കൂടത്തായി സെന്റ് മേരീസ് സ്കൂളിൽ വീണ്ടും റാഗിങ്; ഒമ്പതാം ക്ലാസുകാരന് മർദനമേറ്റതായി പരാതി

 താമരശ്ശേരി;കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വീണ്ടും റാഗിങ്ങെന്ന് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് മർദനമേറ്റെന്നാണ് പരാതി. സംഭവത്തെത്തുടർന്ന് കുറ്റക്കാരായ നാല് പത്താം ക്ലാസ് വിദ്യാർഥികളെ സ്കൂൾ മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു. ശുചിമുറിയുടെ സമീപത്തുവെച്ച് മുതിർന്ന വിദ്യാർഥികൾ തടഞ്ഞുവെച്ച് ഷർട്ടിന്റെ കൈ മടക്കിവെപ്പിക്കുകയും കോളർ പൊക്കി വെപ്പിക്കുകയും ചെയ്തതായി കുട്ടി പറയുന്നു.

കളർ ഡ്രസ്സ് ഇട്ടതാവാം റാ​ഗിങിന് കാരണമെന്നും കുട്ടി പറയുന്നു. ശരീരത്തിൽ സ്റ്റിക്കർ ഒട്ടിച്ച ശേഷം അത് മായ്ക്കണമെങ്കിൽ 200 രൂപ ഫൈൻ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറയുന്നു.

ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദ്യാർഥികളുടെ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായും, വഴിയേ നടന്നുപോകുമ്പോൾ കളിയാക്കലുകൾ നേരിടേണ്ടി വന്നതായും ഒടുവിൽ ഭയം മൂലം പണം നൽകിയാണ് സ്റ്റിക്കർ ഇളക്കിമാറ്റിയതെന്നും അധ്യാപകരോട് പരാതിപ്പെട്ടിട്ടും കാര്യമായ നടപടിയൊന്നുമുണ്ടായില്ലെന്നും, ഇതോടെ സ്കൂളിൽ പോകാൻ തന്നെ ഭയമാണെന്നും കുട്ടി പറയുന്നു.

മുമ്പും സമാന രീതിയിൽ റി​ഗിങ് പരാതികൾ സ്കൂളിനെതിരെ ഉയർന്നിരുന്നു. വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചെന്നായിരുന്നു അന്നത്തെ പരാതി. സംഭവത്തിൽ രണ്ട് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിൽ വിദ്യാർഥിനികൾ തമ്മിൽ തർക്കമുണ്ടായതായിരുന്നു സംഭവത്തിന് കാരണം.