമനുസരിച്ചാണ് എല്ലാവരും മറ്റുളളവരുടെ പ്രവര്‍ത്തനങ്ങളെ മാനിക്കുന്നതും, അപമാനിക്കുന്നതും.  ഏത് നന്മചെയ്താലും ഏത് വിശിഷ്ടകര്‍മ്മത്തിലേര്‍പ്പെട്ടാലും അതിഷ്ടപ്പെടാത്ത ഒരു വിഭാഗമുണ്ടാകും. ആള്‍ക്കൂട്ടത്തിന്റെ അനുകൂല സാക്ഷിപത്രത്തിന് കാത്തിരിക്കുന്നവര്‍ക്കെല്ലാം ചില പിഴവുകള്‍ സംഭവിക്കും. അവര്‍ക്ക് പുതുതായി ഒന്നും ചെയ്യാന്‍ സാധിക്കില്ല. അവര്‍ക്ക് എല്ലാവരേയും ഭയമായിരിക്കും.  തങ്ങളുടേതായ ഒരു പാദമുദ്രപോലും പതിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കില്ല.   ആളുകള്‍ പലതും പറഞ്ഞുകൊണ്ടേയിരിക്കും.  ഓരോരുത്തരും തനതു രീതിയില്‍ പെരുമാറുക എന്നതാണ് പരിഹാരം. - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍