കട്ടിപ്പാറ ഹോളി ഫാമിലിയിൽ യുദ്ധത്തിനും ലഹരിക്കുമെതിരെ സമാധാന ചങ്ങല
കട്ടിപ്പാറ: ഹിരോഷിമ ദിനാചരണത്തിന്റെയും ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുടെയും ഭാഗമായി ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറയിൽ യുദ്ധത്തിനും ലഹരിക്കുമെതിരെ സമാധാന ചങ്ങല സംഘടിപ്പിച്ചു. ലോകസമാധാനത്തിന്റെയും ലഹരിമുക്ത സമൂഹത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചാണ് വിദ്യാർഥികളും അധ്യാപകരും കൈകോർത്തത്.
"യുദ്ധമല്ല, സമാധാനമാണ് നമ്മുടെ ശക്തി", "ലഹരിയല്ല, ജീവിതമാണ് നമ്മുടെ തിരഞ്ഞെടുപ്പ്" എന്നീ സന്ദേശങ്ങളുയർത്തി വിദ്യാർഥികൾ സമാധാന പ്രതിജ്ഞയും ലഹരിവിരുദ്ധ പ്രതിജ്ഞയും ഏറ്റുചൊല്ലി. സമൂഹത്തിൽ സമാധാനവും മാനവിക മൂല്യങ്ങളും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത പരിപാടിയിൽ ഓർമ്മിപ്പിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീമതി ബെസ്സി കെ.യു സന്ദേശം നൽകി. നല്ലപാഠം കോഡിനേറ്റർമാരായ സിന്ധു മാത്യു, ട്രിഫ്റ്റി സെബാസ്റ്റ്യൻ എന്നിവർ പരിപാടി ഏകോപിപ്പിച്ചു. വിദ്യാർഥി പ്രതിനിധികളായ അൻഷിൽ പ്രദീപ്, അമയ അന്ന ഇമ്മാനുവൽ സമാധാന സന്ദേശം അവതരിപ്പിച്ചു.
