ചമലിൽ വീട്ടിൽക്കയറി യുവാവിന്റെ ആക്രമണം; കാറിന് തീവെപ്പ്, സ്ത്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം
താമരശ്ശേരി: താമരശ്ശേരി ചമലിൽ അർധരാത്രിയിൽ വീട്ടിൽക്കയറി യുവാവ് നടത്തിയ ആക്രമണത്തിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയും വീട്ടമ്മയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയും ചെയ്തു. ചമൽ അംബേദ്കർ ഗ്രാമത്തിലെ കോപ്പുഴ ജോമോന്റെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം.
കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വീട്ടുകാരെ വിളിച്ചുണർത്തിയതോടെയാണ് തീപിടുത്ത വിവരം അറിഞ്ഞത്. തുടർന്ന് വീട്ടുകാരും സമീപവാസികളും ചേർന്ന് വെള്ളമൊഴിച്ച് തീ അണച്ച് വൻ ദുരന്തം ഒഴിവാക്കി.
ഇതിനിടെ വീടിന് സമീപത്തെ റോഡിലൂടെ നടന്നുവന്ന യുവാവ് താനാണ് കാറിന് തീയിട്ടതെന്ന് സമ്മതിച്ചതായും, കൈവശമുണ്ടായിരുന്ന കുപ്പിയിലെ ബാക്കി പെട്രോൾ ജോമോന്റെ ഭാര്യ ഷീബയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്. ഈ സമയം ജോമോനും നാട്ടുകാരും ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം താമരശ്ശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കാരപ്പറ്റ പുറായിൽ അർജുനനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയുമായി യാതൊരു മുൻവൈരാഗ്യവും ഇല്ലെന്നും, റോഡിൽ കാണുന്ന പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്നും ജോമോനും ഭാര്യ ഷീബയും പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
