കോഴിക്കോട് കൊല്ലഗൽ ദേശീയ പാത വികസനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി.
താമരശ്ശേരി: കോഴിക്കോട് വയനാട് കൊല്ലഗൽ ദേശീയ പാത വികസനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമന്ന് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ പാത 766 കോഴിക്കോട് മലാപറമ്പ് മുതൽ മുത്തങ്ങവരെ കൊടുവള്ളി, താമരശ്ശേരി , താമരശ്ശേരി ചുരം, മീനങ്ങാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ബൈപാസ് നിർമിച്ച് നാലുവരി പാതയാക്കി നവീകരിക്കാനുള്ള പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. ഈ നവീകരണ പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നതിന് നേരത്തെ നൽകിയ ടെൻഡർ ഒഴിവാക്കി നാഷനൽ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ടെൻഡർ ക്ഷണിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികൾ സ്വീകരിക്കാതെ കിടക്കുകയാണ്. ദേശീയ പാത കോഴിക്കോട് മുതൽ വയനാട് വരെ ഗതി തിരിച്ചു വിടുന്നതിനുള്ള അണിയറ നീക്കത്തിൻ്റെ ഭാഗമായാണ് ഈ വികസന പദ്ധതി അട്ടിമറിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. ചുരത്തിലെ യാത്ര പ്രശ്നത്തിന് ഏക പരിഹാരമായ വയനാട്
ബൈപാസ് [ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ ] ഈ നവീകരണ പ്രവർത്തിയിലുടെ യാഥാർഥ്യമാവുന്ന സാഹചര്യത്തിൽ ഡിപിആർ തയാറാക്കി പ്രവൃത്തി എത്രയും വേഗം ആരംഭിക്കണമന്ന് യോഗം കേന്ദ്ര-സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഓഗസ്റ്റ് ആദ്യവാരം കോഴിക്കോട് ദേശീയ പാത ഓഫിസിന് മുന്നിൽ ബഹുജന ധർണ
സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. അടുത്ത ദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കും. കോഴിക്കോട് വയനാട് ജില്ലയിൽ ഈ ദേശീയ പാത കടന്നുപോവുന്ന പ്രദേശത്തെ എംപി, എംഎൽഎമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ ദേശീയ പാത വികസനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ രംഗത്ത് വരണം. യോഗത്തിൽ ആക്‌ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു. വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് ജോണി പാറ്റാനി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ ടി.ആർ.ഒ. കുട്ടൻ, വി.കെ. മൊയ്തു മുട്ടായി , ഗിരീഷ് തേവള്ളി, റജി താമരശ്ശേരി , റാഷി താമരശ്ശേരി, സൈത് തളിപ്പുഴ, റസാഖ് കൽപറ്റ, വി.കെ. അഷ്റഫ് , പി.കെ. അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു
