വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറച്ചാൽ കനത്ത പിഴ: കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: റോഡപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ തിരിച്ചറിയുന്നത് തടസ്സപ്പെടുത്തുന്ന രീതിയിൽ റജിസ്ട്രേഷൻ നമ്പർ മറയ്ക്കുകയോ വികൃതമാക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്. പരിശോധനകളിൽ ഇത്തരം ലംഘനങ്ങൾ വ്യാപകമായി കണ്ടെത്തതിനെ തുടർന്നാണ് നടപടി കടുപ്പിക്കുന്നത്. നിയമലംഘനം നടത്തുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 3000 രൂപയും മീഡിയം, ഹെവി വാഹനങ്ങൾക്ക് 5000 രൂപയുമാണ് പിഴ ഈടാക്കുന്നത്.
വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ താഴെ പറയുന്നവയാണ്:
- രൂപമാറ്റവും മറയ്ക്കലും: നമ്പർ പ്ലേറ്റുകൾ അഴിച്ചുമാറ്റുക, വളച്ചുവെക്കുക, ഒരു ഭാഗം മുറിച്ചു കളയുക, മടക്കിവെക്കാവുന്ന രീതിയിൽ വിചാഗിരി ഘടിപ്പിക്കുക.
- സാങ്കേതിക നിയമലംഘനങ്ങൾ: ക്യാമറയിൽ പതിയാതിരിക്കാൻ പ്രത്യേക മെറ്റീരിയലുകൾ ഉപയോഗിക്കുക, റിമോട്ട് കവറുകൾ ഉപയോഗിക്കുക, അക്കങ്ങൾക്ക് മേൽ സ്റ്റിക്കറുകൾ ഒട്ടിക്കുക.
- പ്ലേറ്റ് മാറ്റിസ്ഥാപിക്കൽ: ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് (HSRP) മാറ്റി സാധാരണ പ്ലേറ്റുകൾ ഘടിപ്പിക്കുക, അനാവശ്യമായ ചിത്രങ്ങളോ എഴുത്തുകളോ ഒട്ടിക്കുക.
- നിറങ്ങളിലെ ക്രമക്കേട്: ടെമ്പററി റജിസ്ട്രേഷൻ, ഇലക്ട്രിക് (EV), ട്രാൻസ്പോർട്ട് വാഹനങ്ങളിൽ നിശ്ചിത മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി തെറ്റായ നിറത്തിലും ഫോണ്ടിലും നമ്പറുകൾ എഴുതുക.
ഇത്തരം തട്ടിപ്പുകൾ കാരണം ഹിറ്റ് ആൻഡ് റൺ കേസുകളിലും മറ്റ് അപകടങ്ങളിലും പെടുന്ന വാഹനങ്ങളെ തിരിച്ചറിയാൻ കഴിയാതെ വരുന്നു. ഇത് ഗുരുതരമായ സുരക്ഷാ ഭീഷണി ഉയർത്തുന്നതിനൊപ്പം, അപകടത്തിൽപ്പെടുന്ന ഇരകൾക്ക് അർഹമായ ഇൻഷുറൻസ് ആനുകൂല്യങ്ങളും നഷ്ടപരിഹാരവും ലഭിക്കാതിരിക്കാനും കാരണമാകുന്നുണ്ടെന്ന് എം.വി.ഡി അറിയിച്ചു. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
