'പിഎം ശ്രീയിൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുകൊണ്ട് കമ്മിറ്റഡ് ആണ്, അതുവഴി ഫണ്ട് കിട്ടി'; പി കെ കുഞ്ഞാലിക്കുട്ടി


തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ടതുകൊണ്ട് കമ്മിറ്റഡ് ആണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പിഎം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പിട്ടെന്നും അതുവഴി ഫണ്ട് കിട്ടിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപസമിതിയെ നിയോഗിച്ചത് കാര്യങ്ങള്‍ വിശദമായി പഠിക്കാനാണെന്നും ഇനി എന്ത് ചെയ്യാന്‍ പറ്റും എന്ന് നോക്കാനാണ് ഉപസമിതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒപ്പിട്ട് ഫണ്ട് വാങ്ങിക്കഴിഞ്ഞാല്‍ കമ്മിറ്റഡ് ആയെന്നും ഒപ്പിടുന്നതുവരെ ഫണ്ട് റിലീസ് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. കരിക്കുലത്തിന്റെ കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും മന്ത്രി വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയില്‍ ഉപസമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം സമസ്തയുടെ നിലപാട് പറയുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങളും പ്രതികരിച്ചു. പദ്ധതിയുമായി മുന്നോട്ടുപോകും എന്ന് പറഞ്ഞില്ലെന്നും ഭരണത്തില്‍ കയറുമ്പോള്‍ പദ്ധതി നടപ്പാക്കില്ല എന്നാണ് പറഞ്ഞതെങ്കില്‍ അത് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ചരിത്ര സത്യത്തിന് എതിരാണെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിഎം ശ്രീ പദ്ധതി നടപ്പാക്കാനില്ലെന്ന് മുന്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കത്ത് ഇന്ന് പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് പിഎം ശ്രീ നടപ്പാനാകില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ച് കത്ത് അയച്ചിരുന്നു. മുന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി കേന്ദ്രത്തിന് അയച്ച കത്ത് റിപ്പോര്‍ട്ടറിന് ലഭിച്ചു. പിഎം ശ്രീ നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു. ആശങ്ക പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചെന്നും സമിതി റിപ്പോര്‍ട്ട് വരുന്നത് വരെ ധാരണാപത്രവുമായി മുന്നോട്ടുപോകാനാകില്ലെന്നും കത്തില്‍ പറയുന്നു. അതിനാല്‍ പി എം ശ്രീ നടപ്പാക്കുന്നത് താല്‍കാലികമായി നിര്‍ത്തിവെക്കുന്നുവെന്നും മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമേ തുടര്‍ നടപടികള്‍ ആലോചിക്കൂവെന്നുമാണ് കത്തിന്റെ ഉള്ളടക്കം.