പ്ലാസ്റ്റിക് നോട്ടുകളിലേക്ക് മാറാൻ ഇന്ത്യ; ആദ്യമെത്തുക ഈ നോട്ടുകൾ: ചൈനയും പാകിസ്താനും വേണ്ട
ന്യൂഡൽഹി: രാജ്യത്തെ കറൻസി രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക്. നിലവിലുള്ള കോട്ടൺ-പേപ്പർ നോട്ടുകൾക്ക് പകരം കൂടുതൽ കാലം ഈടുനിൽക്കുന്ന പ്ലാസ്റ്റിക് (പോളിമർ) നോട്ടുകൾ പുറത്തിറക്കാനുള്ള നടപടികൾ ആർബിഐ വേഗത്തിലാക്കുന്നു. ആർ.ബി.ഐയുടെ കറൻസി പ്രിന്റിംഗ് സബ്സിഡിയറിയായ 'ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ' (BRBNMPL), ഇത്തരം നോട്ടുകൾ അച്ചടിക്കാൻ ആവശ്യമായ സവിശേഷമായ പോളിമർ ഷീറ്റുകൾ വിതരണം ചെയ്യാൻ താല്പര്യമുള്ള ആഭ്യന്തര-ആഗോള നിർമ്മാതാക്കളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ആദ്യ ഘട്ടത്തിൽ മൂല്യം കുറഞ്ഞ 10 രൂപ, 20 രൂപ നോട്ടുകളായിരിക്കും പ്ലാസ്റ്റിക് രൂപത്തിൽ പുറത്തിറങ്ങുകയെന്നാണ് സൂചന. താല്പര്യമുള്ള കമ്പനികൾക്ക് ഓഗസ്റ്റ് 18 വരെ ടെണ്ടർ സമർപ്പിക്കാം. ഏകദേശം ഒരു നൂറ്റാണ്ടോളമായി രാജ്യം പിന്തുടരുന്ന പേപ്പർ കറൻസി രീതിക്ക് വലിയൊരു മാറ്റമായിരിക്കും ഈ നീക്കം.
എന്താണ് പോളിമർ നോട്ടുകൾ?
നിലവിൽ കറൻസി അച്ചടിക്കാൻ ഉപയോഗിക്കുന്ന കോട്ടൺ-പൾപ്പ് പേപ്പറിന് പകരം പ്രത്യേക തരം പ്ലാസ്റ്റിക് സബ്‌സ്‌ട്രേറ്റ് (Polymer Substrate) ഉപയോഗിച്ച് നിർമ്മിക്കുന്ന നോട്ടുകളാണിവ. ഓസ്‌ട്രേലിയയിലാണ് ഈ സാങ്കേതികവിദ്യ ആദ്യമായി വികസിപ്പിച്ചത്. നിലവിൽ യുകെ, കാനഡ, ന്യൂസിലൻഡ്, സിംഗപ്പൂർ തുടങ്ങിയ നിരവധി രാജ്യങ്ങൾ പോളിമർ നോട്ടുകൾ വിജയകരമായി ഉപയോഗിക്കുന്നുണ്ട്.
പ്ലാസ്റ്റിക് നോട്ടുകളുടെ സവിശേഷത
സാധാരണ പേപ്പർ നോട്ടുകളേക്കാൾ രണ്ടിരട്ടി മുതൽ അഞ്ചിരട്ടി വരെ കൂടുതൽ കാലം ഇവ കേടുപാടുകൂടാതെ നിലനിൽക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വെള്ളം, ഈർപ്പം, അഴുക്ക് എന്നിവയെ പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിയും. എത്ര കൈമറിഞ്ഞാലും പെട്ടെന്ന് കീറിപ്പോകുകയുമില്ല. കൂടുതൽ കാലം വിപണിയിൽ നിലനിൽക്കുന്നതിനാൽ, അടിക്കടി നോട്ടുകൾ മാറ്റി അച്ചടിക്കുന്നതിനുള്ള ഭീമമായ ചെലവും സർക്കാരിന് ലാഭിക്കാം.
