കട്ടിപ്പാറയിൽ കാട്ടുപന്നി ശല്യം രൂക്ഷം: വിളവെടുപ്പിന് പാകമായ 250 മൂട് കപ്പ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു
കട്ടിപ്പാറ: ഗ്രാമപഞ്ചായത്തിലെ പിലാകണ്ടിയിൽ കാട്ടുപന്നിക്കൂട്ടം വൻതോതിൽ കൃഷി നശിപ്പിച്ചു. രണ്ടാം വാർഡ് നിവാസിയായ കർഷകൻ ആലി വി.എം. പിലാകണ്ടിയുടെ വിളവെടുപ്പിന് പാകമായ 250-ഓളം മൂട് കപ്പയാണ് ഇന്നലെ രാത്രിയിൽ കാട്ടുപന്നികൾ നശിപ്പിച്ചത്.
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം അതീവ രൂക്ഷമായി തുടരുകയാണ്. കൃഷിനാശം സംഭവിച്ച കപ്പത്തോട്ടം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സഫിയ അബൂബക്കർ, കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ, പൊതുപ്രവർത്തകൻ സി.എം. അസീസ് എന്നിവർ സന്ദർശിച്ചു.
പ്രദേശത്ത് വർദ്ധിച്ചുവരുന്ന മൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും, വലിയ സാമ്പത്തിക നഷ്ടം സംഭവിച്ച കർഷകന് ഉടൻ അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ജനപ്രതിനിധികളും കർഷക കൂട്ടായ്മയും ആവശ്യപ്പെട്ടു
