കേന്ദ്ര നയങ്ങൾക്കെതിരെ കിസാൻ സഭ താമരശ്ശേരി പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി


താമരശ്ശേരി: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും കർഷക പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടും അഖിലേന്ത്യാ കിസാൻ സഭ (AIKS) താമരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എ.ഐ.കെ.എസ് സംസ്ഥാന പ്രസിഡന്റ് എ. പ്രദീപൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

​രാവിലെ 10 മണിക്ക് താമരശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു. കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധനയങ്ങൾ പിൻവലിക്കുക, രാസവളങ്ങളുടെയും കീടനാശിനികളുടെയും വിലവർദ്ധനവ് പിൻവലിക്കുക, കർഷകർക്ക് ആവശ്യത്തിന് വളം ലഭ്യമാക്കുക, ക്ഷീരമേഖലയെ സംരക്ഷിക്കുക, കർഷകരെ വലയ്ക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

​എൻ. മുരളി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗങ്ങളായ മോഹൻ മാസ്റ്റർ മുക്കം, ഷാജു ചൊള്ളാമഠം, സുരേന്ദ്രൻ മടവൂർ, പി. കെ. കണ്ണൻ, ടി. എം. പൗലോസ് എന്നിവർ സംസാരിച്ചു. വാഹിദ് നന്ദി പറഞ്ഞു.