പള്ളികൾ കേന്ദ്രീകരിച്ച് മോഷണം; പ്രതി പിടിയിൽ
കോഴിക്കോട്: പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിവരുന്ന നൂറോളം കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരി മലവയൽ തൊവരിമല മൂർക്കൻ വീട്ടിൽ ഷംസാദ് (39) ആണ് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലിയുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഫറോക്ക് എസിപി പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ബേപ്പൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ജൂൺ 26-ാം തിയ്യതി ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മദ്രസ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സംഘം ഓഫീസിൽ മോഷണം നടന്നിരുന്നു. കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച പതിനായിരം രൂപയാണ് കാണാതായത്. ഈ കേസിലെ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് എത്തിയത്.
രണ്ട് മാസം മുമ്പാണ് ഷംസാദ് ജയിൽ മോചിതനായത്. അതിന് ശേഷം വിവിധ ജില്ലകളിലായി പതിനഞ്ചിലധികം സ്ഥലങ്ങളിൽ പള്ളികളിലെ നേർച്ചപ്പെട്ടികളും, സ്കൂൾ ഓഫീസുകളും കവർച്ച നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളാണ് പ്രതിക്കെതിരെയുള്ളത്. വിശദമായ ചോദ്യം ചെയ്യലിൽ പതിനഞ്ചിലധികം പുതിയ മോഷണക്കേസുകൾക്കും തുമ്പുണ്ടായതായി പോലീസ് അറിയിച്ചു. വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകൾ ഇയാളെ തിരയുന്നതിനിടയിലാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിൻ്റെ വലയിലാവുന്നത്.
ക്രൈം സ്ക്വാഡ് അംഗങ്ങളായ അബ്‌ദുഹ്മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം ബേപ്പൂർ സ്റ്റേഷൻ ഇൻസ്പെക്ടർ സുഭാഷ്, എസ്ഐമാരായ വിനോദ് കുമാർ, ഷാജു, ഷബീർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
