ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി 7 വർഷത്തിന് ശേഷം പിടിയിൽ
താമരശ്ശേരി: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഏഴ് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ താമരശ്ശേരി ചമലിൽ നിന്ന് പോലീസ് പിടികൂടി. കണ്ണൂർ പുളിങ്ങോം പാലാന്തടം സ്വദേശിയായ ശരത് എന്ന കണ്ണൻ (27) ആണ് അറസ്റ്റിലായത്. കണ്ണൂർ ചെറുപുഴ സി.ഐ ജോബി കെ.ജെ, എസ്.ഐ ക്ലിന്റു മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
2018-ൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായിരുന്ന ഇയാൾ, ജാമ്യം ലഭിച്ചതോടെ നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. കുറച്ചുകാലം ചെന്നൈയിൽ ജോലി ചെയ്ത ശേഷം കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചമൽ വള്ളുവർകുന്ന് ഭാഗത്ത് എത്തി. ഇവിടെ ഒരു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ഇയാൾ, കേസിന്റെ വിവരങ്ങളെല്ലാം മറച്ചുവെച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി സ്വന്തം പേരിൽ മൊബൈൽ ഫോണോ സാമൂഹിക മാധ്യമ അക്കൗണ്ടുകളോ ഉപയോഗിക്കാതിരുന്ന പ്രതി, ബന്ധുക്കളുമായും യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. ഇത് അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ പ്രതി സഞ്ചരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് കഴിഞ്ഞ രണ്ട് വർഷമായി രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിലാണ് ഇയാൾ ചമൽ ഭാഗത്ത് താമസിക്കുന്നതായി പോലീസിന് സൂചന ലഭിച്ചത്. ദിവസങ്ങളോളം പ്രദേശം നിരീക്ഷണത്തിലാക്കിയ പോലീസ്, കഴിഞ്ഞ ദിവസം രാത്രിയോടെ പ്രതിയെ വളഞ്ഞ് പിടികൂടുകയായിരുന്നു. എ.സി.പി.ഒ മാരായ അഭിലാഷ്, അഷറഫ്, ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
