മൂല്യബോധമുള്ള തലമുറയ്ക്ക് ധാര്‍മിക-ഭൗതിക സമന്വയ വിദ്യാഭ്യാസം അനിവാര്യം: പി കെ ഫിറോസ് എംഎൽഎ


കോളിക്കല്‍: മൂല്യബോധമുള്ള യുവ തലമുറയെ സൃഷ്ടിക്കാന്‍ ധാര്‍മിക- ഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂടെ മാത്രമേ സാധിക്കൂവെന്നും അതാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും നിയുക്ത എം എല്‍ എ പി കെ ഫിറോസ് പ്രസ്താവിച്ചു. കോളിക്കല്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ കീഴില്‍ സംഘടിപ്പിച്ച ഹാഫിള് കോണ്‍വൊക്കേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണമായി മന:പാഠമാക്കി ഹാഫിളുകളായ അഞ്ചു വിദ്യാര്‍ഥികളെയാണ് ചടങ്ങില്‍ അദരിച്ചത്. കുരിക്കള്‍സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അല്‍ഹിലാല്‍ ട്രസ്റ്റ് സെക്രട്ടറി ഇ വി അബ്ബാസ് സുല്ലമി അധ്യക്ഷത വഹിച്ചു. ഹാദി സയാന്‍ കുനിയില്‍, ഹാദി മുഹമ്മദ് വാഴക്കാട്, ഹാദി റഹ്മാന്‍ എളേറ്റില്‍, ബാസിം ബഷീര്‍ കുനിയില്‍, അവാദ് ഇബ്രാഹിം പുത്തൂര്‍ എന്നീ വിദ്യാര്‍ഥികളെ എഴുത്തുകാരനും പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനുമായ ഡോ. ജമാലുദീന്‍ ഫാറൂഖി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. 
ഇസ്ലാഹീ പണ്ഡിതന്‍ ജൗഹര്‍ അയനിക്കോട് മുഖ്യപ്രഭാഷണം നടത്തി. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മുഹമ്മദ് മോയത്ത്, വാര്‍ഡ് മെമ്പര്‍ വി കെ ജംഷീന, വി കെ ഉനൈസ് സ്വലാഹി, ഐ ക്യു എസ് ആര്‍ ഡയരക്ടര്‍ നൗഷാദ് കാക്കവയല്‍, അദീബ് പൂനൂര്‍, നൗഫല്‍ മൂന്നിയൂര്‍, ജാഫര്‍ കോളിക്കല്‍, നജ്മല്‍ ഒ എം, ഐക്യുഎസ്ആര്‍ ചെയര്‍മാന്‍ എ വി മുഹമ്മദ്, സെക്രട്ടറി വി കെ ജാബിര്‍ പ്രസംഗിച്ചു.
മക്കളും മാതാപിതാക്കളും പരസ്പരം അകന്നു കൊണ്ടിരിക്കുന്ന കാലത്ത് കുട്ടികള്‍ മാതാപിതാക്കള്‍ക്ക് സ്‌നേഹോപഹാരം നല്‍കി ആദരിച്ച അപൂര്‍വ മുഹൂര്‍ത്തത്തിനും ചടങ്ങ് സാക്ഷിയായി. ഹാഫിളുകളായ അഞ്ചു കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് ഉപഹാരം നല്‍കി. 
കൂടാതെ ഖുര്‍ആന്‍ ആസ്വാദനം, രക്ഷിതാക്കളുടെ അനുഭവ വിവരണം, സര്‍ട്ടിഫിക്കറ്റ് വിതരണം, വിവിധ മത്സരങ്ങളിലും പരീക്ഷകളിലും ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം, വിദ്യാര്‍ഥികളുടെ കലാപരിപാടി എന്നിവയും അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍