മനസ്സിലെ തങ്കത്തിളക്കം; 15 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണ്ണക്കമ്മൽ തിരികെ നൽകി തൊഴിലുറപ്പ് തൊഴിലാളി സരിത
ഉള്ളിയേരി: നഷ്ടപ്പെട്ടുപോയെന്ന് കരുതിയ സ്വത്ത് വർഷങ്ങൾക്ക് ശേഷം തിരികെ ലഭിക്കുക എന്നത് ഏതൊരാൾക്കും അത്ഭുതമാണ്. എന്നാൽ, അങ്ങനെയൊരു അത്ഭുതത്തിനൊപ്പം സമൂഹത്തിന് വലിയൊരു മാതൃക കൂടി സമ്മാനിച്ചിരിക്കുകയാണ് ഉള്ളിയേരിയിലെ ഒരു തൊഴിലുറപ്പ് തൊഴിലാളി. 15 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണ്ണക്കമ്മൽ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകി കോമത്ത് കണ്ടി സ്വദേശിനി സരിത.
ഉള്ളിയേരി–കക്കഞ്ചേരി കോമത്ത് കണ്ടി സ്വദേശിനി സുബൈദയ്ക്കാണ് ഏകദേശം ഒന്നര പതിറ്റാണ്ട് മുമ്പ് സ്വന്തം സ്വർണ്ണക്കമ്മൽ നഷ്ടപ്പെടുന്നത്. എവിടെയാണ് നഷ്ടപ്പെട്ടതെന്ന് പോലും അറിയാത്തതിനാൽ തിരികെ കിട്ടുമെന്ന പ്രതീക്ഷ അവർ എന്നോ ഉപേക്ഷിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം പുനത്തിൽ കണ്ടി രാജേഷിന്റെ ഭാര്യ സരിതയ്ക്ക് തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിൽ നിന്നും ഈ കമ്മൽ അപ്രതീക്ഷിതമായി ലഭിക്കുകയായിരുന്നു. വിലപിടിപ്പുള്ള ആഭരണം കിട്ടിയിട്ടും അത് സ്വന്തമാക്കാൻ ശ്രമിക്കാതെ, സരിത ഉടൻ തന്നെ ഇതിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി. അന്വേഷണത്തിനൊടുവിൽ കമ്മൽ സുബൈദയുടേതാണെന്ന് സ്ഥിരീകരിക്കുകയും, നാട്ടുകാരുടെ സാന്നിധ്യത്തിൽ അവർക്ക് തിരികെ കൈമാറുകയും ചെയ്തു.
അപ്രതീക്ഷിതമായി തന്റെ പഴയ കമ്മൽ തിരികെ കിട്ടിയ സന്തോഷത്തിലാണ് സുബൈദ. ആർത്തിയും സ്വാർത്ഥതയും നിറഞ്ഞ ഇന്നത്തെ കാലത്തും സത്യസന്ധത കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ച സരിതയുടെ ഈ പ്രവൃത്തി എല്ലാവർക്കും വലിയൊരു പ്രചോദനമാണെന്ന് നാട്ടുകാർ പറയുന്നു.
