കൂടത്തായി സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് നേരെ സീനിയർ വിദ്യാർത്ഥിനികളുടെ ക്രൂരമർദ്ദനം; രണ്ടുപേർക്ക് സസ്പെൻഷൻ
താമരശ്ശേരി: കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിൽ ജൂനിയർ വിദ്യാർത്ഥിനികൾക്ക് നേരെ സീനിയർ വിദ്യാർത്ഥിനികളുടെ ക്രൂരമർദ്ദനം. ഓണാഘോഷത്തോടനുബന്ധിച്ച് കളർ കോഡ് ഡ്രസ് ധരിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഹിബാ ഫാത്തിമയ്ക്കും (14) തടയാൻ ശ്രമിച്ച മറ്റ് മൂന്ന് സഹപാഠികൾക്കും പരുക്കേറ്റു.
സംഭവം പുറത്തുപറയുമെന്ന് മുന്നറിയിപ്പ് നൽകിയതിലുള്ള പ്രതികാരമായാണ് ആക്രമണം നടന്നതെന്ന് പരാതിയിൽ പറയുന്നു.
സ്കൂളിലെ ശുചിമുറിക്ക് സമീപത്തേക്ക് ബലമായി വലിച്ചിഴച്ചു കൊണ്ടുപോയി കൈകൊണ്ടും കല്ലുകൊണ്ടും മുഖത്തടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്യുകയായിരുന്നു. പരുക്കേറ്റ കൊടുവള്ളി മുടൂർ മേപ്പള്ളി സ്വദേശിനിയായ ഹിബയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ ഉൾപ്പെട്ട പത്താം ക്ലാസിലെ രണ്ട് വിദ്യാർത്ഥിനികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.
മുമ്പും സ്കൂൾ റോഡിൽ വെച്ച് എട്ടും ഒൻപതും ക്ലാസുകളിലെ കുട്ടികൾക്ക് നേരെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ മർദ്ദനമേറ്റിട്ടുള്ളതായി പരാതിയുണ്ട്. പെൺകുട്ടിയുടെ കുടുംബം കോടഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
